Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാബലിയെ ചവിട്ടിതാഴ്ത്തിയോ...

Onam

കാലങ്ങളായി കേൾക്കുന്ന കഥയാണ് മഹാബലിയെ വാമനൻ ചവിട്ടിതാഴ്ത്തിയെന്നത്. ഇതിലെ സത്യമെന്താണ്? ധർമിഷ്ഠനും വിഷ്ണുഭക്തനുമായ മഹാബലിയോടു ഭഗവാൻ ഇങ്ങനെ ചെയ്യുമോ? ഇതിന്റെ യഥാർഥ പൊരുൾ അറിയണമെങ്കിൽ ശ്രീമദ്മഹാഭാഗവതം അഷ്ടമസ്കന്ദത്തിലെ വാമനാവതാരം എന്താണെന്നു അറിഞ്ഞിരിക്കണം.

ധർമിഷ്ഠനും നീതിമാനും ദാനശീലനുമായ ചക്രവർത്തിയായിരുന്നു മഹാബലി. ത്രിലോകങ്ങൾക്കും അധിപനായ മഹാബലിയുടെ ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരായിരുന്നു. ദൈത്യന്മാരുടെ ദുഷ്കർമങ്ങൾ ഒരിക്കലും ബലിയെ തീണ്ടിയിരുന്നില്ല. ഇങ്ങനെ സദ്ഭരണം കാഴ്ചവെച്ച ബലിയുടെ ഉള്ളിൽ ഒരു ശത്രുവുണ്ടായിരുന്നു. അതു ദേവേന്ദ്രനോ ദേവന്മാരോ ആയിരുന്നില്ല. ‘ഞാൻ’ എന്ന അഹംഭാവം മാത്രമായിരുന്നു ബലിയുടെ മുഖ്യശത്രു. നീതിമാനായ തന്റെ ഭക്തനെ ഈ അഹംഭാവത്തിൽ നിന്നു രക്ഷിച്ച് സമുന്നതമായ സ്ഥാനം നൽകാൻ മഹാവിഷ്ണു തീരുമാനിച്ചു. 

പ്രഹ്ലാദന്റെ പൗത്രനായ മഹാബലി വിശ്വവിജയത്തിനായി അശ്വമേധയാഗം നടത്തി. ഇതു ദേവേന്ദ്രൻ ഉൾപ്പെടെയുള്ള ദേവന്മാർക്കു ഭീഷണിയാവുകയും അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ചെയ്തു. ദേവകളുടെ സങ്കടം കാരണമാക്കി തന്റെ ഭക്തനായ മഹാബലിയെ രക്ഷിക്കാനുള്ള മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു വാമനൻ. ദേവൻമാരുടെ അമ്മയായ അദിതിയുടെ പുത്രനായി ശ്രാവണമാസത്തിലെ ശുക്ലപക്ഷ ദ്വാദശിയിൽ തിരുവോണം നക്ഷത്രത്തിൽ വിഷ്ണു വാമനനായി ജന്മമെടുത്തു.

നർമദാതീരത്തു മഹാബലിയുടെ യാഗശാലയിൽ വാമനൻ ഭിക്ഷ യാചിച്ചു ചെന്നു. മൂന്നടി മണ്ണായിരുന്നു വാമനന്റെ ആവശ്യം. അതു നൽകാൻ മഹാബലി തയാറായി. അസുരഗുരു ശുക്രാചാര്യർ ബലിയുടെ പ്രവൃത്തി തടഞ്ഞുവെങ്കിലും തന്റെ വാക്കിൽനിന്നു വ്യതിചലിക്കാൻ മഹാബലി തയാറായില്ല. ഇതിൽ കുപിതനായ ശുക്രാചാര്യർ ബലിയുടെ സർവ ഐശ്വര്യങ്ങളും നശിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. ശാപം ഫലിച്ചു. വാമനൻ രണ്ടടി അളന്നപ്പോഴേക്കും ത്രിലോകങ്ങളും ബലിക്കു നഷ്ടപ്പെട്ടു. അതോടെ സർവഅഹങ്കാരങ്ങളും നശിച്ച മഹാബലി തന്റെ മുന്നിൽ നിൽക്കുന്ന വാമനൻ മഹാവിഷ്ണുവാണെന്നു തിരിച്ചറിയുകയും ചെയ്തു.

‘ഞാൻ’ എല്ലാമാണെന്നു വിചാരിച്ച ബലിയുടെ ഗർവിനെയാണ് ഭഗവാൻ രണ്ടു ചുവടു കൊണ്ടു നിഷ്പ്രഭമാക്കിയത്. മനസ്സു തെളിഞ്ഞ് മനഃശുദ്ധി വന്ന ബലി ഭഗവാനു മൂന്നാമത്തെ ചുവടു വയ്ക്കാൻ തന്റെ ശിരസ്സു നമിച്ചു കൊടുത്തു. ഭക്തിയോടെ തന്റെ മുന്നിൽ നിൽക്കുന്ന മഹാബലിയെ മഹാവിഷ്ണു ചവിട്ടിത്താഴ്ത്തിയില്ല. മറിച്ച് അനുഗ്രഹിക്കുകയാണു ചെയ്തത്. 

സാവർണിക മനുവിന്റെ കാലത്ത് ബലി ദേവേന്ദ്രനായി അവതരിക്കുമെന്നും അതുവരെ സുതലം എന്ന ലോകത്തു വസിക്കണമെന്നുമാണ് ഭഗവാൻ മഹാബലിയോട് അരുളിയത്. ദേവന്മാർ പോലും ആഗ്രഹിക്കുന്നതും പതിനാലു ലോകങ്ങളിലും ശ്രേഷ്ഠവുമാണ് സുതലം. സു എന്നാൽ അഭിവന്ദ്യമായ അല്ലെങ്കിൽ ശ്രേഷ്ഠമായ എന്നർഥം. തലം എന്നാൽ സ്ഥലം. സുതലം എന്നു പറഞ്ഞാല്‍ അഭിവന്ദ്യമായ സ്ഥലം എന്നർഥമാക്കുന്നത്.

പാതാളത്തിൽ ഏഴുലോകങ്ങൾ ഉണ്ട്. അതിൽ മൂന്നാമത്തെ ലോകമാണ് സുതലം. സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ, വിശ്വകർമാവിനാൽ സൃഷ്ടിക്കപ്പെട്ട സുന്ദരമായ ലോകം എന്നാണ് സുതലത്തെക്കുറിച്ചു പുരാണങ്ങൾ പറയുന്നത്.

സത്കർമങ്ങൾ ചെയ്യുന്നവരുടെ കൂടെയാണ് ഭഗവാൻ എപ്പോഴും നിലനിൽക്കുന്നത്. അതുകൊണ്ടാണ് ദേവൻമാർക്കോ മനുഷ്യർക്കോ ലഭിക്കാത്ത ഉന്നതസ്ഥാനം മഹാബലിക്കു ലഭിച്ചത്.

Your Rating: