Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണിയപ്പ പ്രിയൻ കൊട്ടാരക്കര ഗണപതി

കൊട്ടാരക്കര ഗണപതി കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

ഉത്സവ ദിനങ്ങൾക്ക്‌ നിറങ്ങൾ കൂടുതലാണ്. വിദൂരങ്ങളിൽ നിന്നുള്ളവർ വരെ ആരാധനാ മൂർത്തിയെ കണ്ടു തൊഴുതു ദർശനം വാങ്ങാൻ കാത്തിരിക്കുന്ന ദിനങ്ങൾ. ഉത്സവം എന്നാൽ അതുകൊണ്ട് തന്നെ കൂട്ടായ്മയുടെയും ദിനങ്ങളാകുന്നു. പ്രത്യേകിച്ച് തെക്കൻ ദേശക്കാർക്ക് ഉത്സവ ദിനങ്ങളിലെ ഈ കൂട്ടായ്മ ഒഴിച്ച് കൂടാനാകാത്തതാണ്. നാട്ടിലെ ഉത്സവത്തിനു എത്തിയില്ലെങ്കിൽ പിന്നെ എന്ത് രസം, എന്നാണു ചോദ്യം പോലും. ഓണം പോലും ഒരുപക്ഷേ ഇത്തരം ഉത്സവങ്ങളുടെ മുന്നിൽ നിറങ്ങൾ കെട്ടു നിൽക്കും. കൊട്ടാരക്കര ഗണപതിയുടെ അമ്പലത്തിലെ ഉത്സവ ദിനത്തെ കുറിച്ചാണെങ്കിൽ പറയണ്ട, നാട്ടുകാരും ഗണപതി ഭക്തരും ഒന്നിച്ചാഘോഷിയ്ക്കുന്ന ദിനങ്ങളാണ് അവ. 

കൊട്ടാരക്കര ഗണപതി

കഥകളിയ്ക്ക് പേരു കേട്ട മണ്ണിൽ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം നിലകൊള്ളുന്നത് തലയെടുപ്പോടെയാണ്. ഐതിഹ്യപരമായ  കഥകളുടെ വലിയൊരു ഭണ്ഡാരം ഇവിടുത്തെ ഓരോ നാട്ടുകാരന്റെയും നാവിൻ തുമ്പിലുണ്ട്‌. പ്രധാന പ്രതിഷ്ഠ മഹാദേവനാനെങ്കിലും ഗണപതി പ്രധാനിയായതിന്റെ കഥ. കൊട്ടാരക്കരയിൽ തന്നെയുള്ള ചരിത്ര പ്രധാനമായ പടിഞ്ഞാറേ മഹാദേവ ക്ഷേത്രത്തിലെ പ്രധാന തച്ചൻ കേൾവികേട്ട പെരുന്തച്ചനായിരുന്നു എന്ന് ചരിത്രം പറയുന്നു. അന്ന് ഇളയിടത് രാജ കുടുംബത്തിന്റെ ക്ഷേത്രമായിരുന്നു പടിഞ്ഞാടിങ്കര ക്ഷേത്രം. ക്ഷേത്രത്തിന്റെ പണികൾക്കിടയിൽ അവിടെ കിടന്ന പ്ലാവിന്റെ തടിയിൽ ശിപ്ല ഭംഗി കണ്ട തച്ചൻ അതിനെ ചെത്തി മിനുക്കി അതി മനോഹരമായ ഒരു ശിൽപ്പമാക്കി. തുടർന്ന് അത് പ്രതിഷ്ടിക്കാൻ ഇടം തിരഞ്ഞെങ്കിലും പടിഞ്ഞാറ്റിൻ കരയിൽ അത് ഉറപ്പിയ്ക്കാൻ പെരുന്തച്ചന് അനുമതി ലഭിച്ചില്ല തുടർന്ന് അടുത്തുള്ള ശിവക്ഷേത്രത്തിൽ അത് അദ്ദേഹം പ്രതിഷ്ടിക്കുകയും ചെയ്തു. ഇന്നും അതുകൊണ്ട് തന്നെയാകണം കൊട്ടാരക്കര എന്ന് പേരു കേൾക്കുമ്പോൾ ആളുകൾ ആദ്യം ചോദിയ്ക്കുന്നത് ഗണപതിയുടെ പേരു തന്നെയാണു. 

ഉണ്ണിയപ്പ പ്രിയൻ 

ഉണ്ണികൾക്ക് ഉണ്ണിയപ്പത്തിനോട് പ്രിയമില്ലാതെ വരുകയോ? അങ്ങനെ ഒരിക്കലുമില്ലല്ലോ. സാധാരണ ഗണപതിയുടെ പ്രധാന നിവേദ്യം മോദകമാണെങ്കിലും കൊട്ടാരക്കരയിൽ ഇത് ഉണ്ണിയപ്പമാണ്. പണ്ട് പുറത്തു ചുറ്റമ്പലം ഉണ്ടായിരുന്ന സമയത്ത് അവിടെ ആയിരുന്നു ഉണ്ണിയപ്പം ഉണ്ടാക്കിക്കൊണ്ടിരുന്നത് പിനീട് ക്ഷേത്രം ഉടച്ചു വാർത്തപ്പോൾ ഗണപതിയുടെ തൊട്ടു മുന്നിൽ മാത്രമായി അപ്പ നിർമ്മാണം. ഇതിനു കൃത്യമായ കണക്കുകളും രീതികളുമുണ്ട്, അതുകൊണ്ട് തന്നെയാകുമല്ലോ അപ്പത്തിനു ഇത്ര കേൾവി കേൾക്കുന്നതും. ഗണപതിയുടെ വാത്സല്യത്തിന്റെ സ്നേഹം ഉണ്ണിയപ്പത്തിന്റെ മധുരമായി ഭക്തരിലേക്ക് എത്തുമ്പോൾ മനം നിറയാത്ത ആരുമില്ല. 

കൊട്ടാരക്കര ഗണപതി

ഗണപതിയെ പ്രതിഷ്ടിക്കുമ്പോൾ ശിവന് ഉണ്ണിയപ്പ നിവെദ്യമുണ്ടാക്കി കൊണ്ടിരുന്ന പൂജാരി അതിൽ നിന്ന് കുറച്ചെടുത്താണ് പ്ലാവിൻ തടിയിലെ ഗണപതിയ്ക്ക് ആദ്യ നിവേദ്യം അർപ്പിയ്ക്കുന്നത്. പിന്നീട് അത് തന്നെയായി ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടു. ഉദയാസ്തമയ പൂജയാണ് ഇവിടുത്തെ ഏറ്റവും പ്രാധാന്യമേറിയ വഴിപാടും. എന്നാൽ ഉദയാസ്തമയ ദിവസങ്ങളിൽ പകൽ സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിൽ നിന്ന് ഉണ്ണിയപ്പം വാങ്ങാൻ കഴിയില്ല. അതിനാൽ എല്ലാ ദിവസവും ഈ വഴിപാടു ഉണ്ടാവുകയുമില്ല. പക്ഷേ വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾ നടത്തിയാണ് പല ഭക്തരും തങ്ങൾക്കു കിട്ടിയ വഴിപാടു ദിവസത്തെ വരവേൽക്കുന്നത്. 

ഉത്സവ ദിനങ്ങളിലെയ്ക്ക് കൺതുറക്കുന്ന നാട്

മേടതിരുവാതിരയും അതിനെ ചുറ്റിയുള്ള ദിനങ്ങളും കൊട്ടാരക്കാർക്ക് ഉത്സവതിന്റെതാണ്. ആഘോഷ സമൃദ്ധമാർന്ന രാവുകൾ. കഥകളിയുടെ മണ്ണിൽ കഥകളി, നൃത്തങ്ങൾ, സംഗീത കച്ചേരികൾ, കോടി തോരണങ്ങളും ദീപ പ്രഭയും. ആഘോഷങ്ങളിൽ മുങ്ങി നിൽക്കുന്ന രാവുകൾ. 

കഥകളി പോലെയുള്ള കലകളെ വളരെ ആഴത്തിൽ ആസ്വദിയ്ക്കുന്നവർ ഇവിടെയുണ്ട്. പണ്ടൊക്കെ നീളമുള്ള ഒരു വിരിപ്പോ പായോ കൊണ്ടാവും കളി കാണാൻ ഉത്സവ രാവിൽ പലരും എത്തുക. ഒരു കഥ കഴിഞ്ഞാൽ വേണമെങ്കിൽ ഒന്ന് മയങ്ങാം. അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ഭാഗം വരുമ്പോൾ ഒന്ന് കണ്ണടയ്ക്കാം. മനോധർമ്മം മനസ്സിലാകാത്തവർക്ക് ആ സമയത്തുമാകാം. പക്ഷേ മുഴുവൻ കഥയും മനസ്സിലാക്കി വെളുപ്പാൻ കാലം വരെ ഇരുന്നിരുന്നവർ പണ്ടും ഇപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെയാണല്ലോ കഥകളിയുടെ നാടായി ഇവിടം അറിയപ്പെടുന്നതും. 

പത്തു ദിവസത്തെ പരിപാടികളിൽ ഉറപ്പായും ഒരു പ്രശസ്ത വ്യക്തിയുടെ കലാ വിരുന്നു എന്തായാലും ഉണ്ടാകും. കൊട്ടാരക്കരക്കാരുടെ അവകാശമായി തന്നെ അത് മാറി കഴിഞ്ഞിരിയ്ക്കുന്നു. വർഷങ്ങളായി ഒരു ആചാരം പോലെ അത് നടന്നു പോരുന്നു. യേശുദാസ് മുതൽ മഞ്ജു വാരിയർ വരെ ഈ വേദിയിൽ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി ആടി തീർത്തിട്ടുണ്ട്. 

ഭക്തിഗാനങ്ങളുടെ സുഖം

ഭക്തി ഗാനങ്ങളുടെ സുഖവും സാന്ദ്രതയും നന്നായി അറിയണമെങ്കിൽ ഉത്സവക്കാലം എത്തണം. ദൂരങ്ങളിൽ പോലും ഉയർന്ന മരക്കൊമ്പുകളിൽ ഇരുന്ന ഉച്ചഭാഷിണികൾ പാടുന്നുണ്ട്. സിനിമാ പാട്ടുകൾ പോലെയല്ലാതെ ആർദ്രമായ സുഖമുള്ള പാട്ടുകൾ. പ്രശസ്തമായ പല ഭക്തി ഗാനങ്ങളും ഒന്നിച്ചു കേൾക്കുക ഉത്സവ ദിനങ്ങളിൽ തന്നെയാണു. കാലങ്ങൾ കഴിഞ്ഞും മനസ്സിൽ നിന്ന് മായാതെ അത്തരം എത്ര ഭക്തി ഗാനങ്ങൾ ഇപ്പോഴും ആത്മാവിനെ ആർദ്രമാക്കുന്നു. പിന്നീടൊരിക്കൽ പോലും കേട്ടിട്ടില്ലെങ്കിലും ഒറ്റ കേൾവിയിൽ പിന്നീടൊരു ഓർമ്മപ്പെടുത്തൽ വേണ്ടാത്ത വിധത്തിൽ ഭക്തി ഗാനങ്ങൾ ഹൃദയത്തെ തണുപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. 

അവധിയുടെ തുടി താളം

വെക്കേഷൻ കാലത്തിന്റെ മാമാങ്കം ഏതാണ്ട് മിക്കപ്പോഴും അവസാനിച്ചിരുന്നത് മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടെ തന്നെയായിരുന്നു. രാത്രിയിലെ ദീപ കാഴ്ചകളും കണ്ടു കയ്യിലെ അവശേഷിച്ച ഐസ്ക്രീം കപ്പുകളിൽ കൊതിയോടെ നോക്കിയിരുന്നു അമ്പലക്കുളത്തിലെ ദീപ കാഴ്ചകളിൽ കണ്ണുകൾ വികസിപ്പിച്ച്, ഏതൊരു കുട്ടിയെയുമെന്ന പോലെ ബാല്യ കാലം. ഗണപതി ക്ഷേത്രമെന്നാൽ ഉണ്ണിയപ്പത്തിന്റെ ഗന്ധമാണ്. അടുത്ത് വരുമ്പോഴേ കഴിച്ചിട്ട് പൊക്കോളൂ എന്ന് സ്നേഹത്തോടെ ശാസിയ്ക്കുന്ന ഉണ്ണിഗണപതിയുടെ മുഖം മനസ്സിൽ തെളിഞ്ഞു കിടക്കുന്നു. എത്ര വർഷങ്ങൾ കഴിഞ്ഞാലും മായാതെ മറയാതെ ഈ ഉത്സവ ദിനത്തിലും ആ സ്നേഹം നിറഞ്ഞൊഴുകുന്നു. മുന്നിലെത്തുമ്പോൾ സങ്കടക്കടലുകൾ അകറ്റുന്ന ചൈതന്യമാർന്ന വിഗ്രഹം തണുപ്പിയ്ക്കുന്നു. ഓർമ്മകളിൽ വീണ്ടും ഗന്ധങ്ങൾ നിറയുന്നു.

Your Rating: