Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്

Ramzan 30 ദിനങ്ങൾ നീണ്ട റമസാൻ വ്രതാനുഷ്ഠാനങ്ങളുടെ സമാപ്തി കുറിച്ച് ഇന്നു ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ മൈലാഞ്ചിയിടുന്ന പെൺകുട്ടികൾ.

വിശപ്പിനെ അതിജീവിച്ചും സഹജീവിസ്നേഹം വളർത്തിയും മുപ്പതു ദിവസമായി തുടരുന്ന വ്രതാനുഷ്ഠാനങ്ങൾക്കു വിരാമം. ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകരാൻ വിശ്വാസികൾ കാത്തിരുന്ന ശവ്വാൽ ദിനമെത്തി. ത്യാഗത്തിന്റെയും വിശുദ്ധിയുടെയും നിറവിൽ ഇന്നു ചെറിയ പെരുന്നാൾ ആഘോഷം. നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടാണു വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. 

മുപ്പതു നോമ്പിന്റെ പുണ്യവുമായി ഇന്നു പുതുവസ്ത്രങ്ങൾ അണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും തക്ബീർ ധ്വനികളുമായി ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. നമസ്കാരത്തിനു ശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഊട്ടിയുറപ്പിച്ച ശേഷമാണു നമസ്കാരസ്ഥലങ്ങളിൽ നിന്നും ഓരോരുത്തരും വീടുകളിലേക്കു മടങ്ങുന്നത്. ജില്ലയിലെ വിവിധ ഈദ്ഗാഹുകളിൽ രാവിലെ നമസ്കാരം നടക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു .നഗരത്തിൽ പാളയം മുസ്‌ലിം ജമാഅത്ത് അടക്കം ഒട്ടേറെ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്ഗാഹുകളിലും നമസ്കാരത്തിന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

പെരുന്നാൾ ദിവസം ബന്ധുക്കളെയും വൃദ്ധരെയും രോഗികളെയും സന്ദർശിക്കുന്നതും അവരുമായി സന്തോഷം പങ്കിടുന്നതും പുണ്യകർമമായി വിശ്വാസികൾ കരുതുന്നു. കൂടാതെ ഇന്നു ദാനധർമങ്ങൾ ചെയ്യുന്നതും നിർബന്ധമാണ്. നോമ്പുതുറയ്ക്കു ശേഷം പെരുന്നാളിന്റെ വരവറിയിച്ചു പള്ളികളിൽ നിന്നും ഇന്നലെ തക്ബീർ വിളികൾ മുഴങ്ങി. നഗരത്തിലെ പ്രധാന പള്ളികളെല്ലാം വിശ്വാസികളെ കൊണ്ടു നിറഞ്ഞിരുന്നു. മണക്കാട്, പാളയം, തമ്പാനൂർ, ശാസ്തമംഗലം എന്നിവിടങ്ങളിലെ പള്ളികൾ പ്രാർഥനയ്ക്കെത്തിയവരെ ഉൾക്കൊള്ളാനാകാതെ തിങ്ങിനിറഞ്ഞു. നോമ്പുതുറയ്ക്കു ശേഷം പുതുവസ്ത്രങ്ങൾ വാങ്ങാൻ വിശ്വാസികളിൽ പലരും പരക്കം പാഞ്ഞു. കൈകൾ നിറയെ മൈലാഞ്ചിയണിയുന്ന തിരക്കിലായിരുന്നു ഭൂരിഭാഗം വീടുകളിലെയും പെൺകുട്ടികൾ. 

Your Rating: