Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നിൻ ചിങ്ങം കൺതുറന്നു, ഇനി ഐശ്വര്യത്തിന്റെ നാളുകൾ 

chingam

കാർമേഘ പൂരിതമായ കർക്കിടകത്തിന് വിട. രാമായണത്തിലെ അവസാന അധ്യായവും ചൊല്ലിത്തീർത്ത് കർക്കിടക രാവ് അവസാനിച്ചു. ഇനി ഐശ്വര്യത്തിന്റെ നാളുകൾ. നെൽക്കതിരും നിറപറയുമായി  മലയാളികൾ പുതുവർഷമായ ചിങ്ങത്തെ വരവേറ്റു കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ നന്മകളുടെ തുടർച്ചയും വീഴ്ചകളുടെ ഒഴിവാക്കലുമായി പുതുവർഷം ആശ്വര്യ സമൃദ്ധമാകാമെയെന്ന ആഗ്രഹമാണ് ഓരോ മലയാളിയുടെയും കണ്ണുകളിൽ. 

ചിങ്ങം എന്നും സമൃദ്ധിയുടെ പര്യായമായാണ് വരുന്നത്. നിറപുത്തരിയും നെൽകതിരും ഒരുങ്ങുന്ന ചിങ്ങമാസം തിരുവോണത്തിന്റെ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമാണ്. കൊയ്ത്തിന്റെ മാസമായ ചിങ്ങം അതിനാൽ തന്നെ എന്നും മലയാളികളുടെ പ്രിയമാസമാണ്. കാർഷിക സംസ്കാരത്തിൽ അടിയുറച്ച് ഉപജീവനത്തിനുള്ള ഉപാധി കണ്ടെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളീയർക്ക്. അക്കാലത്ത് കൈയ്യിൽ പണം വന്നു ചേർന്നിരുന്നത് ചിങ്ങമാസത്തിൽ നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിങ്ങം സമൃദ്ധിയുടെ മാസമായി മാറിയത്. 

ഇക്കാരണങ്ങൾ കൊണ്ട് തന്നെ ചിങ്ങം 1 കര്‍ഷകദിനം കൂടിയായി നാം ആചരിക്കുന്നു. ടെക് സംസ്കാരത്തിലേക്ക് ചുവടുത്തുവച്ചു കഴിഞ്ഞ മലയാളിക്ക് ഇന്ന് കൊയ്ത്ത് എന്നത് ഒരിക്കൽ തങ്ങൾക്കുണ്ടായിരുന്ന ജീവനോപാധി മാത്രമായി മാറിയിരിക്കുന്നു. പാടത്തു വിരിഞ്ഞു നിന്നിരുന്ന കതിർക്കുലകൾകൊണ്ട് പത്തായം നിറഞ്ഞിരുന്ന കാലം ഇന്ന് മലയാളിക്ക് അന്യമായി കഴിഞ്ഞു. പാലക്കാട് , ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ മാത്രമായി നെല്ലും കൊയ്ത്തും ഒതുങ്ങുന്ന കാലം വിദൂരമല്ലെന്ന് കർഷകർ തന്നെ പറയുമ്പോഴും, തീവ്രത ഒട്ടും കുറയാതെ തന്നെ അവർ ചിങ്ങത്തെ വരവേൽക്കുന്നു. 

കർക്കടകക്കെടുതിയെ കർക്കിടകത്തിലെ അവസാന ദിവസത്തെ സന്ധ്യയിൽ അടിച്ചു പുറത്തു കളഞ്ഞ ശേഷം നിലവിളക്കും നിറദീപവുമായാണ് ഗ്രാമങ്ങളിൽ ചിങ്ങത്തെ വരവേൽക്കുന്നത്. പണ്ടു കാലത്ത്‌ വീടുകളില്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച്‌ ശുദ്ധി വരുത്തിയ ശേഷം മാത്രമാണ് ചിങ്ങമാസത്തെ വരവേറ്റിരുന്നത്. വീട് മുഴുവൻ വൃത്തിയാക്കി മാറാലയും അഴുക്കും പുറത്തു തള്ളി, പുതിയ വർഷം ആരംഭിക്കുന്നു. 

ചിങ്ങമാസത്തിൽ കർക്കിടകത്തിലെ പോലെ തന്നെ മാംസ ഭക്ഷണം ഒഴിവാക്കുന്ന പതിവും ചില സ്ഥലങ്ങളിൽ ഉണ്ട്. കര്‍ഷക കുടുംബങ്ങള്‍ക്ക്‌ ചിങ്ങത്തിൽ കൊയ്‌ത്തും മെതിയുമൊക്കെയായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാകില്ല. നേന്ത്രക്കായുടേയും, ചേന, ചേമ്പ്‌, കാച്ചില്‍, കൂര്‍ക്ക തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങലും കൊണ്ട് അകത്തളങ്ങൾ നിറയുന്ന കാലമാണിത്. പച്ചക്കറികൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തിരക്കിനിടയിലും , പൂവേ പൊലി വിളിച്ചു ചിങ്ങത്തെ വരവേൽക്കുന്നതിൽ മലയാളി സുഖം കണ്ടെത്തുന്നു. അതിനാൽ തന്നെ, കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇന്ന് ഐശ്വര്യം കാംഷിച്ചെത്തുന്ന ഭക്തരുടെ തിരക്കാണ്.   

Your Rating: