Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിപ്പും ജാതിയുമൊന്നുമല്ല കാര്യം, വേണ്ടതു ഭക്തി മാത്രം

Raman

ഞാൻ സ്ത്രീയാണ്. താഴ്ന്ന ജാതിയിൽ പിറന്നയാളാണ്. പഠിപ്പുമില്ല. എനിക്ക് ഈശ്വരനെ ആരാധിക്കാമോ? ഈ പരിഷ്കൃതസമൂഹത്തിലും ഉയരുന്ന സംശയമാണിത്. പക്ഷേ, സാക്ഷാൽ ശ്രീരാമചന്ദ്രൻ ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം പണ്ടു തന്നെ നമുക്കു തന്നിരുന്നു. വനവാസത്തിനിടെ രാവണൻ സീതയെ അപഹരിച്ചതിനു ശേഷം രാമനും ലക്ഷ്മണനും കൂടി സീതയെ അന്വേഷിച്ചുനടക്കുന്ന നാളുകൾ. ആ യാത്രയിൽ അവർ മതംഗാശ്രമത്തിലെത്തി. അവിടെ അവർ കണ്ടതു ശബരിയെന്ന കന്യകയെയാണ്.

കാരണവന്മാർ എല്ലാം പറഞ്ഞിരുന്നതിനാൽ രാമനെ കണ്ടപ്പോൾ തന്നെ ശബരിക്കു മനസ്സിലായി. ഈശ്വരന്റെ അവതാരരൂപമായ സാക്ഷാൽ ശ്രീരാമചന്ദ്രനെ എങ്ങനെ പൂജിക്കണം എന്നും പൂജിക്കാൻ തന്നെ പാടുണ്ടോ എന്നുമൊന്നും ശബരിക്ക് അറിയില്ല. ശബരി രാമനോടു പറയുകയാണ്:

‘‘ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മൂഢ

ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ’’ എന്ന്.

പഠിപ്പില്ലാത്തവൾ. വിവരവുമില്ല. താഴ്ന്ന ജാതിക്കാരി. ഈയെനിക്ക് അങ്ങയെ ആരാധിക്കാനുള്ള അധികാരമുണ്ടോ എന്നായിരുന്നു രാമനോടു ശബരിയുടെ ചോദ്യം.

രാമൻ ശബരിയുടെ സംശയം തീർത്തുകൊടുക്കുന്നു:

‘‘പൂരുഷസ്ത്രീജാതിനാമാശ്രമാദികളല്ല കാരണം മമ ഭജനത്തിനു ജഗത്ത്രയേ

ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും’’ എന്ന്.

‘പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. ഉയർന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ വ്യത്യാസമില്ല. പേരോ പ്രായമോ ഒന്നും പ്രശ്നമല്ല.

ദൈവാരാധനയിലൂടെ മോക്ഷം കിട്ടാൻ ഭക്തി മാത്രം മതി’ എന്നായിരുന്നു രാമന്റെ മറുപടി.

പഠിപ്പും വിവരവും കൂടിയിട്ടും ജാതിപരമായും ലിംഗപരമായുമൊക്കെയുള്ള ഉച്ചനീചത്വങ്ങൾക്ക് ഇന്നുമൊരു കുറവില്ല. അതുകൊണ്ടുതന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏറെ പ്രസക്തമാണു ശബരിയുടെ സംശയവും രാമൻ നൽകുന്ന മറുപടിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.