Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പു തിരുനാള്‍

manarcad

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മരിയഭക്തര്‍ ഒരേ മനസ്സോടെ നാളെ മുതല്‍ മണര്‍കാട് പള്ളിയിലേക്ക് ഒഴുകിയെത്തിത്തുടങ്ങും. പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പുതിരുനാള്‍ നാളെയാണ് ഇവിടെ ആരംഭിക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍. ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുകിടക്കുന്ന ഭൂമികയാണ് മണര്‍കാടിന്റേത്.

ആയിരത്തിലധികം വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യം അവകാശപ്പെടുന്നുണ്ട് ഈ ദേവാലയം. കാലത്തിന്റെ പല പരിണാമങ്ങള്‍ക്കും വിധേയമായതിന് ശേഷമാണ് ഇന്ന് നാം കാണുന്ന രീതിയില്‍ മര്‍ത്തമറിയം ദേവാലയം നിലയുറപ്പിച്ചിരിക്കുന്നത്.

പരിശുദ്ധ കന്യാമറിയത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ചയുടെ അംശം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. 1982 ല്‍ അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയാണ് അരക്കച്ചയുടെ ഭാഗം പ്രതിഷ്ഠിച്ചത്. മദ്ബഹയോട് ചേര്‍ന്നാണ് ഇത് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ ദിവസവും അരക്കച്ച വണങ്ങാന്‍ വിശ്വാസികള്‍ക്ക് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

എട്ടുനോമ്പു തിരുനാളിലെ ഏറ്റവും പ്രധാനപ്പെട്ട തിരുക്കര്‍മ്മമാണ് ഏഴാം ദിവസത്തെ നടതുറക്കല്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ നടതുറക്കലുള്ളൂ. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വിശ്വാസികളുടെ ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന ചടങ്ങാണിത്. തുടര്‍ന്നുള്ള ഏഴു ദിവസം ഈ രൂപം വണങ്ങാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും.

പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ദര്‍ശനവുമായി കൂടി ബന്ധമുണ്ട് നടതുറക്കല്‍ ചടങ്ങിന്. മാനും മീനും എയ്യാവുന്നതും ഇഞ്ചയും ചൂരലും പടര്‍ന്നുകിടക്കുന്നതുമായ കാട്ടില്‍ വെളുത്ത പശുവും കിടാവും കിടക്കുന്നത് കാണുന്ന സ്ഥലത്ത് ദേവാലയം പണിയുക എന്ന് വിശ്വാസികള്‍ക്ക് ഒരേപോലെ കിട്ടിയ ദൈവികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ പള്ളി പണിയപ്പെട്ടത്. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് യഹൂദരും മുസ്ലീങ്ങളും തമ്മിലുണ്ടായ കലാപത്തെതുടര്‍ന്ന് അവിടെ നിന്ന് ക്രൈസ്തവര്‍ കുടിയേറിയത് മണര്‍കാട് പരിസരങ്ങളിലേക്കായിരുന്നു. പന്ത്രണ്ട് കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവരുടെ വിശ്വാസജീവിതത്തിന്റെ നിലനില്പിനും പ്രാര്‍ത്ഥനയ്ക്കുമായിട്ടായിരുന്നു പള്ളിയുടെ സ്ഥാപനത്തിന് വേണ്ടിയുള്ള ആഗ്രഹം ആരംഭിച്ചത്. അതാണ് ഒടുവില്‍ മര്‍ത്തമറിയം പള്ളിയായി മാറിയത്.

പള്ളിയുടെ വടക്കും പടിഞ്ഞാറുമായിട്ടുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കുളങ്ങളില്‍ മുങ്ങിക്കുളിച്ച് ഈറനോടെ കുരിശടിയിലെത്തി പ്രാര്‍ത്ഥിക്കുന്നതും ഇവിടത്തെ രീതിയാണ്. മലങ്കരസഭയില്‍ ആദ്യമായി എട്ടുനോമ്പാചരണം ആരംഭിച്ചതും മണര്‍കാട് പള്ളിയിലാണെന്നാണ് ചരിത്രം പറയുന്നത്. ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലിലും എട്ടുനോമ്പ് പെരുനാളിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 

Your Rating: