Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധർമത്തോടു കൂട്ടായ പ്രതിരോധം

ramayanam-image-and-swamy-udith-chaithanya

എല്ലായിടത്തും എന്തോ തകർച്ച നേരിടുന്നുവെന്നു തോന്നുന്ന കാലമാണിത്. വ്യക്തിബന്ധങ്ങളിലും സമൂഹത്തിലും കുടുംബങ്ങളിലുമെല്ലാം നമുക്ക് എന്തോ നഷ്ടമായി തോന്നുന്നു. പൊതുവെ മൂല്യശോഷണമെന്നു പറഞ്ഞു നാം ഇതിനെയെല്ലാം ചെറുതായി കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് 5000 വർഷം പഴക്കമുള്ള രാമായണം എന്ന മഹത് ഗ്രന്ഥത്തിന്റെ പ്രസക്തി.

രാമായണം വെറുതെ പാരായണം ചെയ്തുപോകാനുള്ള മതഗ്രന്ഥമായി കാണുന്നതാണ് ഏറ്റവും വലിയ പ്രശ്നം. രാമായണത്തെ കാണേണ്ടതുപോലെ നമുക്കു കാണാനായിട്ടില്ല. ഈ രാമായണ മാസാചരണകാലത്തു വേണ്ടത് അതിന്റെ വീണ്ടെടുപ്പുകൂടിയാണ്. ഈ ഭൂമിതന്നെയാണ് എന്റെ സ്വർഗ്ഗം എന്നു പറയുന്ന ശ്രീരാമന്റെ കഥയാണിത്. ‘മാ നിഷാദ’ എന്നതാണു രാമായണത്തിന്റെ സന്ദേശം. അരുതു കാട്ടാളാ എന്നു പറയുന്നത് എല്ലാ തിന്മകളോടുമാണ്. അല്ലാതെ കാട്ടാളനോടു മാത്രമല്ല.

മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യമെന്നതു സത്യത്തിന്റെ രാജ്യമാണ്. സ്നേഹവും സാഹോദര്യവും തുല്യനീതിയും രാജാവിനും പ്രജയ്ക്കും പ്രത്യേകം നിയമവുമില്ലാത്ത രാജ്യം. ഒരു പ്രജ പറഞ്ഞതു കേട്ടാണു രാമൻ സ്വന്തം പത്നിയുടെ ശുദ്ധി തെളിയിക്കണമെന്നു തീരുമാനിക്കുന്നത്. ഒരു പ്രജയ്ക്കു രാജാവിന്റെ ആത്മശുദ്ധിപോലും ചോദ്യം ചെയ്യാൻ കഴിയുന്ന ഒരു നാടായിരുന്നു രാമായണം വിഭാവനം ചെയ്തത്.

അധർമത്തോടുള്ള കൂട്ടായ പ്രതിരോധം രാമായണത്തിലുണ്ട്. ഹിംസയുടെയും ക്രൂരതയുടെയും ലോകം വലുതായി വലുതായി വരുമ്പോൾ രാമായണം വിഭാവനം ചെയ്യുന്ന രാജ്യത്തിനു വലിയ സ്ഥാനമുണ്ട്. രാമായണ കർത്താവായ വാല്മീകിതന്നെ കള്ളനിൽനിന്നു കവിയായ വളർന്ന ആളാണ്. രാമായണത്തിന്റെ സന്ദേശം തുടങ്ങുന്നതു രാമായണ കഥയിലല്ല. അതിന്റെ രചയിതാവിലാണ്. പാരമ്പര്യവും ചെയ്തികളുമെല്ലാം മറന്നു സ്വയം മാറുന്നതോടെ അയാൾ സമൂഹത്തിനു മുന്നിൽ വലിയൊരു ജീവിതപാഠം തുറന്നിടുകയാണെന്നു വാല്മീകിയുടെ കഥ നമ്മളെ ബോധ്യപ്പെടുത്തുന്നു. ആർക്കും ആത്മശുദ്ധിയിലൂടെ ഉയരങ്ങളിലേക്കു പോകാമെന്നതിന്റെ മാതൃകയാണത്. കുലം, ജാതി, വർണം, വർഗം, നിറം എല്ലാം ആത്മശുദ്ധിയിലൂടെ മറികടക്കുകയാണു വാല്മീകി ചെയ്തത്.

24,000 ശ്ലോകങ്ങളുള്ള രാമായണത്തിന് എത്രയോ വകഭേദങ്ങളുണ്ട്. പല രാജ്യങ്ങളിലും ചെറിയ വ്യത്യാസത്തോടെ രാമായണം നിലനിൽക്കുന്നു. രാമായണം ചർച്ച ചെയ്യപ്പെടേണ്ടതു കഥയിലൂടെ മാത്രമല്ല; അതിലെ സന്ദേശങ്ങളിലൂടെയാണ്. പ്രകൃതിസ്നേഹം, പ്രകൃതിയുമായി ചേർന്ന സഹവാസം, അധികാരം, ഭരണം, വ്യക്തിബന്ധം, യുദ്ധം എന്നിവയെല്ലാം രാമായണത്തിലുണ്ട്. അതെല്ലാമാണു ചർച്ച ചെയ്യപ്പെടേണ്ടത്. അയോധ്യ എന്നതുതന്നെ യുദ്ധമില്ലാത്ത ഭൂമി എന്ന അർഥത്തിലാണു രാമായണത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ന് ഈ രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ വേണ്ടത് അതാണ്. യുദ്ധമില്ലാത്ത ഭൂമി.

നമ്മുടെ മനസ്സിലും കുടുംബത്തിലും സമൂഹത്തിലുമെല്ലാം യുദ്ധം നടക്കുകയാണ്. വ്യക്തിജീവിതത്തിൽ അയോധ്യകൾ ഉണ്ടാക്കാനായി നമുക്കു രാമായണത്തിന്റെ വഴികൾ തിരഞ്ഞെടുക്കാം. അത്തരമൊരു മനസ്സോടെ രാമായണം വായിക്കാം.

Your Rating: