Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൽത്തറയിൽ വാഴുന്ന ഓച്ചിറ പരബ്രഹ്മ മൂർത്തി

ochira-temple

ശ്രീകോവിലോ നാലമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ശ്രീപരമേശ്വര സങ്കല്പമാണിവിടെ കുടി കൊളളുന്നത്. ആൽത്തറയിലാണ് പരബ്രഹ്മമൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പൂജകളെല്ലാം ഇവിടെയാണ് നടക്കുന്നത്. ക്ഷേത്ര സന്നിധിയിലേക്കു  എത്തുമ്പോൾ ആദ്യം കാണുന്നത് തമിഴ്നാടിന്റെ ക്ഷേത്രഗോപുര മാതൃകയിൽ രണ്ടു ഗോപുരങ്ങളാണ്. ഗോപുരവാതിലും കടന്ന് മുമ്പോട്ടു ചെല്ലുമ്പോഴാണ് കിഴക്കേ ആൽത്തറ, തൊട്ടു പുറകിലായി പടിഞ്ഞാറെ ആൽത്തറയുമുണ്ട്. നിരവധി ആളുകൾ ആൽത്തറയ്ക്കു ചുറ്റും പ്രദക്ഷിണം ചെയ്യുകയും ഭജനമിരിക്കുകയും ചെയ്യുന്നു. ഗണപതിയും മഹാലക്ഷ്മി ശ്രീ അയ്യപ്പൻ എന്നീ ഉപദേവതകളും ഇവിടെ കുടി കൊളളുന്നു.

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിലാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജഭരണകാലത്ത് കായംകുളം രാജാവിന്റെ കീഴിലുളള പ്രദേശമായിരുന്നു ഓച്ചിറ. കായംകുളം രാജാവും  പിന്നീടു വന്ന തിരുവിതാംകൂര്‍ രാജാവും ക്ഷേത്രം പണിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്ന പരബ്രഹ്മമൂർത്തിക്ക് ക്ഷേത്രം പണിയണ്ട എന്നതായിരിക്കാം ദൈവനിശ്ചയം എന്നു വിശ്വസിക്കുന്നു. നിത്യവുമുളള അന്നദാനം ഇവിടുത്തെ പ്രത്യേകതയാണ്. അതിനായി ഒരു അന്നദാനമന്ദിരവും ഇവിടെ പണിതിട്ടുണ്ട്. 

ഓച്ചിറ ക്ഷേത്രത്തിലെ പ്രസാദം എന്നു പറയുന്നത് ഒരു തരം ചെളിയാണ്. മാറാരോഗങ്ങൾ മാറ്റാൻ കഴിയുന്ന ഒരു ദിവ്യഔഷധമായി ഭക്തർ ഈ പ്രസാദത്തെ കാണുന്നു. അന്നദാനവും, തടി കൊണ്ടും ലോഹം കൊണ്ടുമുളള രൂപങ്ങളും പരബ്രഹ്മ മൂർത്തിയുടെ പ്രധാന വഴിപാടുകളാണ്. ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് പരബ്രഹ്മമൂർത്തിക്ക് നിവേദ്യങ്ങളോ ഉത്സവങ്ങളോ ഇല്ലാ എന്നതാണ്. 

ഓച്ചിറക്കാള

ഓച്ചിറയിൽ‌ വരുന്ന ഭക്തർ ഓച്ചിറക്കാളയെ കാണാതിരിക്കില്ല. മണികിലുക്കി ചമയങ്ങളണിഞ്ഞ് പല നിറത്തിലുളള തുണി കൊണ്ട് പുറം പുതപ്പിച്ചാണ് കാളയെ നിർത്തുന്നത് കൊമ്പുകളിൽ ചുറ്റി മാലകളിട്ടു നെറ്റിയുടെ മധ്യഭാഗത്ത് ഭഗവാന്റെ മുഖചിത്രവും വച്ചു കെട്ടിയിരിക്കുന്നു. മഹാദേവന്റെ വാഹനമാണ് കാള. അതുകൊണ്ടായിരിക്കാം. ഇവിടെ വലിയ കാളകെട്ട് മത്സരവും നടക്കുന്നത്.

ഓണ്ടിക്കാവും പരബ്രഹ്മമൂർത്തിയും. 

പണ്ട് വടക്ക് ഒരു നമ്പൂതിരി ഉണ്ടായിരുന്നു. നമ്പൂതിരിക്ക് പൂജക്കുളള സാധനങ്ങളെല്ലാം ഒരുക്കി കൊടുത്തിരുന്നത്. ഒരു നായരും. നമ്പൂതിരി പൂജ ചെയ്യാൻ മുറിയിൽ കയറിയാൽ ഏറെ നേരം കഴിഞ്ഞാണ് ഇറങ്ങി വരുന്നത്. 

ഒരു ദിവസം നായര്, നമ്പൂതിരിയോട് ചോദിച്ചു അങ്ങ്, ആരെയാണ് ഭജിക്കുന്നതെന്ന്? പരബ്രഹ്മത്തിനെ എന്നതായിരുന്നു നമ്പൂതിരിയുടെ മറുപടി. പരബ്രഹ്മം എങ്ങനെയായിരിക്കും എന്ന നായരുടെ അടുത്ത ചോദ്യത്തിന് മാടപോത്തിനെ പോലിരിക്കും എന്നു ഫലിതരൂപേണ നമ്പൂതിരിയും പറഞ്ഞു. ഇതു വിശ്വസിച്ച നായര് അടുത്ത ദിവസം തൊട്ട് മാടപോത്തിനെ സങ്കല്പിച്ചു പരബ്രഹ്മത്തെ ആരാധിക്കാൻ തുടങ്ങി. നിഷ്കളങ്കനായ നായരുടെ ഭക്തിയിൽ പരബ്രഹ്മമൂർത്തി മാടപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടനുഗ്രഹിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരിക്കൽ നമ്പൂതിരിയും നായരും കൂടി ഒരു തീർത്ഥാടനത്തിന് പുറപ്പെട്ടു. കെട്ടും ഭാണ്ഡവും ചുമന്നു  നടന്ന നായര് ക്ഷീണിച്ചപ്പോൾ സഹായത്തിനായി മാടപോത്തിനെ വിളിച്ചു. പിന്നീടുളള യാത്രയില്‍ ഭാണ്ഡ‍ങ്ങളെല്ലാം ചുമന്നത് മാടപോത്തായിരുന്നു. യാത്രാമധ്യേ അവർ ഓച്ചിറയിലെത്തി.

നിബിഡമായ വനമേഖല ആയതിനാൽ പോത്തിന്റെ കൊമ്പുകൾ അവിടെ ഒരു മരത്തിന്റെ കാട്ടുവളളിയിൽ കുടുങ്ങാൻ തുടങ്ങി. ഇതു കണ്ട നായര് കൊമ്പ് ചെരിച്ചു പിടിച്ചു  കയറാൻ പറഞ്ഞു. അത്രയും നേരം അതൊന്നും ശ്രദ്ധിക്കാതെ നടന്ന നമ്പൂതിരി, നായരുടെ ഈ സംസാരം കേട്ടു തിരിഞ്ഞു നോക്കി, നായര് ആരോടാണ് സംസാരിച്ചത് എന്നു നമ്പൂതിരി ചോദിച്ചപ്പോൾ മാടപോത്തിനോട് എന്നു നായരു പറയുകയും ചെയ്തു. അതിനെ എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ എന്നു നമ്പൂതിരി പറഞ്ഞപ്പോൾ എന്നെ തൊട്ടു കൊണ്ട്  നോക്കിയാൽ മതി എന്നു നായരു പറഞ്ഞു. 

പരബ്രഹ്മത്തെ മാടപ്പോത്തിന്റെ രൂപത്തില്‍ കണ്ട നമ്പൂതിരി അതിനെ പിടിക്കാൻ ചെന്നപ്പോൾ അതെവിടെയോ മറയുകയും ചെയ്തു. കാര്യങ്ങൾ മനസ്സിലാക്കിയ നമ്പൂതിരി പരമ ഭക്തനായ നായരുടെ മുന്നിൽ നമസ്കരിക്കുകയും ചെയ്തു. പരബ്രഹ്മം എവിടെയാണ് എന്നും നമ്പൂതിരി വീണ്ടും ചോദിച്ചപ്പോൾ ഒണ്ട്, ഈ കാവിൽ എന്നു നായരു മറുപടി പറയുകയും ചെയ്തു. ഒണ്ട് ഈ കാവിൽ എന്ന പദപ്രയോഗമാണ് ഓണ്ടിക്കാവ് എന്ന നാമത്തില്‍ അറിയപ്പെടാൻ തുടങ്ങിയത്. മാടപോത്തിന്റെ കൊമ്പ് കുടുങ്ങിയ സ്ഥലത്താണ് ആൽത്തറ സ്ഥിതി ചെയ്യുന്നത്. ആൽത്തറ പണികഴിപ്പിച്ചത് വേലുത്തമ്പി ദളവ ആണെന്നും പറയുന്നു. 

ഓച്ചിറക്കളി, ഇരുപത്തെട്ടാമോണം, പന്ത്രണ്ട് വിളക്ക്

വേണാട്ട് രാജ്യവും കായംകുളം രാജ്യവും തമ്മിലുളള യുദ്ധത്തെ അനുസ്മരിക്കുന്ന ചടങ്ങാണ് ഓച്ചിറക്കളി. മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്. അമ്പത്തി രണ്ടു കരകളിൽ നിന്നുളള കളരി സംഘങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. വാളും പരിചയും പതിനെട്ടു മുറകളിലും പരിശീലനം നേടിയവരാണ് കളരി പയറ്റുന്നത്. ആബാലവൃദ്ധ ജനങ്ങളും ഇതിൽ പങ്കെടുക്കുന്നു എന്നുളളത് കൗതുകകരമായ മറ്റൊരു കാഴ്ചയാണ്. മുൻകാലങ്ങളിൽ കായംകുളം വാളും യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു.  എന്നാൽ യോദ്ധാക്കൾക്ക് പരിക്ക് പറ്റുന്നതുമൂലം അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ടി.മാധവനവും വാൾ ഉപയോഗിക്കുന്നത് നിർത്തലാക്കി. അതിനുശേഷം അലകുവാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്.

സെപ്റ്റംബർ–ഒക്ടോബർ മാസത്തിലാണ് ഇരുപത്തെട്ടാമോണം നടക്കുന്നത്. വലിയ കാളകളുടെ പ്രതിമകളുണ്ടാക്കി പടനിലത്ത് എത്തുന്നു. കാളകെട്ട് എന്നും പറയുന്നു. ഇതൊരു മത്സരമായാണ് നടത്തുന്നത്. അതിനനുസരിച്ച് സമ്മാനവും നൽകുന്നു. 

വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ടു വരെ നടക്കുന്ന അനുഷ്ഠാനമാണ് പന്ത്രണ്ട് വിളക്ക്. ഈ സമയത്ത് ക്ഷേത്രമൈതാനം കുടിലുകൾ കൊണ്ട് നിറഞ്ഞിരിക്കും. ഭക്തജനങ്ങൾക്ക് ഭജനമിരിക്കാനുളള കുടിലുകളാണത്. ധനികനെന്നോ ദരിദ്രനെന്നോ ഭാവഭേദമില്ല. ഒരേ മനസ്സോടു കൂടി മനസ്സും ശരീരവും ശുദ്ധീകരിച്ച് ഓംകാരമൂർത്തിയുടെ മുന്നില്‍ അഭയം തേടുന്നു. 

Your Rating: