Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്ദേ മുകുന്ദ ഹരേ...

Nava Mukuntha Temple നാവാമുകുന്ദക്ഷേത്രം പ്രധാനകവാടം

വെയിൽത്തിളക്കം വീഴാത്ത നിളാനദിക്കരയിൽ നിൽക്കുമ്പോൾ മനസിൽ ഇടയ്ക്ക മുറുകി.

**വന്ദേ മുകുന്ദ ഹരേ, ജയശൗരേ.... സന്താപ ഹാരി മുരാരേ....**

നിൽക്കുന്നത് നാവാമുകുന്ദന്റെ മുന്നിലാണ്. ആത്മാക്കൾ സ്വർഗത്തിലേക്കു തേരിൽ ഏറുന്ന ശാന്തി തീരം. മണ്ണുവിട്ട് പോയവരുടെ ഓർമകളിൽ തൊടാതെയുള്ള പകൽ ഈ മുറ്റത്തില്ല. ഓർമകളുടെ വിരൽത്തുമ്പു പിടിക്കാതെ ഈ മുറ്റത്തേക്ക് ആരും വരാറില്ലെന്നു തോന്നി.

നിറഞ്ഞൊഴുകുന്ന നിളയിലും തൂമഞ്ഞുതുള്ളികൾ തൊട്ട ആലിലയും മാത്രമല്ല, ഇതുവഴി ഒഴുകുന്ന കാറ്റിൽ പോലുമുണ്ട് ശതകോടി ഓർമകൾ. എള്ളിനും പൂവിനും ചന്ദനത്തിനുമൊപ്പം ഓർമകൾ കൂടി അർപ്പിച്ച് ബലിതർപ്പണം ചെയ്ത് നിളയിൽ മുങ്ങി നിവരുമ്പോൾ ഇലക്കീറിനൊപ്പം ഒഴുകിപ്പോവുന്നത് ദുഃഖങ്ങൾ കൂടിയാണ്.

balitharpanam ഒാർമകളുടെ തർപ്പണം : ബലിതർപ്പണത്തിനെത്തിയവർ

വർഷത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന ക്ഷേത്രം, അതു മാത്രമല്ല നാവാമുകുന്ദ ക്ഷേത്രം. അതിനുമപ്പുറം ചരിത്രവും എതെിഹ്യവും പൂവിട്ടു നിൽക്കുന്ന പുണ്യതീരം കൂടിയാണ്.

ഭഗവാനേ.... നാവാമുകുന്ദാ... പ്രാർഥനയിൽ കർപ്പൂരം പോലെ ഉരുകി ഭക്തർ വിളിച്ചു. നടതുറന്നു. ശ്രീകോവിലിനുള്ളിൽ, നെയ്വിളക്കിന്റെ സൂര്യതേജസോടെ പുഞ്ചിരിച്ചു നിൽക്കുന്ന ശംഖചക്രഗദാപത്മധാരിയായ നാവാമുകുന്ദൻ.

ശ്രീകോവിലിൽ നിന്നിറങ്ങി വന്ന് മേൽശാന്തി അരീക്കര മനയിലെ ഗിരീഷ് തിരുമേനി കൈക്കുമ്പിളിലേക്ക് കഥയുടെ പുണ്യം പകർന്നു തന്നു. നാവാമുകുന്ദനെ ഭജിക്കുന്നത് ഭാഗ്യമായാണ് ഞങ്ങൾ കരുതുന്നത്. മുൻ തലമുറകൾ ചെയ്ത പൂണ്യം. അറുനൂറ്റിയമ്പതു വർഷം മുമ്പാണ് ഞങ്ങളുടെ പൂർവികർ ഈ ക്ഷേത്രത്തിലേക്ക് പൂജകൾക്കായി എത്തുന്നത്. അവർ കാലെടുത്തു വച്ച സ്ഥലത്ത് ഞങ്ങൾക്ക് പൂവിടാൻ കഴിയുന്നത് ഭാഗ്യം. ഇത് ബലിതർപ്പണത്തിനു മാത്രമുള്ള ക്ഷേത്രമായി കാണരുത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ പൂജാവിധികളാണ് ഇവിടെയും നടക്കുന്നത്. തൊഴുതു വരൂ, കഥകൾ പറഞ്ഞു തരാം... ഭക്തിയുടെ വിളക്കിൽ നെയ്യ് പകരാനായി തിരുമേനി ശ്രീകോവിലേക്ക് നടന്നു.

കാത്തുകൊള്ളണേ ഭഗവാനേ... കാണുന്ന കാഴ്ചകളിലെല്ലാം കഥ കൊത്തിവച്ചിട്ടുണ്ടെന്ന് മനസു പറഞ്ഞുകൊണ്ടേയിരുന്നു. ശ്രീകോവിലിന്റെ പിൻഭാഗത്തുള്ള അടച്ചിട്ട വാതിലും അതിനു താഴെയുള്ള നന്തിപ്രതിമയും കഥകളുടെ ദലങ്ങളായിരുന്നു. മൺതരിക്കു പോലും ക്ഷേത്രകഥകളറിയുന്ന നാട്ടിൽ ആരോടു ചോദിച്ചാലും എതെിഹ്യങ്ങളുടെ കെട്ടഴിഞ്ഞു വീഴും.

മാർക്കണ്ഡേയന്റെ കഥയുമായി നാവാമുകുന്ദ ക്ഷേത്രത്തിനു ബന്ധമുണ്ട്. അടച്ചിട്ട വാതിലും നന്തിയും ആ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ശിവഭക്തനായ മാർക്കണ്ഡേയന് പതിനാറു വയസുവരെയേ ആയുസുണ്ടായിരുന്നുള്ളൂ. മരണമുഹൂർത്തം എത്തിയ ദിവസത്തിൽ മാർക്കണ്ഡേയനെ പിടികൂടാൻ പാശവും ഇരുമ്പുലക്കുമായി യമരാജാവ് എത്തി. ഇതുകണ്ട് ഭയന്ന മാർക്കണ്ഡേയൻ നാവാമുകുന്ദന്റെ മുന്നിൽ അഭയം തേടി. ഇക്കാര്യത്തിൽ താൻ നിസഹായനാണെന്നും തൃപ്പങ്ങോട്ടു സന്നിധിയിലെത്തി ശ്രീപരമേശ്വരനെ അഭയം പ്രാപിച്ചാലേ രക്ഷകിട്ടൂ എന്നും നാവാമുകുന്ദൻ ഉപദേശിച്ചു. ഈശ്വരനിശ്ചയത്താൽ ശ്രീകോവിലിന്റെ പിൻഭാഗത്ത് അപ്പോൾ വാതിലുണ്ടായി. അതുവഴി മാർക്കണ്ഡേയൻ ഇറങ്ങി ഓടി. അതോടെ വാതിൽ തുറക്കാനാവാത്ത വിധം അടഞ്ഞു പോയെന്നു ഭക്തർ വിശ്വസിക്കുന്നു.

തൃപ്രങ്ങോട്ടെത്തിയ മാർക്കണ്ഡേയൻ ശിവലിംഗത്തിൽ കെട്ടിപിടിച്ചു കിടന്നു പ്രാർഥിച്ചു. പിന്നാലെ വന്ന കാലൻ കാലപാശമെറിഞ്ഞെങ്കിലും പരമശിവൻ കാലനെ നിഗ്രഹിക്കുകയും ഭക്തനെ രക്ഷിക്കുകയും ചെയ്തു എന്നാണു കഥ. ക്ഷേത്രത്തിനു ചുറ്റും പതിച്ച കരിങ്കൽപാളികളിൽ വട്ടത്തിൽ കാണുന്ന പാടുകൾ കാലൻ ഇരുമ്പുലക്കകൊണ്ട് മാർക്കണ്ഡേയനെ അടിച്ച പാടുകളാണെന്നു ഭക്തർ വിശ്വസിക്കുന്നു.

കഥകൾ കേട്ട് പുഞ്ചിരിയോടെ അരീക്കരമനയിലെ നാരായണൻ നമ്പൂതിരി പറഞ്ഞു: ഭഗവാന്റെ സാന്നിധ്യം ഏറെയുള്ള മണ്ണാണിത്. നാൽപത്തിയേഴുവർഷമായി ഭഗവാനു മുന്നിൽ ജീവിതം അർപ്പിച്ചിട്ട്. ഈ മുറ്റത്താണ് പിച്ചവച്ചു തുടങ്ങിയതെന്നു വേണമെങ്കിൽ പറയാം. അന്ന് റോഡ് സൗകര്യം ഒന്നും ഇല്ലല്ലോ. പാടവും തോടും ഒക്കെ ചാടിക്കടന്ന് മൂന്നുമണിയാവുമ്പോഴേ ഇങ്ങട്ടേക്കെത്തണം. നിളയിൽ നിന്നാണ് അഭിഷേകത്തിന് വെള്ളം എടുക്കുക. വേനൽകാലത്ത് എവിടെ കഴുകണമെന്ന് നിള തീരുമാനിക്കും. നമ്മൾ അവിടേക്കു പോയി അഭിഷേകത്തിനു വെള്ളമെടുക്കണം. വെളിച്ചമില്ലാതെ മണൽത്തിട്ടയിലൂടെ നടക്കുമ്പോഴും ഭയന്നിട്ടില്ല. മുകുന്ദൻ കൂടെയുണ്ട്, തുണയായി എപ്പോഴും. അപ്പോൾ തിരുമേനിയുടെ മനസിൽ മുകുന്ദൻ മാത്രമേയുണ്ടായിരുന്നുള്ളൂ.

നാവാമുകുന്ദക്ഷേത്രത്തിൽ പെരുന്തച്ചന്റെ കയ്യൊപ്പുണ്ടെന്ന് പഴമക്കാർ കരുതുന്നു. ശ്രീകോവിലിന്റെ ഒരുവശത്ത് ഒരു ഉളിയിരിക്കുന്നുണ്ട്. അത് പെരുന്തച്ചന്റേതാണെന്നാണു വിശ്വാസം. ശ്രീകോവിലിന് ചെറിയൊരു ചരിവുണ്ടായതു പെരുന്തച്ചൻ കണ്ടെത്തി. അതു കൽപാളികൾക്കിടയിൽ ഉളിവച്ച് നേരെയാക്കിയത്രേ. അതുപോലെ മതിൽക്കെട്ടിനകത്താണോ പുറത്താണോ എന്നു സംശയമുണ്ടാക്കുന്ന പഴുക്കാ മണ്ഡപവും പെരുന്തച്ചന്റെ കരവിരുതായി പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ ഒരു കൽവിളക്കുണ്ടായിരുന്നു. സന്ധ്യയ്ക്കു ദീപം കൊളുത്തിയാൽ കാറ്റടിച്ചു കെട്ടുപോവുക പതിവായിരുന്നു. ഒരിക്കൽ പെരുന്തച്ചൻ ഇതു വഴി വന്നപ്പോൾ കാറ്റിന്റെ ഗതി പഠിച്ച് ഒരു വലിയ ഒറ്റക്കല്ല് സ്ഥാപിച്ചു. അതിനുശേഷം കൽവിളക്കിലെ ദീപം കെട്ടിട്ടില്ലത്രേ. അതുപോലെ ക്ഷേത്രത്തിനകത്തു നിന്നു നോക്കിയാൽ പുഴയൊഴുകുന്നത് തെക്കുവടക്കാണെന്നേ തോന്നൂ. പക്ഷേ, യഥാർഥത്തിൽ കിഴക്കു പടിഞ്ഞാറാണ് നിളയൊഴുകുന്നത്. തുലാമാസത്തിൽ ഒരു ദിവസം സൂര്യൻ, വിഗ്രഹത്തിനു നേരെ വരും. അന്നു ശ്രീകോവിലിനകത്ത് ദൈവികമായ ഒരു തെളിച്ചമുണ്ടാവും.

ക്ഷേത്രത്തിലെ അദ്ഭുതങ്ങൾ കണ്ടു നടക്കുമ്പോൾ ഗിരീഷ് തിരുമേനി വീണ്ടുമെത്തി. കയ്യിൽ കഥകളുടെ പ്രസാദമുണ്ട്. മാമാങ്കത്തിൽ തലയറ്റുവീണ ആത്മാക്കൾ അലഞ്ഞിരുന്ന തിരുനാവായയെ തർപ്പണം ചെയ്തു ശുദ്ധമാക്കാനെത്തിയ ഒരുകൂട്ടം തിരുമേനിമാർ. അവരുടെ വ്രതശുദ്ധിയും അർപ്പണവും പൂർവികരുടെ കഥകൾക്കൊപ്പം അരീക്കരമനയിലെ പുതിയ തലമുറ നടന്നു തുടങ്ങി.

നാടു ശുദ്ധമാക്കാനെത്തിയ മന പണ്ട് കോഴിക്കോട് ബാലുശേരിയിലായിരുന്നു അരീക്കരമന, കുമ്പ്രനാട്ടു രാജാവിന്റെ കീഴിൽ. വൈദികവും താന്ത്രികവും വിഷചികിത്സയും അരീക്കരമനയിലുള്ളവർക്ക് അറിയാമായിരുന്നത്രെ. ഇതുമൂന്നും ഒരുമിച്ച് അറിയുന്നവർ അക്കാലത്ത് കുറവായിരുന്നു. അതുകൊണ്ടാവാം മാമാങ്കത്തിൽ മരിച്ചുവീണവരുടെ ആത്മാക്കൾ അലഞ്ഞു നടന്നിരുന്ന തിരുനാവായയിലേക്ക് വരാൻ സാമൂതിരി ക്ഷണിച്ചത്.

arikkaramana മനസ്സിൽ നാവാമുകുന്ദന്റെ പുണ്യം : അരീക്കരമനയിലെ മേൽശാന്തിമാർ

മറ്റൊരു നേട്ടത്തെക്കുറിച്ചും ആലോചിക്കാതെ ആരാധനാ മൂർത്തിയായ വേട്ടേക്കരനെയും ശ്രീചക്രത്തെയും എടുത്ത് അവർ ഇങ്ങോട്ടു പോന്നത്. ഇപ്പോൾ കുടുംബത്തിൽ നാൽപത്തിയാറിലധികം മേൽശാന്തിമാരുണ്ട്. താവഴിയനുസരിച്ച് ഊഴം വച്ചാണ് പൂജ ചെയ്യുന്നത്. അഞ്ചു താവഴിയാണുള്ളത്. പഴയ കഥകൾ ഓർക്കുമ്പോൾ പുതിയ തലമുറയ്ക്കു പോലും അഭിമാനം തോന്നാറുണ്ട്.

അതുകൊണ്ടാണ് മറ്റു പല ജോലിയിലാണെങ്കിലും ഭഗവാനെ പൂജിക്കുവാനുള്ള അവസരം വരുമ്പോൾ ഭാഗ്യമായി കണ്ട് എല്ലാവരും ഓടിയെത്തുന്നത്. ഗിരീഷ് തിരുമേനിയും അഭിലാഷ് തിരുമേനിയും പുതിയ തലമുറയിലുള്ളവരുടെ അർപ്പണത്തെക്കുറിച്ചു പറഞ്ഞു. പൂജ ചെയ്യാനുള്ള അവസരം ഉണ്ടാവുമ്പോൾ എത്താതിരിക്കാൻ ആവില്ലെന്ന് ചെന്നൈയിൽ എൽആൻടിയിൽ സീനിയർ എൻജിനീയർ ആയ ഹരീഷ് നമ്പൂതിരി ഓർക്കുന്നു. ഊഴസമയത്ത് ലീവ് എടുത്തും നാവാമുകുന്ദന്റെ പാദങ്ങളിൽ പ്രാർഥനയോടെ സ്വയം അർപ്പിക്കാൻ എത്താതിരിക്കാനാവില്ലത്രേ.

ബലിതർപ്പണപുണ്യം ക്ഷേത്രത്തിനകത്ത് തിരക്കു കൂടുകയാണ്. നിളയുടെ ഒരു കരയിൽ നാവാമുകുന്ദനാണെങ്കിൽ മറുകരയിൽ ബ്രഹ്മക്ഷേത്രവും ശിവക്ഷേത്രവും ഉണ്ട്. മൂന്നു മൂർത്തികളും ഒരേ സ്ഥലത്തുള്ളതുകൊണ്ടാണ് ആത്മാവിനു മോക്ഷം നൽകാനായി ബലിതർപ്പണത്തിനായി നാവാമുകുന്ദന്റെ മുന്നിലേക്ക് ഭക്തർ എത്തുന്നത്. ബലിതർപ്പണത്തിനു ശേഷം അവർ മുകുന്ദന്റെ മുന്നിൽ ഈറൻതൊട്ട മിഴികൾ അടച്ചു നിന്നു പ്രാർഥിക്കും. ആദിഗണേശനും ലക്ഷ്മീദേവിയും ഉപദൈവങ്ങളായുണ്ട്. ലക്ഷ്മീസമേതനായ നാരായണന്റെ സങ്കൽപമാണ് നാവാമുകുന്ദന്റേത്. ആദിഗണേശന്റെ പ്രതിഷ്ഠ ഗജേന്ദ്രമോക്ഷ കഥയുമായി ബന്ധമുണ്ട്.

നമുക്കൊന്നും വിചാരിക്കാൻ കഴിയാത്തത്ര പഴക്കമുള്ള ക്ഷേത്രമാണിത്. കേൾക്കുന്ന ഓരോ കഥയിലും ക്ഷേത്രത്തിന്റെ പഴക്കം കൊത്തി വച്ചിട്ടുണ്ട്. പ്രദക്ഷിണം ചെയ്യുന്നതിനിടെ സുദീപ് നമ്പൂതിരി പറഞ്ഞു.

തറവാട്ടിലുള്ള ഞങ്ങളുടെ പൂർവികരുടെ വലിയ മനസിനെക്കുറിച്ചും മതമൈത്രിയുടെ കാര്യത്തിൽ അവർക്കുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അറിയാൻ താമരക്കായലിന്റെ കഥ കേട്ടാൽ മതി. നാവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ടതാണ് താമരപ്പൂക്കൾ. താമര കൃഷി ചെയ്യണമെന്ന ആഗ്രഹവുമായി മുസ്ലിം മതത്തിലെ ഒരാൾ തറവാട്ടിലെത്തി താമരയുടെ ഒരു കിഴങ്ങു വേണമെന്ന് അപേക്ഷിച്ചു. അന്നത്തെ കാരണവർ ഒരു മടിയും കൂടാതെ അതു നൽകി. പൂവിടുമ്പോൾ നാവാമുകുന്ദനുള്ളത് നൽകണം എന്നു മാത്രം പറഞ്ഞു. അന്യമതത്തിൽപ്പെട്ട വിരൽപാടുമായാണ് ഇന്നും നാവാമുകുന്ദന്റെ കാൽപാദത്തിലേക്ക് പൂക്കളെത്തുന്നത്. സുദീപ് നമ്പൂതിരി.

ക്ഷേത്രത്തിനു വലംവച്ചു കഴിഞ്ഞ് ഊട്ടുപുരയിലേക്കു നടന്നു. രാവിലെ മുതൽ തുടങ്ങുന്ന അന്നദാനം ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഉപ്പുമാവും പയറുകറിയും ചായയുമാണ് ഇന്നത്തെ വിഭവം. ചില ദിവസങ്ങളിൽ ഇഡ്ഡലിയും സാമ്പാറും അന്നദാനം കഴിഞ്ഞ് പുറത്തേക്കിറങ്ങി.

നാവാമുകുന്ദനു മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന ആൽമരം അതിനപ്പുറം അയ്യപ്പക്ഷേത്രം. നാവാമുകുന്ദക്ഷേത്രത്തിനോടു ചേർന്നാണ് അയ്യപ്പക്ഷേത്രം. നിളയിൽ നിന്നു കിട്ടിയ വിഗ്രഹമാണിതെന്ന് ക്ഷേത്രത്തിലെ മേൽശാന്തി പ്രകാശൻ തിരുമേനി പറഞ്ഞു.

ആൽമരച്ചുവട്ടിൽ വിറയ്ക്കുന്ന കൈകളോടെ കൃഷ്ണൻ നമ്പൂതിരി നിൽക്കുന്നുണ്ടായിരുന്നു. അരീക്കര മനയിലെ പ്രായം ചെന്ന മേൽശാന്തി. നിളയിൽ നിന്നുയർന്നു വന്ന കാറ്റ് തിരുമേനിയുടെ കൈപിടിച്ച് ആൽത്തറയിലിരുത്തി. പ്രായാധിക്യത്തിൽ ക്ഷേത്രത്തിലേക്കുള്ള വരവ് ചുരുങ്ങിയിരിക്കുന്നു. ആൽത്തറയിലിരുന്ന് മുകുന്ദന്റെ നടയിലേക്ക് നോക്കി കൃഷ്ണൻ നമ്പൂതിരി ഇരുന്നു, ഓർമയിലൊരു ഉണ്ണിയായതുപോലെ.

അച്ഛന്റെ കൈപിടിച്ചാണ് ഈ നടയിലേക്ക് വന്നത്. വൈകിട്ട് പൂജകഴിഞ്ഞ് ഊട്ടുപുരയിൽ കിടക്കും. അതായിരുന്നു പതിവ്. അങ്ങനെ ഒരുദിവസം. കയ്യിൽ ഗ്ലാസുവിളക്കുമായി ഞാൻ മുന്നേ നടക്കുകയായിരുന്നു. പെട്ടെന്നാണ് അച്ഛൻ വിളിച്ചു പറഞ്ഞത്: കൃഷ്ണാ, എന്നെ എന്തോ കടിച്ചു കാലിൽ കടിച്ച പാടുണ്ട്. പക്ഷേ, പൂജമുടങ്ങാതിരിക്കാൻ അച്ഛൻ ശ്രീകോവിലിലേക്കു കയറി. എന്നിട്ട് ഭഗവാനു ചാർത്തിയ ഒരുരുള ചന്ദനമെടുത്ത് കാലിൽ കടിച്ച ഭാഗത്തു വച്ചു. നടയടച്ചു വന്ന് ഭക്ഷണം കഴിക്കാനിരുന്നു.

പാമ്പു കടിച്ചാൽ ഭക്ഷണം കഴിക്കരുതല്ലോ. മുകുന്ദാ വിശന്നിട്ടു വയ്യ. ഞാൻ ഭക്ഷണം കഴിച്ചോട്ടേ.... എന്നു ചോദിച്ച് കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ഭയം കൊണ്ട് എനിക്കുറങ്ങാൻ പറ്റിയില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. നാലു മണിക്ക് അച്ഛൻ എന്നെ വിളിച്ചു. കൃഷ്ണാ എഴുന്നേൽക്ക്... നോക്കുമ്പോൾ തലേദിവസം കാലിൽ വച്ച ചന്ദനഉരുള കരിനീല നിറമായിട്ട് താഴെ കിടക്കുന്നു. വിഷം മുഴുവനും നാവാമുകുന്ദനെ ചാർത്തിയ ചന്ദനം വലിച്ചെടുത്തു. ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭക്തിയിൽ ഒന്നു വിതുമ്പി.

ഓർമകളിലെ ക്ഷേത്രം ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതോടെ അപ്പുട്ടൻമാരാർ ക്ഷേത്രത്തിനു പുറത്തേക്ക് വന്നു. അറുപതു വർഷം മുകുന്ദനെ സ്തുതിച്ച ശബ്ദം ഓർമയിൽ ഒന്നിടറി. ഏഴാം വയസിൽ പൂജക്കൊട്ടിനായി ക്ഷേത്രത്തിലെത്തിയതാണ്. സോപാനത്തിൽ ഇടയ്ക്കയുമായി നിൽക്കുമ്പോൾ അപ്പൂട്ടൻമാരാരുടെ മനസിലേക്ക് മുകുന്ദനല്ലാതെ മറ്റാരും വരില്ല. കണ്ണീരു നനയാതെ ഒരു പദം പോലും പാടി തീർക്കാറുമില്ല.

appukuttan-marar ഒാർമകളിൽ ഇടയ്ക്ക പാടുന്നു: അപ്പൂട്ടൻമാരാർ

ദുഃഖമായി വരുന്നവർക്ക് മുക്തിയെ കൊടുക്കുന്ന മുകുന്ദനാണ് നാവാമുകുന്ദൻ. ഇവിടെ നിന്നു പാടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ദിവസം പോലും ഭഗവാനെ കാണാതിരിക്കാൻ. പാടാതിരിക്കാൻ എനിക്കാവില്ല. അക്ഷരം പിഴക്കാതെ പാടാനാവണേ എന്നേ പ്രാർഥനയേയുള്ളൂ. ഓർമപ്പാടുവീണ ഇടയ്ക്കയിൽ അപ്പൂട്ടൻ മാരാർ ഒന്നു തൊട്ടു. കണ്ണിലപ്പോൾ നിളയിലെപോലെ കണ്ണീരോളം.

നടയടച്ചതോടെ ആൾത്തിരക്കൊഴിഞ്ഞിരിക്കുന്നു. ആലിലയിൽ നിന്ന് കാറ്റ് നാവാമുകുന്ദന്റെ മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്തപ്പോഴും ഓർമപ്പൂക്കൾ പാറി നടക്കുന്നുണ്ടായിരുന്നു.

നവയോഗികളുടെ നാവാമുകുന്ദൻ അയ്യായിരം വർഷത്തെ പഴക്കമെങ്കിലും നാവാമുകുന്ദക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. ഭാരതത്തിലെ പ്രശസ്തമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം തിരുനാവായ്ക്കടുത്തുള്ള നാവാമുകുന്ദക്ഷേത്രം. ഒമ്പത് മഹായോഗികളാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നു പറയപ്പെടുന്നു. നവയോഗികളിൽ ആദ്യത്തെയാൾ ലോകം മുഴുവൻ സഞ്ചരിച്ച് ഒടുവിൽ നിളയുടെ വടക്കേക്കരയിലുമെത്തി. ഏറ്റവും ഉചിതമായ സ്ഥലം ഇതുതന്നെയെന്ന് തിരിച്ചറിഞ്ഞ് തനിക്കു കിട്ടിയ സാളഗ്രാമം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു. പക്ഷേ, ആ സാളഗ്രാമം ഭൂമിയിലേക്ക് അന്തർധാനം ചെയ്തു.

ദൈവഹിതം നിറവേറ്റപ്പെടാൻ കഴിയാതെ വന്നതുകൊണ്ട് ബാക്കിയുള്ള യോഗികൾ വന്ന് പ്രതിഷ്ഠ നടത്തിയെങ്കിലും എല്ലാം ഭൂമിയിലേക്കു താഴ്ന്നു പോയി. ഒടുവിൽ ഒമ്പതാമത്തെ യോഗികരഭാജനനും ദൈവനിയോഗത്താൽ സാളഗ്രാമവുമായി ഇവിടെ തന്നെ എത്തിച്ചേർന്നു. നിളയിൽ മുങ്ങിക്കുളിച്ച് ധ്യാനം ചെയ്തിരിക്കുമ്പോൾ തന്റെ ജ്യേഷ്ഠന്മാർ പ്രതിഷ്ഠിച്ച സാളഗ്രാമങ്ങൾ ഭൂമിയിലേക്കു താഴ്ന്നു പോയതായി കണ്ടു.

അതോടെ സമീപത്തു കൂടി ഒഴുകുന്ന പുണ്യനിളയിൽ നിന്നു ജലം ശേഖരിച്ച് മുക്തിദായകനായ മുകുന്ദനാണ് എന്ന സങ്കൽപത്തിൽ പ്രതിഷ്ഠ മംഗളകരമായി പൂർത്തിയാക്കി. പൂജാവിധിയിൽ നെയ്വിളക്കും താമരപ്പൂവും പാൽപ്പായസവും മുടങ്ങാതെ വേണമെന്നു നിഷ്കർഷിച്ചു. ഇന്നും നിളയിലെ ജലം തന്നെയാണ് അഭിഷേകത്തിനും മറ്റും എടുക്കുന്നത്. ഒമ്പതുയോഗികൾ പ്രതിഷ്ഠിച്ചതുകൊണ്ടാണ് നാവാമുകുന്ദ എന്നു പേരുവന്നതെന്നു പറയപ്പെടുന്നു. ക്ഷേത്രം മാനേജർ കെ. പരമേശ്വരൻ ക്ഷേത്രത്തിന്റെ പ്രത്യേകതയെക്കുറിച്ച്.... വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിതർപ്പണം ഉണ്ട്. തില ഹോമവും സായൂജ്യപൂജയും എല്ലാ ദിവസവും ഉണ്ട്. കർക്കടകവാവാണ് ഏറ്റവും പ്രധാനം. തുലാം കുംഭ—വൈശാഖ മാസങ്ങളിലെ അമാവാസി നാൾ ബലികർമങ്ങൾക്ക് പ്രാധാന്യമുള്ളതാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer