Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയാണ് പെരുന്നാൾ

haj

മനുഷ്യരേ എന്ന ഒറ്റ അഭിസംബോധനയിൽ വിവേചനത്തിന്റെ അതിർ വരമ്പുകളെയെല്ലാം മായ്ച്ചു കളഞ്ഞിട്ടുണ്ട് മുഹമ്മദ് നബി. ഇസ്‌ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനമെന്നു പ്രസിദ്ധമായ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിലായിരുന്നു മാനവികതയുടെ ആ മഹാ വിളംബരം.

പ്രത്യേക മതത്തെയോ, സമുദായത്തെയോ പേരെടുത്തു പറയാതെ നടത്തിയ വിടവാങ്ങൽ പ്രസംഗം വരാനിരിക്കുന്ന എല്ലാ തലമുറകൾക്കുമുള്ള സന്ദേശമായിരുന്നു. ജീവിതത്തിൽ ഒരിക്കലേ മുഹമ്മദ് നബി ഹജ് ചെയ്തിട്ടുള്ളൂ. ഒരുലക്ഷത്തോളം പേർ അന്നു പ്രവാചകനൊപ്പം വിശുദ്ധ ഭൂമിയിൽ അണിനിരന്നു. അന്ന്, അറഫ മൈതാനിയിൽ മുഹമ്മദ് നബി നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ സ്മരണ ഒരിക്കൽകൂടി ലോകത്ത് അലയടിക്കുകയാണ് ഈ ഹജ് ദിനങ്ങളിൽ. ഹജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ആ സംഭവത്തിന്റെ പ്രകാശപൂർണമായ ഓർമ പുതുക്കലാണ്. ഒറ്റ ജനതയെന്ന് പ്രസംഗത്തിൽ വിശേഷിപ്പിച്ച മനുഷ്യകുലത്തിന് നേരും നന്മയും നീതിബോധവും ഉപദേശിച്ച ആ പ്രസംഗത്തിന്റെ പൊരുളറിയലാകട്ടെ ഇത്തവണ ബലി പെരുന്നാൾ ആഘോഷം.

പണവും പ്രതാപവും പ്രദേശവും വർണവുമെല്ലാം മാറ്റിവച്ച് കാൽ കോടി മനുഷ്യർ സ്രഷ്ടാവിന്റെ വിളിക്ക് ഉത്തരം നൽകാൻ എല്ലാ വർഷവും മക്കയിൽ ഒന്നിക്കുന്നു. അവിടെ വലിയവനും ചെറിയവനും പണക്കാരനും ദരിദ്രനുമൊന്നുമില്ല. എല്ലാവരും മണലാരണ്യത്തിനു നടുവിലെ പൊള്ളുന്ന ചൂടിൽ ഉരുകുന്ന മനസ്സുമായി അല്ലാഹുവിന്റെ മുന്നിൽ നിൽക്കുന്ന വിനീത ദാസൻമാർ മാത്രം. അറപ്പുരയിലെ സമ്പാദ്യങ്ങളെക്കുറിച്ചോ അതുവരെ പഠിച്ചുകൂട്ടിയ അറിവുകളെക്കുറിച്ചോ അവർ ചിന്തിക്കില്ല. ഞാനെന്ന ഭാവം എന്തെന്നവർക്ക് അറിയില്ല. രണ്ടു തുണ്ട് തുണികൊണ്ട് ശരീരം മറച്ച് അടുത്തടുത്തു നിൽക്കുന്നവരിൽ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുണ്ടാകാം; അവിടത്തെ ഏറ്റവും സാധാരണക്കാരനായ തൊഴിലാളിയുണ്ടാവാം. എല്ലാവരും അവിടെ തുല്യർ.

ജീവിതത്തിലന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും. ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർഥാടനം നടത്തും. പശ്ചാത്താപത്തിന്റെ ചൂടിൽ വിശ്വാസികൾ സ്വയം ഉരുകുമ്പോൾ അറഫയിലെ മണൽത്തരികളോളം കണ്ണീരുവീണു കുതിർന്ന മറ്റൊരിടം ഭൂമുഖത്തുണ്ടാവില്ല. ഒടുവിൽ, സ്വയം ശുദ്ധീകരണത്തിലൂടെ ഭാരമൊഴിഞ്ഞ മനസ്സുമായിട്ടായിരിക്കും ഓരോരുത്തരും സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. വാർധക്യത്തിൽ ലഭിച്ച സ്വന്തം മകനെ ബലിയറുക്കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ച വിശ്വാസത്തിൽ സംപ്രീതനായ അല്ലാഹു ബലിയറുക്കാനായി ആടിനെ നൽകുന്നു. ആത്മത്യാഗത്തിന്റെ ഈ വലിയ പാഠത്തെ ജീവിതത്തിലേക്കു പകർത്താനാണു വിശ്വാസികൾ ബലികർമത്തിൽ പങ്കാളികളാകുന്നത്.

ബലിയുടെ മാംസമോ രക്തമോ എന്റെയടുത്ത് എത്തുന്നില്ലെന്ന അല്ലാഹുവിന്റെ വാക്കുകൾ ഓർക്കാം. നമ്മിലെ അഹങ്കാരത്തെയും വിദ്വേഷത്തെയും തിന്മകളെയുമാണ് നമ്മൾ ബലി നൽകേണ്ടത്. നമ്മുടെ കൊള്ളരുതായ്മകളാണ് ബലിമൃഗത്തിന്റെ രക്തത്തിനൊപ്പം മണ്ണിൽ അലിയേണ്ടത്. ഒന്നും സ്വന്തമല്ലെന്ന ലാളിത്യത്തിന്റെ വലിയ പാഠമാണ് ഓരോ ബലിപെരുന്നാളും വിശ്വാസിയെ ഓർമിപ്പിക്കുന്നത്.

വിശ്വാസവും അനുഷ്‌ഠാനവും ഇഴചേർന്നു നിൽക്കുന്ന വലിയ ആഘോഷമാണ് ബലിപെരുന്നാൾ. ആഘോഷങ്ങളുടെ ചടങ്ങുകളിലെല്ലാം ചരിത്രത്തിന്റെ തുടർച്ചകൾ കാണാം. വിശ്വാസത്തിന്റെ കൈയൊപ്പു കാണാം. ദൈവത്തിനു മുന്നിൽ മനുഷ്യന്റെ നിസ്സാരതയുടെ അടയാളങ്ങൾ കാണാം. പെരുന്നാളിന്റെ ഏറ്റവും വലിയ അടയാളമായ തക്ബീർ തന്നെ അല്ലാഹുവിന്റെ അജയ്യത വിളിച്ചു പറയുകയാണല്ലോ. മനുഷ്യസ്നേഹത്തിന്റെ മഹാസന്ദേശമായ അറഫാ സംഗമത്തിനു ശേഷമാണല്ലോ ബലിപെരുന്നാൾ എത്തുന്നത്.

പെരുന്നാളിനണിയുന്ന പുതുവസ്ത്രങ്ങളുടെ വെണ്മ നമ്മുടെ പ്രവൃത്തികൾക്കും ഉണ്ടാകണം. അത്തർ പൂശുമ്പോൾ ശരീരം പരത്തുന്ന സൗരഭ്യം വാക്കുകളിലുമുണ്ടാകണം. വിഭവങ്ങളുടെ സമൃദ്ധി, നമ്മുടെ കാരുണ്യത്തിന്റെ സമൃദ്ധി കൂടിയാകണം. മാനുഷരെല്ലാം ഒന്നുപോലെ വാഴുന്ന കാലത്തിനു വേണ്ടിയുള്ള പ്രാർഥനകളാണ് ഓരോ ആഘോഷവും– ബലി പെരുന്നാളിന്റെ സന്ദേശവും മറ്റൊന്നല്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.