Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മള്ളിയൂർ വിനായക ചതുർഥി ഉൽസവം: കൊടിയേറ്റ് 30ന്

malliyoor-temple

മള്ളിയൂർ ∙ മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർഥി ഉൽസവം 30നു കൊടിയേറും. സെപ്റ്റംബർ അഞ്ചിനാണു വിനായക ചതുർഥി. ആറിന് ആറാട്ട്. ഉൽസവ ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഇവിടേക്കെത്തും. വിനായക ചതുർഥി ദിനത്തിൽ ഗജപൂജയിൽ 12 ഗജവീരന്മാർ പങ്കെടുക്കും.ഒന്നാം ഉൽസവദിനമായ ഓഗസ്റ്റ് 30നു രാവിലെ എട്ടിനു മാഞ്ഞൂർ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽനിന്നു കൊടിക്കൂറ ഘോഷയാത്ര, 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.

രണ്ടാം ഉൽസവദിനം മുതൽ ഉൽസവബലി ദർശനം ആരംഭിക്കും. ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്സ്, കല്ലൂർ രാമൻകുട്ടി, പോരൂർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ത്രിതായമ്പക, നളചരിതം മൂന്നാം ദിവസം കഥകളി, മഞ്ജു വാരിയരുടെ നൃത്തം, പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ പ്രമാണമേകുന്ന മേളം തുടങ്ങിയവയാണു പ്രധാന പരിപാടികൾ.

വിനായകചതുർഥി ദിനത്തിൽ പുലർച്ചെ 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, 10.30നു ഗജപൂജ, തുടർന്നു പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകുന്ന പഞ്ചാരിമേളത്തോടെ കാഴ്ചശ്രീബലി, 2.30നു നെന്മാറ സഹോദരൻമാരുടെ നാദസ്വരക്കച്ചേരി, 5.30നു കാഴ്ചശ്രീബലി. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, തുടർന്നു വലിയവിളക്ക്, പള്ളിവേട്ട.

മള്ളിയൂരിന്റെ ഓർമകൾക്ക് അഞ്ചാണ്ട്

കുറവിലങ്ങാട് ∙ പതിനായിരക്കണക്കിനു ഭക്തരുടെ മനസ്സിൽ ആധ്യാത്മികതയുടെ തിരിതെളിച്ച് ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി വിടവാങ്ങിയിട്ട് അഞ്ചുവർഷം പൂർത്തിയായി. 2011 ഓഗസ്റ്റ് രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. ഭാഗവതഹംസത്തിന്റെ ഓർമകൾക്കു ജീവനേകാൻ മള്ളിയൂരിൽ സ്മൃതിമണ്ഡപവും ധ്യാനമണ്ഡപവും താമസിയാതെ നിർമാണം ആരംഭിക്കും. ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ഇതു യാഥാർഥ്യമാക്കുന്നത്.

malliyoor-thirumeri മള്ളിയൂർ ശങ്കരൻ നമ്പൂതിരി

മള്ളിയൂർ ശങ്കരൻ നമ്പൂതിരി ദീർഘകാലം താമസിച്ച തറവാടിനു മുന്നിലാണു കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് രൂപകൽപന ചെയ്ത സ്മൃതി മണ്ഡപവും ധ്യാന മണ്ഡപവും ഉയരുന്നത്. മള്ളിയൂരിൽ സ്മൃതിമണ്ഡപം നിർമിക്കുമെന്ന് ഒൗദ്യോഗിക തലത്തിൽ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പദ്ധതിക്കു സർക്കാർ തലത്തിൽ സഹായം ലഭിക്കുക എളുപ്പമല്ലെന്നു വ്യക്തമായതോടെ ഭക്തജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാൻ മള്ളിയൂർ ആധ്യാത്മികപീഠം തീരുമാനിക്കുകയായിരുന്നു.

മള്ളിയൂരിൽ എത്തുന്ന ഭക്തർക്കു ധ്യാനത്തിനുള്ള സൗകര്യമൊരുക്കുന്നതാണു ധ്യാനമണ്ഡപം. സ്മൃതിമണ്ഡപത്തിൽ മ്യൂസിയം, ഹാൾ തുടങ്ങിയവ ഉണ്ടാകും. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതയാത്രകൾ വിശദീകരിക്കുന്ന ചിത്രങ്ങൾ, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ തുടങ്ങിയവയൊക്കെ മ്യൂസിയത്തിലുണ്ടാകും.

ഭാഗവത സപ്താഹം ഉൾപ്പെടെ ആത്മീയ പരിപാടികൾ നടത്താനുള്ള ഹാളാണു സ്മൃതി മണ്ഡപത്തിന്റെ മറ്റൊരു ഭാഗം. ഇരുനൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കണക്കുകൾക്ക് ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണു രൂപരേഖ തയാറാക്കിയത്. സ്മൃതി മണ്ഡപത്തിനും ധ്യാനമണ്ഡപത്തിനുമൊപ്പം മറ്റു വികസന പ്രവർത്തങ്ങൾക്കും വഴിയൊരുങ്ങുകയാണ്. അന്നദാനത്തിനുള്ള പ്രത്യേക സംവിധാനവും ഒരുക്കും.
 

Your Rating: