Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന ക്ഷേത്രം 

തൃക്കാക്കര ക്ഷേത്രം തൃക്കാക്കര ക്ഷേത്രം

മഹാബലിയുടെയും വാമനന്റെയും പേര് പറഞ്ഞു ഓണത്തെ ഭാഗം വയ്ക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് തൃക്കാക്കര ക്ഷേത്ര മഹിമ. രാജ്യത്ത് വാമനൻ മുഖ്യ പ്രതിഷ്ഠയായി ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. തിരുവോണ ദിവസം കരക്കാർക്കു മുഴുവൻ സദ്യ നൽകിയാണ് ഈ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കപ്പെടുന്നത് .

ചരിത്ര പ്രാധാന്യമുള്ള നിരവധി താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിൽ സൂക്ഷിക്കപ്പെടുന്നു. ഓണവും ഓണസദ്യയും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പണ്ട് മഹാബലി തമ്പുരാൻ രാജ്യം ഭരിച്ചിരുന്ന പോലെ, ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു.

തൃക്കാക്കര ക്ഷേത്രം ഓണവും ഓണസദ്യയും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

വാമനനും മഹാബലിയും ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം എന്ന പ്രത്യേകത കൂടി തൃക്കാക്കര ക്ഷേത്രത്തിനുണ്ട് . മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്ന്  ഐതീഹ്യം പറയുന്നു. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ  മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠയായ തൃക്കാക്കരയപ്പന്‍.

മൂന്നടി സ്ഥലം ചോദിച്ച വാമനന് മൂന്നാമത്തെ അടി വയ്ക്കാനായി തന്റെ ശിരസ്സ് കാണിച്ചു കൊടുത്ത മഹാബലിക്ക് മുന്നിൽ മഹാവിഷ്ണു വിശ്വരൂപ ദർശനം നൽകി അനുഗ്രഹിക്കുന്ന മട്ടിലാണ് ഇവിടുത്തെ വാമന പ്രതിഷ്ഠ.4500 വർഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്. ചിങ്ങമാസത്തിലെ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആറാട്ട് ഇവിടുത്തെ പ്രത്യേകതയാണ്. 

തൃക്കാക്കര ക്ഷേത്രം തൃക്കാക്കരക്കാർ മഹാബലിക്കും വാമനനും തുല്യ പ്രാധാന്യം നൽകുന്നു

തൃക്കാക്കര ക്ഷേത്രത്തോട് ചേർന്നുള്ള പുണ്യ  പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ട്  തന്നെ വാമനക്ഷേത്രത്തില്‍ മഹാബലിയേയും ആരാധിച്ചു പോരുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരക്കാർ മഹാബലിക്കും വാമനനും തുല്യ പ്രാധാന്യം നൽകുന്നു. 

തൃക്കാക്കര ക്ഷേത്രത്തിൽ  വാമന പ്രതിഷ്ഠി നടത്തിയത്  പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും രണ്ട്  അഭിപ്രായമുണ്ട്. 

വാമനന്റെ മൂന്നാം കാലടി പതിഞ്ഞ സ്ഥലം എന്ന പേരിൽ  “തിരുകാൽക്കരൈ”യുടെ ചുരുക്കപേരാണ് തൃക്കാക്കര. കൊച്ചിയുടെ ഹൃദയഭാഗത്ത് നിന്നും  പത്തു കിലോമീറ്റര്‍. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Your Rating: