Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയെ സെപ്റ്റംബർ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും

മദർ തെരേസ

വത്തിക്കാൻ∙ പാവങ്ങളുടെ അമ്മയായ മദർ തെരേസയെ (1910 ഓഗസ്റ്റ് 26– 1997 സെപ്റ്റംബർ 5) സെപ്റ്റംബർ നാലിന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകിയിരുന്നു.

അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണ് ആഗ്നസ് ബൊജക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്. 1928ൽ അയർലൻഡിലെ ഡബ്ലിനിലുള്ള റാത്ഫർമാം ലൊറേറ്റ കന്യാസ്ത്രീമഠത്തിൽ ചേർന്ന ആഗ്നസ് തുടർന്ന് തെരേസയെന്ന പേരു സ്വീകരിച്ചു. 19–ാം വയസിൽ ഇന്ത്യയിലെത്തി. 1951ൽ ഇന്ത്യൻ പൗരത്വം നേടിയ മദർ തെരേസയെ 1962ൽ പത്മശ്രീയും 1980ൽ ഭാരതരത്നയും നൽകി ഇന്ത്യ ആദരിച്ചിട്ടുണ്ട്. കൂടാതെ, മഗ്സെസെ പുരസ്കാരം, 1972 ൽ ജവാഹർലാൽ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം എന്നവയ്ക്കും മദർ അർഹയായിട്ടുണ്ട്.

ഭാരത കത്തോലിക്കാ സഭയ്‌ക്ക് ഇതുവരെ മൂന്നു വിശുദ്ധരെയാണ് ലഭിച്ചിരുന്നത്. അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എവുപ്രാസ്യമ്മ എന്നിവരാണ് വിശുദ്ധരുടെ നിരയിലെത്തിയത്.

വിശുദ്ധ നാമകരണത്തിന് അദ്ഭുത രോഗശാന്തി

വൈദ്യശാസ്ത്രത്തിനു കാരണം കണ്ടെത്താൻ കഴിയാത്ത തരത്തിലുളള അദ്ഭുതകരമായ രോഗശാന്തിയാണ് വിശുദ്ധ നാമകരണത്തിനായി വത്തിക്കാൻ പരിഗണിച്ചത്. ഇത്തരം രണ്ട് അദ്ഭുത പ്രവൃത്തികൾ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് വിശുദ്ധ പ്രഖ്യാപനത്തിനു വഴിയൊരുങ്ങിയത്.

മദർ തെരേസയുടെ ഒന്നാം അദ്ഭുത പ്രവൃത്തി

1998ൽ മൊണീക്ക ബെസ്ര എന്ന ബംഗാൾ ഗോത്രയുവതിയുടെ വയറ്റിലെ ട്യൂമർ ഭേദമായത്. 2002ൽ വത്തിക്കാൻ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

രണ്ടാം അദ്ഭുത പ്രവൃത്തി

ബ്രസീലിലെ സാവോ പോളോയിലെ സാന്റോസ് രൂപതാംഗമായ ഒരാളുടെ തലച്ചോറിലെ ട്യൂമറുകൾ ഭേദമായത്.

Your Rating: