Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലയക്ഷിക്കോലം കളം വാണു

kolam കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രത്തിലെ പടയണിക്കളത്തിൽ ചെറ്റമാടൻ കോലങ്ങൾ എത്തിയപ്പോൾ.

പന്തളം ∙ പടയണിയുടെ പതിവനുസരിച്ചു തപ്പു കാച്ചിക്കൊട്ടി താവടിയും പന്നത്താവടിയും പടയണി വിനോദങ്ങളും കളം നിറഞ്ഞാടി. തുടർന്നു ഗണപതിക്കോലവും തുള്ളി കളമൊഴിഞ്ഞു. പിന്നീടുള്ള കരക്കാരുടെ കാത്തിരിപ്പ് കുരമ്പാലയുടെ സവിശേഷതയായ 51 പാളയിൽ തീർത്ത കാലയക്ഷിക്കോലത്തിന്റെ വരവിനായിരുന്നു. കളത്തിനു പുറത്തു കത്തിനിൽക്കുന്ന ചൂട്ടിന്റെ വെളിച്ചത്തിൽ കാലയക്ഷിക്കോലത്തിന്റെ കളത്തിലേക്കുള്ള വരവു തന്നെ കരക്കാർക്ക് ആവേശമായി. കോലപ്പാട്ടിനനുസരിച്ചുള്ള താളപ്പെരുക്കങ്ങൾക്കു പുറമേ ആർപ്പുവിളികളും കുരവകളുമായി കരക്കാരും തിമിർപ്പിലായി. മേളക്കൊഴുപ്പിന്റെ കടശിയിൽ കോലം തുള്ളിയൊഴിഞ്ഞു കളം വിട്ടതോടെയാണ് കാണികളും പിരിഞ്ഞു പോയത്. പടയണിയെ അതിന്റെ ചടുലമായ ഭാവതീവ്രതയിലേക്കു നയിക്കുന്നതാണ് കോലം തുള്ളൽ.

കരയുടെ സർവ ദുരിതങ്ങളും അകറ്റുന്നതോടൊപ്പം കാളിയുടെ കലി ശമിപ്പിക്കാൻ കൂടി കെട്ടിയാടുന്ന കോലങ്ങളിൽ ശ്രദ്ധേയമായിരുന്നു ഇന്നലെ അവതരിപ്പിച്ച കാലയക്ഷിക്കോലം. പനയിലും പാലയിലും വസിച്ചിരുന്നു എന്നു കരുതപ്പെടുന്ന യക്ഷികൾ നാടിന്റെ രക്ഷകികളാണെന്നാണ് പഴമക്കാരുടെ വിശ്വാസം. ചന്ദനമരം കൊണ്ടു തൂണുകളും കുങ്കുമമരം കൊണ്ടു മേലാപ്പും കെട്ടി ചാന്തു കൊണ്ടു തറയും മെഴുകി അലങ്കരിച്ച പന്തലിൽ യക്ഷിമാരെ മാടി വിളിച്ചു വരുത്തി ബലി നൽകിയിരുന്നതായിട്ടാണ് കോലപ്പാട്ടുകളിലെ സൂചന.

യക്ഷിക്കോലങ്ങൾ പലതുണ്ടെങ്കിലും ഇവിടെ കാലയക്ഷിക്കോലം മാത്രമേ തുള്ളാറുള്ളു. കോലമെഴുത്തിനും കുരമ്പാലയ്ക്ക് അതിന്റേതായ സമ്പ്രദായം ഉണ്ട്. 51 പാളയിൽ തീർത്ത യക്ഷിക്കോലം അത്തരത്തിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള സമ്പ്രദായത്തിന്റെ നേർകാഴ്ചയാണ്. പച്ചപ്പാളയുടെ പുറം ചെത്തി മിനുക്കി പഞ്ചവർണ പൊടികൾ ചാലിച്ചാണ് കോലമെഴുതുന്നത്. മാർച്ച് ഒന്നിനു 101 പാളയിൽതീർക്കുന്ന ഭൈരവിക്കോലമാണ് കളം വാഴുന്നത്.

Your Rating: