Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണികണ്ടുണരേണം നവാമുകുന്ദനെ

navaya-temple1

നാവാമുകുന്ദനെ കണികണ്ടു മനസ്സിന്റെ 
തീരാത്ത ദുഖങ്ങളൊഴിഞ്ഞു പോകേ...
നിളാതീരത്തെ നാവാമുകുന്ദൻ ഒരു ആശ്വാസമാണ്, പലർക്കും പലതിനോടുമുള്ള സാന്ത്വനവുമാണ്. ഐതിഹ്യപെരുമകൾ കൊണ്ടു നിറഞ്ഞു നിൽക്കുന്ന നാവാമുകുന്ദൻറെ കഥകൾ എത്ര കേട്ടാലും മതിവരാത്തതുമാണ്. ലക്ഷ്മീ സമേതനായ നാരായണനാണ് തിരുനാവായ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

മലർ മങ്കൈ നാച്ചിയാർ എന്നാണ് തിരുനാവായയിലെ ലക്ഷ്മീ സ്വരൂപത്തെ വിളിക്കപ്പെടുന്നത്. സാക്ഷാൽ ഗണപതി സ്ഥിരമായി താമരപ്പൂക്കൾ കൊണ്ടു ഭഗവാനെ ആരാധിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഒരു ദിവസം വന്നു നോക്കിയപ്പോൾ പൊയ്കയിൽ താമരപ്പൂക്കൾ കാണാത്തതിനാൽ സങ്കടം വന്ന ഗണേശൻ ഭഗവാനോട് പരാതി പറയാൻ ചെന്നപ്പോൾ വിഗ്രഹം താമരപ്പൂക്കളാൽ നിറഞ്ഞിരിക്കുന്നതും കണ്ടത്രേ. ഭക്തന്മാരോടുള്ള ഭഗവാന്റെ സ്നേഹത്തിൽ അസൂയ തോന്നിയ ലക്ഷ്മീ ദേവി ഗണപതി എത്തുന്നതിനു മുൻപ് തന്നെ താമരപ്പൂക്കൾ പറിച്ചെടുത്തതാണെന്നു കരുതിപ്പോരുന്നു. അതുകൊണ്ടു  മലർ മങ്കൈ നാച്ചിയാർ എന്ന പേരിൽ ദേവി ഇവിടെ അറിയപ്പെടുന്നത്. ലക്ഷ്മീ സമേതനാണെങ്കിലും സാക്ഷാൽ ഗണേശൻ ഇവരുടെ പുത്രനായി നാവാമുകുന്ദ ക്ഷേത്രത്തിൽ ആരാധിച്ചു പോരുന്നു. ശിവ പ്രതിഷ്ഠയും ഉള്ളതിനാൽ കാശി മഹാക്ഷേത്രത്തോടും തിരുനാവായ കല്പിച്ചു പോരുന്നുണ്ട്. 

ലക്ഷ്മീ സമേതനായ നാരായണൻ പല ക്ഷേത്രങ്ങളിലുമുണ്ട്, എന്നാൽ ശ്രീലകത്തു തന്നെ ഇടതുഭാഗത്തു ദേവിയ്ക്ക് പ്രത്യേകം ഇരിപ്പിടവും പ്രത്യേക പൂജകളും ഒക്കെ ഉള്ള ക്ഷേത്രങ്ങൾ അപൂർവ്വമാണ്, അതിലൊന്നാണ് തിരുനാവായ. ശ്രീ നാവായ് മുകുന്ദ പെരുമാളായതിനാൽ ‘തിരുനവയോഗി’ എന്നും അതു പിന്നീട് തിരുനാവായ ആയതുമാണെന്നാണ് വിശ്വാസം. 

navaya-temple2

ഇവിടുത്തെ ഗണേശ വിഗ്രഹത്തിനുമുണ്ട് കഥ പറയാൻ. മഹാഭാരതത്തിൽ വായിക്കപ്പെടാവുന്ന കഥയാണിത്. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് ശാപം കൊണ്ടു ഗജേന്ദ്രൻ എന്ന ആനയായി ജനിക്കുകയുണ്ടായി. നിത്യവും താമരപ്പൂക്കൾ പറിച്ചു ഭഗവാന് നേദിക്കാറുണ്ടായിരുന്നു ഗജേന്ദ്രൻ. മഹാവിഷ്ണു തന്റെ മോക്ഷകാരകൻ ആകുമെന്ന ശാപമോക്ഷത്താൽ ഗജേന്ദ്രൻ ഒരിക്കലും തന്റെ ആരാധന മുടക്കിയതേയില്ല. ഒരിക്കൽ നിളയിലിറങ്ങിയ ഗജേന്ദ്രന്റെ കാലിൽ ഒരു മുതല കടിച്ചു. നാരായണനെ ഉറക്കെ വിളിച്ചു കരഞ്ഞ ഗജേന്ദ്രനെ രാക്ഷിക്കാൻ ഒടുവിൽ പക്ഷി പുറത്തു എഴുന്നെള്ളി ദേവൻ തന്നെ വന്നുവെന്നാണ് ഐതിഹ്യം. ഹുഹു എന്ന ഗന്ധർവ്വൻ ശാപത്തെ നിമിത്തം മുതലായി മാറിയതാണ് ഗജേന്ദ്രന്റെ കാലിൽ കടിച്ചത്. തന്റെ സുദർശനം ഉപയോഗിച്ചു മുതലയെ കൊന്നു മഹാവിഷ്ണു ഹുഹുവിനും ഗജേന്ദ്രനും മോക്ഷം നൽകി. എന്നാൽ ദേവനെ വിട്ടു പിരിയാൻ ആഗ്രഹിക്കാത്ത ഗജേന്ദ്രനെ തന്റെ തൊട്ടടുത്തു സ്ഥാനം നൽകി ഗണേശ സങ്കൽപ്പത്തിൽ പൂജകൾക്ക് വിധി നൽകി. അങ്ങനെയാണ് ഗണപതി സങ്കൽപ്പം അവിടെയുണ്ടായതെന്നു കരുതപ്പെടുന്നു. 

നാവാമുകുന്ദ ക്ഷേത്രം ഏറെ പ്രശസ്തമായിരിക്കുന്നത് പിതൃക്കളുടെ പ്രീതിക്കായാണ്. ഇവിടെ ബലിതർപ്പണ കർമ്മങ്ങൾ നിത്യമെന്നോണം നടക്കാറുണ്ട്. പണ്ട് പരശുരാമൻ ക്ഷത്രിയ ഹത്യ നടത്തി ആത്മാക്കൾക്ക് ശാന്തി നൽകാൻ ഇവിടെ വന്നു ബലിയിട്ടെന്ന് കരുതിപ്പോരുന്നു. തുടർന്നാണത്രെ ബലിയിടൽ ചടങ്ങുകൾ ഇവിടെ നടത്താൻ ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായി തിരുനാവായ കരുത്തപ്പെടുന്നുണ്ട്. കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈക്ഷേത്രം നിലനിൽക്കുന്നത്.

ഭാരതപ്പുഴയാണ് തിരുനാവായുമായി ബന്ധപ്പെട്ട ജലസമ്പത്ത്. ക്ഷേത്രത്തിന്റേതായി മറ്റു കുളമോ ഒന്നും തന്നെയില്ല. നിളയാൽ ചുറ്റപ്പെട്ട ഒരു മനോഹര ഇടം കൂടിയാണ് തിരുനാവായ. സുഖകരമായ മരണത്തിനു വേണ്ടി താമരയില അർച്ചിക്കുന്ന ഇടമാണ് ഇതെന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നില്ലേ. മരണം പോലും എത്രയും ലഘൂകരിക്കുക എന്ന പൂർവിക ചിന്തകൾ തന്നെയാണ് ഇതിന്റെ പുറകിലുമുള്ളത്. വിഷുവിനാണ് ഇവിടെ ഉത്സവം നടക്കുക. പത്തുദിവസത്തെ ഉത്സവം വിഷു ദിനത്തിലാണ് കൊടിയേറുക. നിറപുത്തരിയും ഇവിടെ ആഘോഷപൂർവ്വം ആഘോഷിക്കുന്നുണ്ട്. വടക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തവും ഭക്തർ പോകാനും തൊഴാനാഗ്രഹിക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നു തന്നെയാണ് നാവാമുകുന്ദ ക്ഷേത്രം. 

Your Rating: