Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാനിലേക്കു തുറന്ന ഹൃദയ വാതിലുകൾ

ramzan

പടിഞ്ഞാറ് ചക്രവാളത്തിൽ പൊൻചന്ദ്രക്കല ദൃശ്യമായി... ശഅബാൻ മാസത്തിനു വിട.. പുണ്യ റമസാന് സുസ്വാഗതം. വ്രതാനുഷ്ഠാനവും പ്രാർഥനകളും ദാനധർമങ്ങളുമായി ഒരു മാസം. ഈ പുണ്യമാസം പകരുന്ന നന്മകളുടെ സൗരഭ്യത്തിൽ അടുത്ത 11 മാസങ്ങൾ. വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു... പുണ്യങ്ങളുടെ ഈ മഹാസാഗരത്തിൽ അലിയാൻ..

റമസാൻ മുന്നോട്ടു വയ്ക്കുന്ന നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളെ വരവേൽക്കാൻ മനസ്സിന്റെ വാതിലുകൾ തുറന്നിട്ടു കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. ഈ സന്ദേശങ്ങൾ ഉൾക്കൊണ്ട് തുടർ ജീവിതം രൂപപ്പെടുത്തുകയാണു ലക്ഷ്യം.

ക്രമം തെറ്റിയ ജീവിതങ്ങളിലേക്ക് പുതിയൊരു ചിട്ടയുമായാണു റമസാന്റെ കടന്നുവരവ്. പ്രാർഥനകൾക്ക് ഇസ്ലാം നിശ്ചയിച്ചിരിക്കുന്ന സമയക്രമം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഈ മാസം വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.

പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങുന്നതു മുതൽ സന്ധ്യാ നമസ്കാരത്തിനു സമയമാകും വരെ ഭക്ഷണപാനീയങ്ങൾ വെടിയുക എന്നതാണു റമസാൻ വ്രതാനുഷ്ഠാനത്തിന്റൈ പ്രധാന പ്രത്യേകത. വിശപ്പും ദാഹവും വിശ്വാസ തീവ്രതകൊണ്ടു മറികടക്കുകയാണു നോമ്പുകാരൻ.

വ്രതമെടുക്കുകയെന്നാൽ പകൽ മുഴുവൻ പട്ടിണിയിരിക്കുക എന്നു മാത്രമല്ല അർഥം. തെറ്റായ ചിന്തകളും പ്രവ്യത്തികളും വെടിഞ്ഞ് മനസ്സിനെ ശുദ്ധീകരിക്കണം. എന്നാൽ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് മുഴുവൻ സമയവും പള്ളിയിൽ ചെലവഴിക്കുകയെന്ന് ഇതു കൊണ്ട് അർഥമാകുന്നില്ല. പള്ളികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതു നല്ലതാണെന്നു പഠിപ്പിക്കുമ്പോൾ തന്നെ വ്രതം അനുഷ്ഠിക്കുന്ന വിശ്വാസി തന്റെ കുടുംബം പുലർത്താനായി ചെയ്യുന്ന തൊഴിലും കച്ചവടവുമൊന്നും ഉപേക്ഷിക്കണമെന്ന് ഇസ്ലാം പറയുന്നില്ല. ഒരോരുത്തരും ജീവിക്കുന്ന സാഹചര്യത്തിലും ചുറ്റുപാടിലും തുടർന്നുകൊണ്ടു തന്ന ആരാധന വർധിപ്പിക്കുകാണു വേണ്ടത്.

റമസാന്റെ മറ്റൊരു പ്രത്യേകത വിശുദ്ധഖുർആൻ അവതരിപ്പിക്കപ്പെട്ടത് ഈ മസത്തിലാണ് എന്നതാണ്. റമസാൻ മാസത്തിൽ വിശ്വാസികൾ ഖുർആൻ പാരായണം സജീവമാക്കും. ഒരു മാസം കൊണ്ടു തന്നെ ഖുർആൻ പല ആവർത്തി പാരായണം ചെയ്തു തീർക്കുന്നവരാണു മിക്കവരും.

സമ്പത്ത് ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണമെന്നത് ഇസ്ലാം നിർബന്ധമാക്കിയിട്ടുണ്ട്. അതിന്റെ അളവും കൃത്യമായി നിർണയിച്ചിരിക്കുന്നു. ഈ അളവിൽ ദാനം നൽകി സമ്പത്തിന്റെ ശുദ്ധീകരണ പ്രക്രിയ നടത്തുന്നതാണ് ഇസ്ലാംമിക രീതി. ഏതു കർമത്തിനു റമസാൻ മാസത്തിൽ പല മടങ്ങു പുണ്യം വർധിക്കുമെന്ന് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദാനഞ്ഞെടുക്കുകയാണു മിക്കവരും ചെയ്യുന്നത്.

പതിവായുള്ള രാത്രി നമസ്കാരത്തിനുപുറമെ റമസാന്റെ മാത്രം പ്രത്യേകതയാണു തറാവീഹ് നമസ്കാരം. രാത്രിയിലെ സുദീർഘമായ തറാവീഹ് നമസ്കാരം മിക്ക പള്ളികളിലും ഖുർആൻ മന:പാഠമാക്കിയ പണ്ഡിതൻമാരുടെ നേത്യത്വത്തിലാണു നടക്കാറ്. ആയിരം മാസങ്ങളെക്കാൾ മഹത്വമുള്ളതെന്നു ഖുർആൻ വിശേഷിപ്പിച്ച ലൈലത്തുൽ ഖദ്ർ റമസാൻ അവസാന പത്തിലെ 21,23,25,27,29 രാവുകളിലെന്നിലാണ്. റമസാൻ 27ന്റെ രാവിലാണു ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കേണ്ടതെന്നാണു പ്രബലമായ അഭിപ്രായം. ലൈലത്തുൽ ഖദ്ണും പിന്നിട്ട് റമസാൻ അവസാനിക്കുന്നതോടെ ചെറിയ പെരുനാളിന്റെ ആഘോഷാരവങ്ങളായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.