Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാദേവ മഹിമയില്‍ മമ്മിയൂര്‍ 

mammiyoor-temple മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിലെ ഒഴിവാക്കാനാവാത്ത ദേവ സന്നിധ്യമാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ അറിയപ്പെടുന്ന ശിവക്ഷേത്രമാണിത്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാദേവന്റെ സാന്നിധ്യം, പണ്ട് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന്  പറയപ്പെടുന്നു. അതുകൊണ്ട് തന്നെ, ഗുരുവായൂര്‍ വന്നാല്‍ മമ്മിയൂര്‍ ദര്‍ശനം അനിവാര്യമാണ്. 

ഏറെ ഐതിഹ്യമുറങ്ങുന്ന ഈ  ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്‌ .മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എങ്കിലും ഭഗവാന്റെ  ശ്രീകോവിലിന്‍റെ പിന്നിലായി  പാർവതിദേവിയും കുടികൊള്ളുന്നു. ഇതിനു പുറമേ ഉപദേവതാ പ്രതിഷ്ടയായി വിഷ്ണു, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍ , ഭഗവതി, നാഗങ്ങള്‍ എന്നിവയുമുണ്ട്.  ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ് ഇരിക്കുന്നത്.

mammiyoor-temple1 മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

നൂറ്റാണ്ടുകളായി ഇവിടെ ആരാധിച്ചു വരുന്ന ശിവലിംഗം സ്വയംഭൂവാണ്. രൗദ്രഭാവത്തിലാണെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയായ മഹാദേവന്‍ ക്ഷിപ്രകോപിയും ദയാലുവുമാണെന്ന് പറയപ്പെടുന്നു. ശിവന്റെ  രൗദ്രഭാവം ഒഴിവാക്കാനാണ് സമീപത്തായി  വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിക്കുന്നത് . ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്‍ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയപ്പെടുന്നു. നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്ഷേത്രം നോക്കിനടത്തുന്നത്. 

പണ്ട്,  പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ കൃഷ്ണ വിഗ്രഹത്തെ  ശിവൻ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം. ബ്രഹ്മാവിന് ശിവൻ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്‍റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ ധ്യാനിച്ച്  തപസ്സ് ചെയ്തു.  തപസ്സിൽ പ്രീതിപ്പെട്ട  ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. പിന്നീട്, ഇവര്‍ വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും നാലുതവണ “വിഷ്ണുവിനെ  പോലുള്ള  ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു. അതുപോലെ സംഭവിക്കുകയും ചെയ്തു. 

ഒടുവില്‍, ദ്വാപര യുഗാന്ത്യം സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ ഭക്തനായ ഉദ്ധവനോട് പ്രസ്തുത  വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്‍റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. അത്തരത്തില്‍ ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്ന അര്‍ഥം വരുന്ന ഗുരുവായൂരില്‍ പ്രതിഷ്ഠ നടന്നു. 

ഇത്തരത്തില്‍ പ്രതിഷ്ഠ നടക്കുന്ന സമയത്ത് ശിവനും പാർവ്വതിയും അവിടെ ഉണ്ടായിരുന്നു എന്നും  എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം പറയുന്നത്. ശിവരാത്രിയാണ് മമ്മിയൂരിലെ മുഖ്യ ആഘോഷം.

ഇവിടെ വന്ന് തൊഴുത്, മഹാദേവന് പ്രിയപ്പെട്ട കൂവളമാല സമര്‍പ്പിച്ചാല്‍ ആഗ്രഹിക്കുന്നത് എന്തും കൈവരും എന്നാണ് പറയപ്പെടുന്നത്‌. സര്‍വ്വ ദുഃഖ പരിഹാരിയാണ് മമ്മിയൂര്‍.

Your Rating: