Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃക്കള്‍ക്കായി ഒരു ദിനം

പിതൃതര്‍പ്പണ ദിനം

ഓര്‍മ്മയിലേക്ക് അവര്‍ വീണ്ടും വരുന്നു. ജീവിച്ചിരിക്കുന്നവരുടെ സ്‌നേഹങ്ങളിലേക്കും.കർക്കടക വാവ് ദിനമായ കർക്കടകം 18 ന് (ഓഗസ്റ്റ് 2 ന്) പുണ്യനദികളുടെ തീരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സ്‌നാനഘട്ടം കൂടിയായി മാറും. ഒഴുകുന്ന പുഴയില്‍ അവരുടെ ഓര്‍മ്മകളുടെ കണ്ണുനീരുകുടി കലര്‍ന്നൊഴുകുന്നുണ്ടാവും.

കര്‍ക്കിടകവാവ്. പിതൃതര്‍പ്പണ ദിനം

പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന ദിനം. കര്‍മ്മബന്ധസങ്കല്പങ്ങളിലെ ബന്ധനങ്ങള്‍ക്ക് മോക്ഷം നേടുകയാണ് കറുത്തവാവ് ദിവസത്തെ ബലിതര്‍പ്പണത്തിലൂടെ ചെയ്യുന്നതെന്നാണ് ഹൈന്ദവവിശ്വാസം.

മരിച്ചുപോയ പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മ്മമാണ് തര്‍പ്പണം. സനാതനധര്‍മ്മം ചിട്ടപ്പെടുത്തിയുള്ള ബലിതര്‍പ്പണരീതികള്‍ സമഗ്രവും ശാസ്ത്രീയവുമാണ്. എല്ലാ മാസത്തിലെയും കറുത്ത വാവ് ദിവസം പിതൃക്കള്‍ക്കായി തര്‍പ്പണം ചെയ്യാമെങ്കിലും കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസത്തിന് കൂടുതല്‍ പ്രത്യേകതയുണ്ട്. കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനം തന്നെ വാവുബലിക്കുള്ള ദിനമായി തിരഞ്ഞെടുക്കുന്നതിന് പിന്നിലെ വിശ്വാസം പിതൃലോകം തുറക്കുന്നത് കര്‍ക്കിടകം മുതലാണ് എന്നതുകൊണ്ടാണ്.

തര്‍പ്പണ്‍ എന്ന സംസ്‌കൃതവാക്കില്‍ നിന്നാണ് തര്‍പ്പണം എന്ന വാക്കുണ്ടായത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നാണ് അതിനര്‍ത്ഥം. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏകഭക്ഷണം. അരി,പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തര്‍പ്പണത്തിന് ഉപയോഗിക്കുന്നത്.

പിതൃക്കള്‍ക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകൂ എന്നാണ് സങ്കല്പം. ഇതില്‍ നിന്നാണ് കര്‍ക്കിടകത്തിലെ കറുത്തവാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്തുന്നത്.

തര്‍പ്പണം യഥാര്‍ത്ഥത്തില്‍ മരിച്ചുപോയ ആത്മാവിനോടുള്ള ആദരവും സ്‌നേഹവും ഓര്‍മ്മയും നന്ദിയും കൂടിയാണ്. തര്‍പ്പണം കിട്ടിയില്ലെങ്കില്‍ പിതൃക്കള്‍ മറ്റ് ജന്മമെടുക്കുമെന്നും അവരുടെ ശാപം വരും തലമുറകളെ ബാധിക്കുമെന്നുമൊരു വിശ്വാസം നിലവിലുണ്ട്. അതുകൊണ്ട് തന്നെ പിതൃക്കള്‍ക്ക് അങ്ങോട്ട് കൊടുക്കുന്നതിലേറെ അവരില്‍ നിന്ന് ഇങ്ങോട്ട് വാങ്ങാനുള്ള ഒരു വഴികൂടിയാണ് തര്‍പ്പണം.

രാമായണകാലം മുതല്‍ പിതൃതര്‍പ്പണം ഉണ്ടായിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. വാനപ്രസ്ഥകാലത്ത് ശ്രീരാമന്‍ ദശരഥന് പിതൃതര്‍പ്പണം ചെയ്തതായി ഒരു ഐതിഹ്യമുണ്ട്. എന്നാല്‍ ബുദ്ധമതത്തിന്റെ സ്വാധീനമാണ് കേരളത്തില്‍ ഈ ആചാരം പ്രബലമാകാന്‍ കാരണമെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. ബുദ്ധമതരാജ്യങ്ങളിലെല്ലാം ഇതിന് സമാനമായ ആചാരമുണ്ടെന്നാണ് ഇതിന് തെളിവായി അവര്‍പറയുന്നത്.

കേരളത്തിലെ ശിവക്ഷേത്രങ്ങളിലാണ് കൂടുതലായും ഈ ദിവസം ആളുകള്‍ തര്‍പ്പണത്തിനായി എത്തുന്നത്.

Your Rating: