Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യപ്രദായിനിയായ മലയാലപ്പുഴയമ്മ

malayalappuzha-devi-temple Malayalapuzha Devi Temple File Photo by Sameer A Hameed

പാർവ്വതിദേവിയുടെ ഉഗ്രമൂർത്തിഭാവമാണ് ഭദ്രകാളി രൂപത്തിൽ കുടികൊള്ളുന്ന മലയാലപ്പുഴയമ്മ. അഞ്ചുമലകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണ്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് മലയാലപ്പുഴ ദേവി. ശത്രുസംഹാരമൂർത്തിയാണ്. അഭയം തേടിവരുന്ന ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദേവിയാണ് മലയാലപ്പുഴയിൽ വാണരുളുന്ന അഭിഷ്ടവരദായിനിയായ ദേവി. എല്ലാ മലയാള മാസവും തിരുവാതിര നാൾ ദേവിക്കു പ്രധാനമാണ്.

മലയാലപ്പുഴ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ നിന്നും കിഴക്കോട്ട് അഞ്ചു കി.മീ. മാറിയാണ് മലയാലപ്പുഴ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ദേവി കുടികൊള്ളുന്നത്.

ദാരികവധം കഴിഞ്ഞ രൗദ്രഭാവമാണ് മലയാലപ്പുഴദേവിക്ക് എങ്കിലും സൗമ്യഭാവവും ഉണ്ട്. ഐശ്വര്യപ്രദായിനിയായും അനുഗ്രഹദായിനിയായുമാണ് ദേവി കുടികൊള്ളുന്നത്. ദേവിയുടെ വിഗ്രഹം കടുശർക്കരായോഗം എന്ന അത്യപൂർവ്വമായ ആയുർവേദ ഔഷധക്കൂട്ടുകൊണ്ട് നിർമ്മിച്ചതാണെന്നു പറയുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനായ ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹവും കടുശർക്കരായോഗം കൊണ്ടു നിർമ്മിച്ചതാണെന്നു കേൾക്കുന്നു.

അഞ്ചടി ഉയരത്തിലാണ് മലയാലപ്പുഴദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. പണ്ട് പന്ത്രണ്ട് വർഷം കൂടുമ്പോൾ പഴയ വിഗ്രഹം മാറ്റി പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുമായിരുന്നു. തമിഴ്നാട്ടിൽ നിന്നുമാണ് പുതിയ വിഗ്രഹം കൊണ്ടുവന്നിരുന്നത്. എന്നാൽ ഒരു വർഷം ദേവിയുടെ വിഗ്രഹം മാറ്റാൻ ശ്രമിച്ചപ്പോൾ അത് ഇളകിയില്ല. ആ വിഗ്രഹമാണ് ഇപ്പോഴും ക്ഷേത്രത്തിനുള്ളിൽ കാണുന്ന വിഗ്രഹം എന്നു പറയപ്പെടുന്നു. ഇതുകൂടാതെ മറ്റു രണ്ടു പഞ്ചലോഹനിർമ്മിതമായ ദേവീ വിഗ്രഹങ്ങളും ഉണ്ട്.

malayalappuzha-kudamattam മലയാലപ്പുഴ പൂരത്തിന് തൃശൂർ പാറമേക്കാവ് പൂരസമിതി നടത്തിയ കുടമാറ്റം

ഐതീഹ്യം

പണ്ട് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭജനയിരുന്ന രണ്ട് ബ്രാഹ്മണരെ ദേവി ദർശനം നൽകുകയും അവരുടെ കൈയ്യിലുണ്ടായിരുന്ന തേവാരവിഗ്രഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. തേവാര വിഗ്രഹവുമായി യാത്ര ചെയ്ത അവര്‍ പത്തനംതിട്ട ജില്ലയിലെ ഇടത്തിട്ട ഭഗവതി ക്ഷേത്രത്തിൽ വിശ്രമിച്ചു. അന്നു രാത്രി അവർക്കു ദേവി സ്വപ്നത്തിൽ വന്നു ദേവിയെ പ്രതിഷ്ഠിക്കേണ്ട സ്ഥലം കാണിച്ചു കൊടുത്തു. തുടർന്നു അവർ അഞ്ചുമലകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന മലയാലപ്പുഴയിലെത്തി. അന്നവിടുത്തെ കരപ്രമാണിമാരായിരുന്ന തോമ്പിൽ, അഴകത്ത് കുടുംബക്കാർ ചേർന്ന് അവരെ സ്വീകരിക്കുകയും ജനങ്ങളുടെ പിന്തുണയോടെ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തോമ്പിൽ കൊട്ടാരത്തിൽ നമ്പൂതിരിമാർ ദേവിയെ പൂജിച്ചിരുന്നു. ഈ നമ്പൂതിരിമാരുടെ പിൻമുറക്കാർക്ക് ക്ഷേത്രപൂജ ചെയ്യാനുള്ള അവകാശങ്ങൾ കൊടുത്ത് നമ്പൂതിരിമാർ പിന്നീട് തീർത്ഥാടനത്തിനായി പുറപ്പെട്ടു. മലയാലപ്പുഴ ദേവിയുടെ മൂലസ്ഥാനമായി തോമ്പിൽ കൊട്ടാരം അറിയപ്പെടുന്നു.

മറ്റൊരു ഐതീഹ്യം ഇപ്രകാരമാണ്. ബ്രാഹ്മണർ കൊണ്ടുവന്ന വിഗ്രഹം ഇപ്പോഴത്തെ ദേവീ ക്ഷേത്രത്തിനടുത്തുള്ള ഒരു മലയുടെ മുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. തൊട്ടടുത്ത് ശിവലിംഗ പ്രതിഷ്ഠയുമുണ്ട്. തോമ്പിൽ തറവാട്ടിലെ കാരണവർക്ക് ഈ മലയിൽ വന്നു ദർശനം നടത്താൻ ആവാതെ വന്നപ്പോൾ താഴ്‌വാരത്ത് ദാരികനിഗ്രഹം കഴിഞ്ഞ ദേവീരൂപം പ്രതിഷ്ഠിച്ചു എന്നു പറയുന്നു. മലയാലപ്പുഴ ദേവിയെ ഇടത്തിട്ട ഭഗവതിയായും അറിയപ്പെടുന്നു.

ഉപദേവതകൾ

ദേവിയുടെ ശ്രീകോവിലിനു സമീപത്തായാണ് ഉണ്ണി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നീ ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതിദേവിയുടെ മടിയിലിരുന്ന് തുമ്പികൈയ്യാൽ മുലകുടിക്കുന്നതാണ് ഇവിടുത്തെ ഗണപതിപ്രതിഷ്ഠ. ക്ഷേത്രമതിൽക്കകത്തു നാഗരാജാവ്, ശിവൻ, യക്ഷി, രക്ഷസ്സ്, ശ്രീ മുഹൂർത്തി എന്നീ പ്രതിഷ്ഠകളുണ്ട്. സ്വയംഭൂവായ ശിവലിംഗമാണിവിടെയുള്ളത്. ഭഗവാനിവിടെ ശ്രീകോവിലില്ല. കാലത്തിനനുസരിച്ച് ഇവിടുത്തെ ശിവലിംഗവും വളരുന്നതായി പറയപ്പെടുന്നു. മഹാദേവനു നിത്യേന പുഷ്പാർച്ചന നടത്തുന്ന കണിക്കൊന്നപ്പൂക്കൾ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രമതിലിനു വെളിയിൽ കിഴക്കുവശത്തു ആൽമരത്തിന്റെ ചുവട്ടിലായി മലനടയുമുണ്ട്. മലമാടുസ്വാമിത്തറ എന്നാണിതറിയപ്പെടുന്നത്. ദേവീ ദർശനത്തിനു വരുന്ന ഭക്തർ വെറ്റയും പാക്കും പുകയിലയും വെച്ച് ഇവിടെയും പ്രാർത്ഥിക്കുന്നു. മലദൈവങ്ങളാണ് ഇവിടെ കുടിയിരിക്കുന്നത്.

പത്തനംതിട്ടയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ക്ഷേത്രങ്ങളിലും ഇങ്ങനെയുള്ള മലനടകളും മലദൈവങ്ങളും ഉണ്ട്. മലയ്ക്കു അധിപനെ മലയപ്പൂപ്പൻ എന്നു പറയുന്നു. മലയപ്പൂപ്പനു വെറ്റയും പാക്കും പുകയിലയും കൂടാതെ കരിക്കും പ്രധാനമാണ്. പ്രധാനപ്പെട്ട ദിവസങ്ങളിൽ മലകയറുന്ന ചടങ്ങിനു കോട്ടകയറ്റം എന്നും പറയുന്നു.

ഉത്സവങ്ങൾ

കുംഭമാസത്തിലെ തിരുവാതിര നാളിലാണ് മലയാലപ്പുഴയിൽ ഉത്സവം തുടങ്ങുന്നത്. പതിനൊന്നാം ദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവബലി, കാഴ്ചശ്രീബലി, പള്ളിവേട്ട എന്നീ ചടങ്ങുകൾ ഉത്സവദിനങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇവിടെ പൂരത്തിന്റെ അന്ന് ഓരോ കരക്കാരുടേയും വകയായ പൂരവും നടക്കുന്നു. മലയാലപ്പുഴ പൂരം എന്നാണിതറിയപ്പെടുന്നത്. പത്താംദിവസമാണ് ഇവിടെ പള്ളിവേട്ട നടക്കുന്നത്.

തെക്കൻ കേരളത്തിലോട്ടു പോകുന്തോറും ദേവീ ക്ഷേത്രങ്ങളിൽ ഉത്സവത്തിനു ദേവിയെ എഴുന്നെള്ളിക്കുന്നത് ജീവിതയിലാണ്. ചമയവിളക്ക് ഈ പ്രദേശങ്ങളിലെ മറ്റൊരു പ്രത്യേകതയാണ്. പ്രായമായ സ്ത്രീകളാണ് ചമയവിളക്ക് എടുക്കുന്നത്.

മലയാലപ്പുഴയിലെ പ്രധാന ചടങ്ങാണ് ജീവിത എഴുന്നെള്ളത്ത്. ജീവിത തോളിലേറ്റുന്നത് പൂജാരിമാരാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ദേവിയെ ജീവിതയിൽ എടുത്ത് എഴുന്നെള്ളിക്കുന്നത് ഇടത്തോട്ടാണ്. ക്ഷേത്രത്തിന്റെ മുമ്പിലുള്ള ശിവനടയിൽ വന്നു വണങ്ങിയതിനുശേഷമാണ് എഴുന്നെള്ളത്ത് തുടരുന്നത്. ചമയവിളക്ക്, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയുള്ള വർണാഭമായ ഉത്സവനാളുകളാണ് മലയാലപ്പുഴയുടേത്.

ഇവിടുത്തെ മറ്റൊരു പ്രധാന ഉത്സവമാണ് മകരപ്പൊങ്കാല. മകരസംക്രമത്തിന്റെ (മകരം 1) അന്ന് വ്രതാനുഷ്ഠാനത്തോടെയാണ് ഭക്തർ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണിത്.

അഭിഷ്ടസിദ്ധിക്കും, തൊഴിൽപരമായ ഉന്നതിക്കും, മംഗല്യസിദ്ധിക്കും, സന്താനസൗഭാഗ്യത്തിനും എല്ലാം ദേവി അഭിഷ്ടവരദായിനിയായി കുടികൊള്ളുന്നു. നാനാജാതിമതസ്തരും ഒരുപോലെ നേർച്ച അർപ്പിച്ച് ദേവിയുടെ അനുഗ്രഹം നേടുന്നു. ശക്തിസ്വരൂപിണിയായി മലയാലപ്പുഴയമ്മ മലയാളക്കരയിൽ സർവ്വൈശ്വര്യങ്ങളും ചൊരിഞ്ഞുകൊണ്ടു വാണരുളുന്നു.

Your Rating: