Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത കാലംചെയ്തു

Rev. Dr Zacharias Mar Theophilus

തിരുവനന്തപുരം ∙ കാരുണ്യവഴിയിലൂടെ വിശ്വാസി സമൂഹത്തിനു വഴികാട്ടിയായ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് (78) കാലംചെയ്തു. മസ്കറ്റിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മസ്തിഷ്കാഘാതം സംഭവിച്ച മെത്രാപ്പൊലീത്തയെ ശനിയാഴ്ച പുലർച്ചെ വിമാനമിറങ്ങിയ ഉടൻ ഗുരുതരാവസ്ഥയിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഇന്നലെ വൈകിട്ട് 5.52ന് മെത്രാപ്പൊലീത്ത വിടപറഞ്ഞു.

മെത്രാപ്പെ‍ാലീത്തയുടെ കബറടക്കം നാളെ തിരുവല്ലയിൽ നടക്കും. തിരുവല്ല എസ്‌സി കുന്നിലെ സെന്റ് തോമസ് പള്ളിയോടുചേർന്ന് തയാറാക്കുന്നിടത്താണ് കബറടക്കം. ഇന്നു രണ്ടിന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സഭാ കൗൺസിൽ യോഗം കബറടക്കവും ക്രമീകരണങ്ങളും സംബന്ധിച്ചു തീരുമാനിക്കും. ഇന്നലെ ഉച്ചയോടെ മെത്രാപ്പൊലീത്ത അതീവ ഗുരുതരാവസ്ഥയിലായതറിഞ്ഞ് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവർ സന്ദർശിച്ചു.

മാർത്തോമ്മ സഭ എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നരയ്ക്ക് തൈലാഭിഷേകം നടത്തി. ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.എസ്. ശബരീനാഥൻ, കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ, ഡിജിപി: ടി.പി. സെൻകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ അനുശോചിച്ചു.

ഇന്നലെ രാത്രി ഏഴരയ്ക്ക് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ ഒരുമണിക്കൂർ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ ആയിരക്കണക്കിനു വിശ്വാസികളും പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ചെങ്ങന്നൂർ തിട്ടമേൽ പള്ളിയിൽ എത്തിച്ച ഭൗതികശരീരം ദർശിക്കാൻ വിശ്വാസി സമൂഹം ഒഴുകി.

സഭാജനങ്ങളുടെ ആത്മീയ, ഭൗതിക ഉന്നതിക്കായി വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയനായ സഖറിയാസ് മാർ തെയോഫിലോസ് അടൂർ–മാവേലിക്കര, കോട്ടയം–റാന്നി, മദ്രാസ്–കുന്നംകുളം, മുംബൈ തെക്കൻമേഖല–ഡൽഹി, മലേഷ്യ–സിംഗപ്പുർ–ഓസ്ട്രേലിയ, കോട്ടയം–കൊച്ചി, നോർത്ത് അമേരിക്ക–യൂറോപ്പ്, ചെന്നൈ–കൊൽക്കത്ത, ചെന്നൈ–ബെംഗളൂരു എന്നീ ഭദ്രാസനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ റിട്ട. പോസ്‌റ്റ്‌മാസ്‌റ്റർ വി.കെ. ഉമ്മന്റെയും അധ്യാപികയായിരുന്ന പുത്തൻകാവ് ഐക്കരേത്ത് മറിയാമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1938 ഓഗസ്റ്റ് 29 നായിരുന്നു ജനനം. സണ്ണി എന്നായിരുന്നു വിളിപ്പേര്. നിരണത്തു സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യുസി കോളജിൽനിന്നു ബിരുദം സ്വന്തമാക്കി. തിരുവല്ല ടൈറ്റസ് സെക്കൻഡ് കോളജിൽ നിന്നു ബിഎഡും നേടി. പിന്നീട് പെരുമ്പാവൂർ ആശ്രാമം ഹൈസ്കൂളിൽ അധ്യാപകനായി. 1966ൽ ജബൽപൂരിലെ തിയോളജിക്കൽ കോളജിൽ വൈദിക പഠനത്തിനായി പോയി. 1966 മേയ് ഏഴിനു ഡീക്കനായും ജൂലൈ ഒൻപതിനു കശീശയായും സ്ഥാനമേറ്റു.

1974ൽ അമേരിക്കയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ബിരുദാനന്തര ബിരുദവും 1976ൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും നേടി. ബോസ്റ്റൺ, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മൈസുരു, കോഴഞ്ചേരി, മുംബൈ–സാന്തക്രൂസ് എന്നിവിടങ്ങളിലുൾപ്പെടെ വികാരിയായിരുന്നു. 1980 ഏപ്രിൽ 26നു റമ്പാനും മേയ് ഒന്നിന് എപ്പിസ്കോപ്പയുമായി.

2004 ജൂലൈ മൂന്നിനു സഫ്രഗൻ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു. 2005 മുതൽ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപ‍നാണ്. ആശ്രാമം ഹൈസ്കൂൾ, ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ, മൈസുരു സെന്റ് തോമസ് ഹൈസ്കൂൾ, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാരഥ്യവും വഹിച്ചു. സഭകളുടെ ഐക്യപ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്ന ലോകകൗൺസിലിന്റെ കേന്ദ്രകമ്മിറ്റിയിലും നിർവാഹക സമിതിയിലും അംഗമായിരുന്നു. മാർത്തോമ്മാ യുവജനസഖ്യം, സൺഡേസ്കൂൾ സമാജം എന്നിവയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നു.

‘ദൈവത്തിന്റെ സ്നേഹിത’നും സഹായമെത്രാനും

തിരുവല്ല ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷനായ മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയെ ഭരണകാര്യങ്ങളിൽ സഹായിക്കുന്നയാളാണ് സഫ്രഗൻ മെത്രാപ്പൊലീത്ത. സഹായ മെത്രാൻ എന്ന അർഥത്തിലാണ് സഫ്രഗൻ എന്ന ഇംഗ്ലിഷ് വാക്ക് ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളിൽ മാർത്തോമ്മാ സഭ മാത്രമാണ് നിലവിൽ ഇൗ പദം ഉപയോഗിക്കുന്നത്. തെയോഫിലോസ് എന്ന പേരിന് ‘ദൈവത്തിന്റെ സ്നേഹിതൻ’ എന്ന് അർഥം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.