Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനാ ശാന്തം; പ്രാര്‍ഥനാനിരതം

mina കല്ലേറു കർമം നിർവഹിക്കാനെത്തിയ തീർഥാടകലക്ഷങ്ങൾ

അപകടം നടന്നു മണിക്കൂറുകൾക്കകം മിനായിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായി. സൗദി സർക്കാരും ഇന്ത്യൻ ഹജ് മിഷനും എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്. അഭ്യൂഹങ്ങൾ കേട്ട് ആരും ആശയക്കുഴപ്പത്തിൽപെടേണ്ട കാര്യമില്ല. സൗദി സിവിൽ ഡിഫൻസിൽ നിന്നും ഇന്ത്യൻ ഹജ് കോൺസുലേറ്റിൽ നിന്നും അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാം.

മലയാളികളെ കാണാതായെന്ന വാർത്ത നാട്ടിൽ നിന്ന് അറിയുന്നുണ്ട്. എന്നാൽ, അവരെ അപകടത്തെ തുടർന്നു കാണാതായതാകണമെന്നില്ല. ചിലപ്പോൾ വഴി തെറ്റിയതാകാം, അസുഖം വന്നതാകാം. തീർഥാടകരെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അടങ്ങിയ രണ്ടു വളകൾ ഹാജിമാരുടെ കയ്യിലുണ്ട്.

ഒന്ന് സ്റ്റീൽ വള, മറ്റേത് തുകൽ വള. അതുകൊണ്ടു തന്നെ ഇവരെ കണ്ടുപിടിക്കാൻ താരതമ്യേന എളുപ്പമാണ്. ഇവിടെ എല്ലാവരും പ്രാർഥനാനിരതരായി കഴിയുകയാണ്. പലരും ഫോൺ ഓഫ് ചെയ്തിരിക്കുന്നു. അനാവശ്യ ആശങ്കകൾ ഒഴിവാക്കി പ്രാർഥനയിൽ പങ്കുചേരുകയാണു നാട്ടിലുള്ളവരും ചെയ്യേണ്ടത്.

മിനായിലെ രക്ഷാദൗത്യത്തിനു പട്ടാളം നേരിട്ടാണ് നേതൃത്വം നൽകുന്നത്. കല്ലെറിയൽ കർമം സുഗമമായി നടക്കുന്നു. മലയാളികൾ സുരക്ഷിതരാണെന്നാണു ലഭിക്കുന്ന വിവരം. തമ്പുകളിൽ ഇവർ സംഘങ്ങളായാണു താമസിക്കുന്നത്. ഇവരെ സഹായിക്കാൻ മലയാളി സന്നദ്ധ പ്രവർത്തകരും ഉണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്കു സേവനം ഉറപ്പുവരുത്തി ഹജ് കോൺസുലേറ്റും കേന്ദ്ര ഹജ് പ്രതിനിധി സംഘവും ഇവിടെ മികച്ച സേവനമാണ് നൽകുന്നത്.

ഹജ് നിർവഹിക്കുന്നവർക്ക് സർക്കാർ കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ഓരോ രാജ്യക്കാർക്കും കല്ലെറിയാനുള്ള സമയവും പോകേണ്ട വഴിയും തിരികെ വരേണ്ട വഴിയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. 25 ലക്ഷം പേരാണ് ഇപ്പോൾ മിനായിലുള്ളത്. കല്ലെറിയൽ കർമം മുൻപ് ഒരു നിലയിലാണ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ അഞ്ചു നിലകളിലാണ് നടക്കുന്നത്.

നിയമം പാലിക്കുക എന്നതാണു ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗം. ഈ വർഷം 20 ലക്ഷം പേർക്കാണ് ഹജ് നിർവഹിക്കാൻ സർക്കാർ അവസരം നൽകിയിരിക്കുന്നത്.

എന്നാൽ, ലക്ഷക്കണക്കിന് ആളുകൾ അനധികൃതമായി ഇവിടെ എത്തിയിട്ടുണ്ട്. ഇവർ റോഡരികിലും പാലത്തിന്റെ അടിയിലുമൊക്കെ തമ്പടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അനധികൃത ഹാജിമാരുടെ വരവു തടയാൻ ഓരോ രാജ്യവും മുൻകൈ എടുക്കണം. മിനായിലെ ഭൂമി വികസിക്കുന്നില്ല. മുൻപുള്ള അതിർത്തി തന്നെയാണ് ഇപ്പോഴും. ഇതിനുള്ളിലാണ് ഈ ജനലക്ഷങ്ങളെ ഉൾക്കൊള്ളേണ്ടതെന്നു മറക്കരുത്.

(ഇന്ത്യൻ ഇസ്‍ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയാണു ലേഖകൻ)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.