Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തപ്പന്റെ പരിണാമം കണ്ട ഓണം

onam-festiv

ഓണത്തപ്പാ കുടവയറാ...പാട്ടും പാടി ഓണം ആഘോഷിക്കാൻ ഓണത്തപ്പന്റെ സങ്കല്പമുള്ള രൂപങ്ങൾക്ക് ചുറ്റും വട്ടമിട്ടു ആർപ്പു വിളികളോടെ ഓണത്തെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ, ഒപ്പം കഥയും മാറി. വലിയ പറമ്പുകളുള്ള വീടുകളിൽ നിന്നും ഫ്ലാറ്റിലേക്ക് കുടിയേറിയ ജനങ്ങൾക്കൊപ്പം ഓണാതിർത്തിയും ചുരുങ്ങി. ഇങ്ങനെ മെല്ലെ മെല്ലെ ഓണം ഇൻസ്റ്റന്റ് ഓണമായപ്പോൾ രൂപമാറ്റം സംഭവിച്ച് ഇല്ലാതായ ഒരാളുണ്ട്, ഓണത്തപ്പൻ. 

ഓണത്തിന് മാത്രം നിർമ്മിക്കപ്പെടുന്ന ഓണത്തപ്പന്റെ രൂപങ്ങൾ തൃക്കാക്കരയപ്പന്റെ സങ്കല്പത്തിലാണ് നിർമ്മിക്കപ്പെടുന്നത്. കുംഭാര സമുദായത്തിൽപ്പെട്ട ആളുകളാണ് കളിമണ്ണ് കുഴച്ച് ഓണത്തപ്പന്റെ രൂപങ്ങൾ ഉണ്ടാക്കിയിരുന്നത്. നീണ്ട് മെലിഞ്ഞു സ്തൂപാകൃതിയിലാണ് സാധാരണയായി ഓണത്തപ്പന്മാരെ ഉണ്ടാക്കിയുന്നത്. മലബാർ ഭാഗങ്ങളിൽ ഈ രൂപത്തിന് അല്പം മാറ്റമുണ്ട്. ഉയരം കുറഞ്ഞു കുറുകി ഉരുണ്ട രൂപത്തിലുള്ള ഓണത്തപ്പന്മാരെയാണ് ഇവിടെ നിർമ്മിക്കുന്നത്. 

കഴിഞ്ഞ കുറെ കാലങ്ങളായി ഓണത്തപ്പന്റെ നിർമ്മാണ രീതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കളിമണ്ണിന്റെ ലഭ്യതക്കുറവ് തന്നെയാണ് അതിനുള്ള പ്രധാന കാരണം. കളിമണ്ണ് ലഭിക്കാത്തതിനെ തുടർന്ന്, ഓണത്തപ്പൻ കളിമൺ രൂപത്തിൽ നിന്നും പതിയെ മരത്തടിയിലേക്ക് ചേക്കേറി. മരം കൊണ്ടുണ്ടാക്കുന്ന ഓണത്തപ്പന്മാരെ വീണ്ടും ഉപയോഗിക്കാം എന്നതാണ് മേന്മ. അതുകൊണ്ട് തന്നെ നിരവധിയാളുകൾ കളിമൺ ഓണത്തപ്പന്മാരെ വാങ്ങി സൂക്ഷിച്ചു. 

മരത്തടിയിലേക്ക് രൂപ മാറ്റം സംഭവിച്ചതുകൊണ്ട് മാത്രം കഴിഞ്ഞില്ല കാര്യങ്ങൾ. മരത്തടിയിൽ നിന്നും പിന്നെ മൊസൈക് , മാർബിൾ മെറ്റിരിയലുകളിൽ ഓണത്തപ്പൻ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ ഉപയോഗിച്ചശേഷം കളയണ്ട കളിമൺ ഓണത്തപ്പന് പകരം സൂക്ഷിച്ചയാൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന കേടാവാത്ത ഓണത്തപ്പന്മാർ.പിന്നീടങ്ങോട്ട് മലയാളി ഓണത്തെ വർണാഭമാക്കിയത് ഈ കണ്ടുപിടുത്തമാണ്. 

അതുകൊണ്ടും കഴിഞ്ഞില്ല. കോൺക്രീറ്റ് കൊണ്ടുള്ള  ഓണത്തപ്പന്മാരും അധികം വൈകാതെ ഓണവിപണിയിലെത്തി.  കൊച്ചിയിലാണ് ഏറ്റവും കൂടുതൽ കോൺക്രീറ്റ് ഓണത്തപ്പന്മാർ പ്രത്യക്ഷപ്പെട്ടത് .

ആചാരങ്ങളെ അതുപോലെ തന്നെ തുടർന്നുകൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകൾ മാത്രം അപ്പോഴും കളിമണ്ണുകൊണ്ടുള്ള ഓണത്തപ്പന്മാരെ തേടി അലഞ്ഞു. സാധാരണയായി 5 മുതൽ 7 വരെ ഓണത്തപ്പന്മാരെ വച്ചാണ് തിരുവോണത്തിന് കളം തീർക്കാറുള്ളത്. എന്നാൽ ഇപ്പോഴത് ചുരുങ്ങി, ഒന്ന് മുതൽ മൂന്നുവരെ ആയി. കാലങ്ങളായി വരുന്ന മാറ്റങ്ങളുടെ കൂട്ടത്തിൽ പ്രകൃതിയോടിണങ്ങിയ  രൂപമായ ഓണത്തപ്പനും ഇൻസ്റ്റന്റ് ആയിക്കഴിഞ്ഞു.

Your Rating: