Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനയിൽ സമൃദ്ധിയുടെ പൊന്മണികൾ നിറച്ച് ക്ഷേത്രങ്ങളിൽ നിറപുത്തരി

Niraputhari തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 5.30 നു നടന്ന നിറപുത്തരി ചടങ്ങിൽ നിന്ന്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം ∙ സമൃദ്ധിയുടെ നെന്മണികൾ നിറച്ചു കൃഷിക്കാർ ഈശ്വരാനുഗ്രഹം തേടി എത്തുന്ന നിറപുത്തരി വിവിധ ക്ഷേത്രങ്ങളിൽ ആഘോഷിച്ചു. കൃഷിയിൽ നല്ല വിളവിനും നാടിന്റെയാകെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന കൂടിയാണിത്. ആദ്യം കൊയ്‌ത കറ്റയാണ് നിറപുത്തരിക്കു സമർപ്പിക്കുന്നത്. പാടശേഖരങ്ങളിൽ വിളയുന്ന നെല്ല് കതിരോടെ കൊയ്തെടുത്തു ക്ഷേത്രങ്ങളിൽ എത്തിക്കുകയും അവിടെനിന്നു പൂജിച്ചു പ്രസാദത്തോടൊപ്പം വാങ്ങി വീടിന്റെ പൂമുഖത്തു കെട്ടിത്തൂക്കുകയുമാണു പതിവ്. പൂജിച്ച മാവിലയും ആലിലയും ചേർന്നുള്ള നെൽക്കതിർകെട്ടുകളാണ് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇത് വർഷാന്ത്യത്തോളം വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനും സമൃദ്ധിക്കും ഇടയാക്കുമെന്നാണു വിശ്വാസം.

Niraputhari

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിറപുത്തരി പൂജകൾക്ക് ഏകദേശം ഒരേ സമയമാണു ക്രമീകരിച്ചത്. ഇന്ന് പുലർച്ചെ 5.30നും 6.15നും മധ്യേ ആണ് നിറപുത്തരി ആഘോഷം നടത്തിയത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, തിരുനക്കര, വൈക്കം, ഏറ്റുമാനൂർ, കടപ്പാട്ടൂർ, ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പുലർച്ചെ നിറപുത്തരി ചടങ്ങുകൾ നടന്നു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കോർപറേഷൻ പുത്തരിക്കണ്ടത്തു വിളയിച്ചെടുത്ത കതിര് കൊണ്ടാണ് നിറപുത്തരി ചടങ്ങുകൾ നടത്തിയത്. രാജഭരണക്കാലത്ത് ക്ഷേത്രാവശ്യത്തിനുള്ള നെല്ലും പുത്തരിയും പുത്തരിക്കണ്ടത്തിൽ വിളയിച്ചതിന്റെ ഓർമ പുതുക്കിയാണ് കോർപറേഷൻ മുൻകൈയെടുത്ത് ഇവിടെ കതിര് വിളയിച്ച് നിറപുത്തരിക്കെത്തിച്ചത്. പുത്തരിക്കണ്ടം മൈതാനത്തിനു പുറകിൽ 10 സെന്റ് സ്ഥലത്താണു വിത്തിറക്കിയത്. വർഷങ്ങളായി മുടങ്ങിക്കിടന്ന ചടങ്ങ് കെ. ചന്ദ്രികയുടെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്ന വർഷം മുതൽ നഗരസഭയുടെ നേതൃത്വത്തിൽ കൃഷി നടത്തുകയാണ്. കുടപ്പനക്കുന്ന് കർമസേനയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി. മുന്തിയ ഇനം നെല്ലാണു വിളയിച്ചത്. ഇക്കുറി നന്നായി മഴ ലഭിച്ചതു വിളവിനു സഹായകമായി.

Niraputhari

ഉത്സവാന്തരീക്ഷത്തിൽ മേയറും ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാരും ചേർന്നു നടത്തിയ കൊയ്ത്ത് ഉത്സവത്തിനു ശേഷമാണ് ആഘോഷപൂർവം കതിരുകൾ ഇന്നലെ വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിച്ചത്. പുത്തരിക്കണ്ടത്തു നിന്നു കൊയ്ത കതിരുകൾ ഇന്നു പുലർച്ചെ ആദ്യം പത്മതീർഥ മണ്ഡപത്തിൽ വച്ച ശേഷം കിഴക്കേ ഗോപുരനടയിലെ പൂജകൾക്കു ശേഷം കീഴ്ശാന്തിമാർ കതിര് ശീവേലിപ്പുരയിൽ എത്തിച്ചു. ശീവേലിപ്പുര ‌ഒരു തവണ പ്രദക്ഷിണം നടത്തിയ ശേഷം അഭിശ്രവണ മണ്ഡപത്തിലും ഇവിടെ നിന്നു ശ്രീകോവിലിലേക്കും എത്തിച്ചു. ഉപദേവതകൾക്കും സമർപ്പിച്ച ശേഷം എട്ടു മണിയോടെയായിരുന്നു പ്രസാദ വിതരണം. തിരുവനന്തപുരത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളായ ആറ്റുകാൽ ദേവീ ക്ഷേത്രം, കരിക്കകം ചാമുണ്ഡീ ക്ഷേത്രം, ഉദിയന്നൂർ ദേവീ ക്ഷേത്രം തുടങ്ങിയിടങ്ങളിലും ഇന്നു നിറപുത്തരി ചടങ്ങ് നടത്തി.

Niraputhari

ശബരിമലയിലും ഇന്നു പുലർച്ചെ 5.15നും 6.15നും മധ്യേ നിറപുത്തരി സമർപ്പണം നടത്തി. വ്രതശുദ്ധിയിൽ ഇരുമുടിക്കെട്ടിനൊപ്പം നെൽക്കതിരുമായി ഇന്നലെ സ്വാമിഭക്തർ മല കയറി തിരുനടയിലെത്തിയിരുന്നു. പൊന്നമ്പലവാസന് പൂജിക്കാനായി കൊല്ലങ്കോട്, കുട്ടനാട്, ഹരിപ്പാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കറ്റകളുമായി ഭക്തർ എത്തിയത്. ഭക്തർ കൊണ്ടുവന്ന നെൽക്കതിരുകൾ പതിനെട്ടാം പടിക്കൽ സമർപ്പിക്കുന്ന ചടങ്ങുകളാണ് ഇന്നു പുലച്ചെ നടന്നത്. തുടർന്ന് മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും പരികർമികളും ചേർന്നു കറ്റകൾ ശിരസിലേറ്റി കിഴക്കേ മണ്ഡപത്തിലെത്തി തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പൂജിച്ച് അയ്യപ്പനു സമർപ്പിച്ചു. ഐശ്വര്യം നിറച്ച കറ്റകൾ ആദ്യം ശ്രീകോവിലിൽ കെട്ടിയ ശേഷമാണ് പിന്നീട് പ്രസാദമായി ഭക്തർക്ക് നൽകിയത്. കർക്കിടകമാസ പൂജ പൂർത്തിയാക്കി അയ്യപ്പക്ഷേത്രനട ഇന്നു രാത്രി 10ന് അടയ്ക്കും.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 5.30നും 6.15നും മധ്യേ മേൽശാന്തി രാമൻ ശരത്‌കുമാറിന്റെ പ്രധാന കാർമികത്വത്തിലാണു നിറപുത്തരി സമർപ്പണം നടത്തിയത്. നാടിന്റെ ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി ഭക്‌തർ സമർപ്പിക്കുന്ന നെൽക്കതിരുകൾ ആനപ്പുറത്ത് എഴുന്നള്ളിച്ചു ക്ഷേത്രത്തിനു വലംവച്ചശേഷം പൂജിച്ച നെന്മണികൾ ഭക്‌തർക്കു വിതരണം ചെയ്തു. വൈക്കം മഹാദേവക്ഷേത്രത്തിലെ നിറയും പുത്തരിയും സമർപ്പണം രാവിലെ 5.30നും 6.15നും ഇടയിൽ നടത്തി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. നിറപുത്തരി ചടങ്ങ് പ്രമാണിച്ച് പുലർച്ചെ 2.30നു നടതുറക്കുകയും ഉച്ചപൂജയ്ക്കു ശേഷം രാവിലെ 7.30നു നട അടയ്ക്കുകയും ചെയ്തു. ഇനി വൈകിട്ട് അഞ്ചു മണിക്കു നടതുറക്കും.

വൈക്കം മഹാദേവക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ഭക്തർക്ക് ഏറെ പ്രാധാന്യമുള്ളതാണ്. കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടതാണ് ‘ഇല്ലംനിറ വല്ലംനിറ’ ആചാരം. നിറപുത്തരി സമർപ്പണത്തോടെ പുതുവർഷം മുഴുവൻ ഐശ്വര്യസമ്പന്നമാകുമെന്നാണു വിശ്വാസം. ക്ഷേത്രത്തിനു കിഴക്കുള്ള വ്യാഘ്രപാദത്തറയിലാണു ഭക്തർ വിളവെടുത്ത നെൽക്കതിരുകൾ സമർപ്പിച്ചത്. ആദ്യ ഉൽപന്നമായി ഭഗവാനു സമർപ്പിച്ച നെൽക്കതിരുകൾ ചടങ്ങിനു കാർമികത്വം വഹിക്കുന്നവർ വെള്ളി ഉരുളിയിൽ നിറച്ചു നാളികേരം ഉടച്ചു പൂജിച്ചു. പിന്നെ മണികിലുക്കി അനുഷ്ഠാന വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചാണു നിവേദ്യത്തിനായി കൊണ്ടുപോയത്. മണ്ഡപത്തിൽവച്ചു ലക്ഷ്മീദേവിയെ പൂജിച്ചു കതിർകറ്റകളിൽ ആവാഹിച്ചശേഷം ആദ്യം ശ്രീലകത്തും പിന്നീട് ഉപദേവതമാർക്കും നിറച്ചു. തുടർന്നാണു പുത്തരിയിൽ പാകംചെയ്ത ചെയ്ത നിവേദ്യം ഭഗവാനു സമർപ്പിച്ചത്. പൂജിച്ച മാവില – ആലില ഉൾപ്പെടെയുള്ള ഇലകൾ ചേർത്തു കെട്ടി തയ്യാർ ചെയ്ത നെൽക്കതിർ കെട്ടുകളാണു പ്രസാദമായി ഭക്തർക്കു വിതരണം ചെയ്തത്. ഇത് ‘ഇല്ലംനിറ വല്ലംനിറ’ മന്ത്രോച്ഛാരണത്തോടെ വീടുകളിൽ വച്ചു സൂക്ഷിക്കുന്നതു കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും കാരണമാകുമെന്നാണു വിശ്വാസം. ഇതിനാവശ്യമായ കതിരുകൾ ഇല്ലി, നെല്ലി, ചുണ്ട, കടലാടി, ആൽ, മാവ്, പ്ലാവ്, ഇലഞ്ഞി, വെള്ളിപ്പാല, കരിക്കൊടി എന്നിവയുടെ ഇലകൾ ചേർത്തു കെട്ടിയാണ് ഒരുക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.