Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മബലിയുടെ നാളുകൾ

Ramzan

ഗൾഫ് പ്രവാസിയുടെ ജീവിതം തന്നെ ഒരു നിലയ്ക്ക് നീണ്ട വ്രതകാലമാണെന്നു പറയാം. ജൈവികമായ എല്ലാ വാസനകൾക്കുമേലും അവർ കടിഞ്ഞാണിടുകയും തന്നെ ആശ്രയിച്ചു നാട്ടിൽ കഴിയുന്നവരെ സഹായിക്കുകയുമാണ്. ഭൂരിഭാഗം ഗൾഫ് പ്രവാസികളുടെയും കാര്യം ഇതുതന്നെ.

വ്രതമാസമാകുമ്പോഴേക്കും ഗൾഫ് പാടേ മാറുന്നതു കാണാം. മൂന്നാം ലോകരാജ്യത്തെ സാധാരണ തൊഴിലാളികൾക്കായി, നോമ്പു തുറയുടെയും അത്താഴത്തിന്റെ തന്നെയും താൽക്കാലിക കൂടാരങ്ങൾ ഉയരുകയായി. ജീവിത ക്രമങ്ങളും ശീലങ്ങളും ഭൂരിഭാഗം ആളുകളും മാറ്റുന്നു. ചെറിയ ചെറിയ ദുശ്ശീലങ്ങൾ പോലും മാറ്റിവയ്ക്കുന്നു.

റമസാൻ മാസമായാൽ വസ്തുക്കളിൽ പോലും മാറ്റം സംഭവിക്കുന്നതുകാണാം. അതുവരെ നാം കണ്ട ഈത്തപ്പഴമല്ല വ്രതകാലത്തെ ഈത്തപ്പഴം. ദൈവികമായൊരു രുചിയും മഹത്വവും ഈത്തപ്പഴത്തിനു പോലും കൈവരുന്നു. അതുവരെ കുടിച്ച വെള്ളമല്ല റമസാനിൽ കുടിക്കുന്നത്. നോമ്പു മുറിക്കുന്ന വെള്ളത്തിനു മധുര കൂടുന്നു. ഇടപാടുകളിലും മാറ്റം വരുന്നതു കാണാം. പ്രത്യേകിച്ചു പണമിടപാടുകൾ. അതിൽ സൂക്ഷ്മത ഉണരുന്നു. വാക്കുകൾ ഉപയോഗിക്കുമ്പോൾ പുതിയ ശ്രദ്ധ ഉണ്ടാകുന്നു-ഇതു റമസാൻ കാലം, വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം- എന്നു സ്വയം ശാസിക്കുന്നു.

പെരും ചൂടിൽ റമസാൻ കാലമാണെങ്കിൽ പുറം ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ സർക്കാർ ഇടപെടുന്നതു കാണാം. എന്തൊക്കെ പറഞ്ഞാലും കാരുണ്യം അറബ് സമൂഹത്തിന്റെ അടിത്തട്ടിലെ കാഴ്ചയാണ്. കാരുണ്യത്തിന്റെ ലോക പ്രശസ്്തനായ ഈ പ്രവാചകൻ തന്നെ, ഒരറബിയാണല്ലോ!

നോമ്പ്, അതിന്റെ വിശുദ്ധിയിൽ ഒരു ആത്മ ബലിയാണ്. ഉപഭോഗത്തിന് േമൽ, തൃഷ്ണയ്ക്കുമേൽ, യാന്ത്രികതയ്ക്കുമേൽ അതു സ്വയം സെൻസർഷിപ്പിൽ ഏർപ്പെടുന്നു. നോമ്പുകാലത്തെ ഫുഡ് ഫെസ്റ്റിവൽ കാലമാക്കുന്നവർ, സത്യത്തിൽ നോമ്പിന്റെ ആത്മാവിനെ തിരിച്ചറിയാത്തവരാണ്. ഭക്ഷണമടക്കമുള്ള ഉപഭോഗങ്ങളെ, യഥാർഥത്തിൽ അത് മൂന്നിലൊന്നായി ചുരുക്കുന്ന പ്രക്രിയയാണ്. അങ്ങനെ മാറുമ്പോഴാണ് നോമ്പ് സാർഥകമാകുന്നത്.

സ്വന്തം സമ്പാദ്യത്തിൽ നിന്നു ദരിദ്രനു നൽകുന്ന സക്കാത്ത് നോമ്പിന്റെ കാരുണ്യപരമായ നെഞ്ചിടിപ്പാണ്. നോമ്പ് ആത്മബലിയാണെങ്കിൽ സക്കാത്ത് ആത്മ പരീക്ഷണമാണ്. സക്കാത്ത് ദാനമല്ല, ദരിദ്രന്റെ അവകാശമാണെന്ന് ഇസ്ലാം സംശയലേശമന്യേ പറഞ്ഞു വയ്ക്കുന്നു. അതു നൽകാത്തവർ സ്വർഗത്തിന്റെ അവകാശിയല്ല. മറ്റെന്ത് അനുഷ്ഠാനത്തിൽ ഏർപ്പെട്ടിട്ടും കാര്യമില്ല. അങ്ങനെ നോമ്പ് ഉപഭോഗത്തിന്റെ സ്വയം പ്രതിരോധവും, സക്കാത്ത് ദൈവവിശ്വാസത്തിന്റെ മുഖാമുഖമുള്ള പരീക്ഷണവുമായിത്തീരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.