Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യമായി ശബരിമല ദർശനം നടത്തിയതിനെപ്പറ്റി പി.ടി.ഉഷ

PT Usha

നിറഞ്ഞ സന്തോഷത്തിലാണ് പയ്യോളി എക്സ്പ്രസ്. ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങിയപ്പോഴൊക്കെ കാരുണ്യം ചൊരിഞ്ഞ ഇഷ്ടേശ്വരനായ അയ്യപ്പ സ്വാമിയെ ആദ്യമായി കണ്ടു തൊഴാന്‍ അവസരം കിട്ടിയതിന്‍റെ സന്തോഷം. അതും അന്‍പത്തിരണ്ടാം വയസില്‍.

ഏറെനാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമാണ് സഫലമായത്. ശബരിമല ദര്‍ശനം നടത്തണമെന്ന്. ചെറുപ്പത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പ്രായപരിധി കഴിയുന്നതു വരെ കാത്തിരുന്നു. 52 വയസായപ്പോള്‍ ദര്‍ശനത്തിനു പോകണമെന്നു തോന്നി. ഭര്‍ത്താവ് ശ്രീനിവാസനോട് ആലോചിച്ചു. ബന്ധുക്കളെയും കൂട്ടി തുലാമാസ പൂജക്ക് ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. വ്രതം നോക്കി. അതും ശരിയായ രീതിയില്‍. 26 അംഗ സംഘത്തോടൊപ്പമാണ് കോഴിക്കോട്ടു നിന്നു പുറപ്പെട്ടത്. തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏ​​റ്റുമാനൂര്‍, എരുമേലി എന്നീ ക്ഷേത്രങ്ങളില്‍ എത്തി ദര്‍ശനം നടത്തിയാണ് അയ്യപ്പ സന്നിധിയില്‍ എത്തിയത്.

പമ്പാഗണപതിയെ തൊഴുത് മലചവിട്ടയപ്പോ മനസില്‍ ഒരാഗ്രഹം. ശിഷ്യഗണങ്ങളുടെ കായികഷമത വര്‍ധിപ്പിക്കാന്‍ ഭഗവാനോട് മനസുതുറന്ന് പ്രാര്‍‍ഥിക്കണമെന്ന്. സത്യമായ പതിനെട്ടാംപടി കയറിയപ്പോഴും സോപാനത്തില്‍ നിന്നു ദര്‍ശനം കിട്ടിയപ്പോഴും ഭഗവാനോട് ഒന്നേ അപേക്ഷിച്ചുള്ളു. ശിഷ്യഗണങ്ങളില്‍ കൃപാകടാക്ഷം ഉണ്ടാകണമെന്ന്.

ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അയ്യപ്പനു അഭിഷേകവും നടത്തി. ശ്രീകോവിലിനു തൊട്ടുമുന്നില്‍ നിന്നു തൊഴുതപ്പോഴും കുട്ടികളെ ഓര്‍ത്തു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഓടിക്കയറണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇരുമുടിക്കെട്ട് തലയില്‍ ഇരിക്കുന്നതും കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും ഒപ്പം എത്താന്‍ കഴിയാത്തതിനാല്‍ വേണ്ടെന്നു വെച്ചു.

(തയാറാക്കിയത് ടി.കെ.രാജപ്പന്‍)  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.