Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയ്യഴി മാതാവിന്റെ തിരുനടയില്‍...

st-theresa

ഭക്തജനസഹസ്രങ്ങളുടെ പ്രാര്‍ത്ഥനാമഞ്ജരികളാല്‍ ഇന്ന് മാഹി സെന്റ് തെരേസ ദേവാലയം ശബ്ദമുഖരിതമാകും. ജീവിതനിയോഗങ്ങളും സങ്കടങ്ങളും വിഷമതകളും അവര്‍ അമ്മയുടെ തിരുനടയില്‍ ഇറക്കിവച്ച് സായൂജ്യമടയും. വിളിച്ചപേക്ഷിച്ചാല്‍ മയ്യഴി മാതാവ് ഉപേക്ഷിക്കില്ലെന്ന വിശ്വാസമാണ് ഓരോ വിശ്വാസിയെയും വര്‍ഷം തോറും അമ്മയുടെ അടുക്കലെത്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് മാഹിയില്‍ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാള്‍. മയ്യഴി മാതാവെന്നും മാഹി മാതാവെന്നും കേള്‍ക്കുമ്പോള്‍ അത് ദൈവജനനിയായ പരിശുദ്ധ മറിയത്തെയാണോ ഉദ്ദേശിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന ആവിലായിലെ അമ്മ ത്രേസ്യായാണ് മാഹി മാതാവ് എന്ന പേരില്‍ അറിയപ്പെടുന്നത്.

മയ്യഴിയെന്നും മാഹിക്ക് മറുപേരുണ്ട്.  അഴിയൂര്‍ എന്ന  ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാല്‍ കടലും പുഴയും ചേരുന്ന സ്ഥലമെന്നും മയ്യം എന്ന വാക്കിന് മധ്യം എന്നുമാണ് അര്‍ത്ഥം. അങ്ങനെ അഴിയൂരിനും മറ്റൊരു ഊരിനും മധ്യത്തിലുള്ള ഊരാണ് മയ്യഴി ആയി  പരിണമിച്ചത്. 

മയ്യഴിയെ മാഹിയാക്കി മാറ്റിയത് ഫ്രഞ്ചുകാരാണ്. കടത്തനാട്ടു രാജാവുമായുള്ള ഉടമ്പടി പ്രകാരമാണ് 1721 ല്‍ ഫ്രഞ്ചുകാര്‍ മയ്യഴിയിലും സമീപപ്രദേശങ്ങളിലും ആധിപത്യമുറപ്പിച്ചത്. മയ്യഴിയിലെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഇറ്റാലിയന്‍ കര്‍മ്മലീത്ത വൈദികനായ ഫാ. ഡൊമനിക് ഓഫ് ജോണ്‍ ഓഫ് ദ  ക്രോസ് ഇവിടെ എത്തിയതോടെയാണ്. അദ്ദേഹം രൂപം കൊടുത്തതാണ് മയ്യഴിയിലെ ആദ്യകാല ക്രൈസ്തവസമൂഹം. 

അവരുടെ ആരാധനയ്ക്കും മതബോധനത്തിനുമായിട്ടാണ് ആദ്യമായി ഇവിടെ ഒരു ദേവാലയം ഉയരുന്നത്. 1728 ല്‍  നിര്‍മ്മിച്ച പുല്ലുമേഞ്ഞ ചെറിയ വീടായിരുന്നു ആദ്യത്തെ ക്രൈസ്തവപ്രാര്‍ത്ഥനാലയം. പിന്നീട് അത് പള്ളിയായി. പക്ഷേ ബ്രിട്ടീഷ്- ഫ്രഞ്ച് യുദ്ധത്തില്‍ ദേവാലയം അഗ്നിക്കിരയായി.1788 ല്‍ ആണ് ഇന്നത്തെ വിധത്തില്‍ ദേവാലയത്തിന് കല്‍ച്ചുമരുകളുണ്ടായത്.

മാഹിയിലെ പള്ളിനിര്‍മ്മാണത്തിന് സമീപത്തെ ഹൈന്ദവരുടെ ധാരാളം സഹായം കിട്ടിയിരുന്നതായി ചരിത്രം പറയുന്നു. ഹൈന്ദവാചാരമായ ശയനപ്രദക്ഷിണം മാഹിപള്ളിയില്‍ നിലനില്ക്കുന്നതിന് കാരണവും ഇതാവാം. ഇന്ന് പുലര്‍ച്ച രണ്ടുമുതല്‍ ഏഴുവരെയുള്ള ശയനപ്രദക്ഷിണം മാഹിതിരുനാളിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.

മാഹി പള്ളിയുടെ ഒരു പ്രത്യേകതയാണ് ദേവാലയത്തോട് അനുബന്ധിച്ചുള്ള മണിഗോപുരം. 70 സെന്റി മീറ്റര്‍ വ്യാസമുള്ള വലിയ മണിയും  രണ്ട് ചെറിയ മണികളുമാണ് മണിഗോപരുത്തിലുള്ളത്. കൂടാതെ നാല് അടി വ്യാസമുള്ള വലിയ ക്ലോക്കുമുണ്ട്. ഒരു കാലത്ത് മയ്യഴിയെ ഉണര്‍ത്തിയിരുന്നത് ദേവാലയത്തിലെ ഈ മണിയും ക്ലോക്കുമായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടുവരെ കൊടുങ്ങല്ലൂര്‍ രൂപതയുടെ കീഴിലായിരുന്നു മാഹി ദേവാലയം. 1947 ഓടെ മാഹി കോഴിക്കോട് രൂപതയുടെ കീഴിലായി.

കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ക്ക് ലഭിച്ചതാണെന്നും അതല്ല കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഉപകാരസ്മരണയായി കപ്പലിലെ ക്യാപ്റ്റന്‍ നല്കിയതാണ് അതെന്നും ചരിത്രം പറയുന്നതാണ് ദേവാലയത്തിലെ വിശുദ്ധ അമ്മത്യേസായുടെ രൂപം. ചരിത്രം എന്തുമായിക്കൊള്ളട്ടെ മാഹിമാതാവ് ഭക്തര്‍ക്ക് അഭയകേന്ദ്രവും  അനുഗ്രഹദായിണിയുമാണ്. 

മലയാള സാഹിത്യം മയ്യഴിയുമായി ഏറെ ചങ്ങാത്തത്തിലായതിന് കാരണം എം മുകുന്ദനും അദ്ദേഹത്തിന്റെ കൃതികളുമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും മയ്യഴിയെ ഒരു തീര്‍ത്ഥാടനകേന്ദ്രം എന്നതിനപ്പുറം മലയാളി വായനക്കാരനെ ഗൃഹാതുരതയുടെ അനുഭവമാക്കിമാറ്റിയെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.