Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനന മധ്യത്തിലെ കണ്ണകി

Mangaladevi Temple മംഗളാദേവി ക്ഷേത്രം

ചിലപ്പതികാരത്തിലെ പ്രതികാര ദുർഗ്ഗയായി മാറിയ കണ്ണകിയുടെ രൂപം ആര്‍ക്കും അത്രപെട്ടന്നു മറക്കാനാവില്ല. വായിച്ചും പറഞ്ഞു കേട്ടും അറിഞ്ഞതാണ് എങ്കിലും പലപ്പോഴും പക നിറഞ്ഞ സ്ത്രീരൂപത്തിന്റെ പ്രതീകമായി ആ കണ്ണകിയെ നമ്മളിൽ പലരും മനസ്സാൽ ആരാധിച്ചിട്ടും ഉണ്ട്. തന്റെ ഭർത്താവായ കോവലനെ കള്ളൻ എന്ന് തെറ്റിദ്ധരിച്ച് വധിച്ച രാജകുടുംബത്തിന് കണ്ണകി നൽകിയ ശിക്ഷ മധുരാ നഗരം തന്നെ കത്തിച്ച് ചാമ്പലാക്കി കൊണ്ടായിരുന്നു. അങ്ങനെ നിറഞ്ഞ പാതിവൃത്യത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമായി മാറിയ കണ്ണകിയെ മധുരാ നിവാസികൾ ദേവിയായി ആരാധിച്ചു പോന്നു.

എന്നാൽ, നമ്മൾ മലയാളികൾക്ക് കണ്ണകി ദേവി എന്നതിലുപരിയായി ശക്തമായ ഒരു നാരീ കഥാപാത്രമായിരുന്നു. എന്നുകരുതി കേരളത്തിൽ കണ്ണകിയ്ക്കായി ഒരു ക്ഷേത്രം ഇല്ല എന്ന് കരുതരുത്. തമിഴ് നാട്ടിലെ പോലെ തന്നെ, കണ്ണകിയെ ദേവിയായി കണ്ട് ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് ഇടുക്കി ജില്ലയിലെ മംഗളാദേവി ക്ഷേത്രം. തമിഴ് രീതിയിലുള്ള ആചാരങ്ങളാൽ ഭക്തി നിർഭരമായ ഈ ക്ഷേത്രം കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ആചാരങ്ങളാൽ വ്യത്യസ്തമാണ്.

വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഇവിടെ സാധാരണക്കാർക്ക് പ്രവേശനം ഉള്ളത്. എല്ലാവർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ ആയി നടക്കുന്ന ചിത്ര പൗർണമി ആഘോഷത്തിനായി മാത്രമാണത്. 2000 വർഷം മുമ്പ് ചേരന്‍ ചെങ്കുട്ടവന്‍ എന്ന തമിള്‍ ചക്രവര്‍ത്തി പണിത ഈ ക്ഷേത്രം ചിലപ്പതികാരത്തിലെ രൗദ്ര ഭാവം പൂണ്ട കണ്ണകിക്കായി മാത്രം നിർമ്മിച്ചതാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2800 അടി ഉയരത്തിലായാണ് കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ രൂപത്തിലാണ് ഈ പൗരാണിക ക്ഷേത്രം.

2000 ൽ പരം പോലീസുകാർ ഉൾപ്പെടെ കനത്ത സുരക്ഷാ സംവിധാനത്തിനുകീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സവാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങണം. മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള മലമ്പാതകള്‍ എന്നേക്കുമായി അടച്ചിട്ടത്. ഒടുവിൽ വിശ്വാസികളും ഇരു സംസ്ഥാനവും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വർഷത്തിൽ ഒരിക്കൽ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്.

മംഗളാദേവി ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷം ഇവിടുത്തെ ആചാരങ്ങളാണ്. ചിത്രാ പൗര്‍ണ്ണമി പുലർച്ചെ എത്തി ചേരുന്ന തമിഴ് ഭക്തർ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കുമളിയിൽ ബസ്സിറങ്ങി ജെപ്പുകളിൽ കയറിയാണ് കേരളത്തിലെ ഭക്തർ ഇവിടെ എത്തുന്നത്. ശബരിമല പോലെ കാല്‍ നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും കാഴ്ചകൾ നമുക്കിവിടെ കാണാം. കണ്ണകി മല കയറി വന്ന് സമാധിയായ സ്ഥലമാണ് ക്ഷേത്രം ഇരിക്കുന്ന മംഗളാദേവിക്കുന്ന്.

ഇവിടുത്തെ കരിങ്കൽ പാളികളിൽ പ്രാചീന തമിഴ് കുറിപ്പുകളും ശ്ലോകങ്ങളും കാണാം. മാത്രമല്ല വ്യാളീ രൂപങ്ങള്‍ ഉള്ള സോപാന മന്ദിരങ്ങളും ഇവിടുത്തെ ആകർഷണമാണ്. കര്‍മ്മ കുശലന്‍മാര്‍ എന്ന വിഭാഗക്കാരാണ് ഇവിടെ കണ്ണകി ബിംബം നിർമ്മിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ആരെയും ആകർഷിക്കും. കണ്ണകിയെ പോലെ തന്നെ....

Your Rating: