Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാനധർമ്മങ്ങളുടെ പുണ്യമാസം

മഹാവിഷ്ണു

സത്കർമ്മങ്ങൾക്കും ദാനധർമ്മങ്ങള്‍ക്കും ശ്രേഷ്ഠമായ മാസ മാണ് പൗർണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന  വൈശാഖമാസം. മാധവമാസം എന്നും അറിയപ്പെടുന്നു. മഹാ വി‌ഷ്ണുവിനെ ഭജിക്കുന്ന പുണ്യമാസങ്ങളിൽ ഒന്നായതുകൊണ്ടാണ് മാധവമാസം എന്നറിയപ്പെടുന്നത്. ബലരാമജയന്തിയും പരശുരാമാവതാരവും, നരസിംഹജയന്തിയും ആചരിക്കുന്നത് ഈ പുണ്യമാസത്തിലാണ്. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ എല്ലാം ഈ ദിനങ്ങളിൽ സപ്താഹവും ഭാഗവ തപാരായണവും സഹസ്രനാമജപം തുടങ്ങിയ ആരാധനകൾ നടത്താറുണ്ട്. 

വൈശാഖമാസത്തിലെ ദാനധർമ്മങ്ങളിൽ പ്രധാനം ജലദാന മാണ്. വഴിയാത്രക്കാർക്ക് ജലം ദാനം ചെയ്യുന്നതും ഛത്രം, പാദുകം, വ്യജനം (വിശറി), അന്നം, കർപ്പൂരം, ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ദാനം ചെയ്യുന്നതും പുണ്യമായാണ് കരുതുന്നത്. വൈശാഖമാസത്തിലെ അക്ഷയതൃതീയ നാളിൽ ദാനം ചെയ്യുന്നത്  അത്യുത്തമമാണ്. അന്നു ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമാണുളളത്. അതു കൊണ്ടാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്.

വൈശാഖമാഹാത്മ്യത്തെക്കുറിച്ചു സ്കന്ദപുരാണത്തിലും പത്മപുരാണത്തിലും പ്രതിപാദിക്കുന്നുണ്ട്. സ്നാനം, ദാനം, ജലം, ഹോമം, വിഷ്ണുപൂജ, തുടങ്ങിയവയെക്കുറിച്ചു ഈ പുരാണങ്ങളിൽ പറയുന്നു. വൈശാഖത്തിലെ  പുണ്യദിന ങ്ങളിൽ പുലർച്ചെയുളള സ്നാനത്തിനു വളരെയധികം പ്രാധാന്യമുണ്ട്. സൂര്യോദയം കഴിഞ്ഞ് ആറുനാഴിക വരെ ത്രിലോകങ്ങളിലുളള സർവ്വനദികളുടേയും സാന്നിധ്യം എല്ലാ നദികളിലും ജലാശയങ്ങളിലുമുണ്ടാകുമെന്നാണ് പുരാണങ്ങൾ പറയുന്നത്.

കേരളത്തിൽ ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെയുളള വൈഷ്ണവ ക്ഷേത്രങ്ങളിൽ വൈശാഖമാസം വളരെയധികം പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. ക്ഷീണിച്ചു വരുന്ന വഴിയാത്ര ക്കാർക്ക് വിശ്രമിക്കാൻ വഴിയമ്പലങ്ങളും ജലവും സംഭാരവും അന്നവും നല്കി ആചരിച്ചു പോന്നിരുന്ന ഒരു പൂർവ്വിക സംസ്കാരം നമുക്കുണ്ടായിരുന്നു. അന്നും വൈശാഖമാസത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കാൻ നമ്മുടെ പൂർവ്വികർക്കു കഴിഞ്ഞിരുന്നു. ദാനം നല്കുന്നതും ദാനം സ്വീകരിക്കുന്നതും വൈശാഖത്തില്‍ ഉത്തമമായാണ് കരുതുന്നത്.

ഏതു ശുഭകാര്യങ്ങൾക്കും തുടക്കം കുറിക്കാവുന്ന പുണ്യമാസമാണ് വൈശാഖം. ദാനകര്‍മ്മങ്ങളും പുണ്യപ്രവൃത്തികളും ചെയ്ത് മനുഷ്യനിലെ നന്മകളെ ഉണര്‍ത്തുക എന്ന് സത്ഉദ്ദേശശുദ്ധിയാണ് വൈശാഖമാസം ആചരിക്കുന്നതിനു പിന്നിലുളളത്.

Your Rating: