Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ തെയോഫിലോസ് ലോകമറിയുന്ന വിശ്വപൗരൻ

Zacharias Mar Theophilos പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമനൊപ്പം ഡോ: സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത

അഖിലലോക സഭാ കൗൺസിലിന്റെ കേന്ദ്ര കമ്മിറ്റി സിംബാബ്‍വേയുടെ തലസ്ഥാനമായ ഹരാരേയിൽ നടക്കുന്ന സമയം. ഏകാധിപതിയെപ്പോലെ ആ രാജ്യം ഭരിക്കുന്ന പ്രസിഡന്റ് റോബർട് മുഗാബേയാണ് ഉദ്ഘാടകൻ. പട്ടാള അകമ്പടിയോടെ ഹാളിലേക്കു പ്രവേശിച്ച മുഗാബേ അരമണിക്കൂർ നേരത്തേക്ക് ഡബ്ല്യുസിസി വേദിയെ വിറപ്പിച്ചു എന്നു പറയാം. എന്നാൽ, സമാപന സമ്മേളനത്തിനെത്തിയത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയായിരുന്നു. അദ്ദേഹം ഹാളിലേക്കു പ്രവേശിച്ചതു പാട്ടുപാടി നൃത്തച്ചുവടുകളോടെ. രണ്ടു നേതാക്കളോടുമൊപ്പം ആ വേദി പങ്കിട്ട ഡോ. സഖറിയാസ് മാർ തെയോഫിലോസ് രണ്ടും തമ്മിലുള്ള അന്തരത്തെപ്പറ്റി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: അധികാരത്തിന്റെ പ്രതീകമായ മുഗാബേ ശ്രോതാക്കൾക്ക് മൂകതയുടെയും ഭീതിയുടെയും സ്വരൂപമായിരുന്നുവെങ്കിൽ മണ്ടേല സൗഹൃദത്തിന്റെയും സാധാരണക്കാരോടുള്ള ഏകീഭാവത്തിന്റെയും സുന്ദരചിത്രം വരച്ചുകാട്ടി.

അഖിലലോക സഭാ കൗൺസിലിൽ ഏകദേശം 15 വർഷത്തോളം ഭാരതസഭയുടെ സൂര്യതേജസായി ശോഭിച്ച മാർ തെയോഫിലോസ് ആഗോള സഭാ ഐക്യപ്രസ്ഥാനത്തിനു നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണ്. 1982ൽ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സിസിഎ) അംഗമായി എക്യുമെനിക്കൽ പ്രസ്ഥാനത്തിലേക്കു കടന്നുവന്ന മാർ തെയോഫിലോസ് ഇതുമായി ബന്ധപ്പെട്ട് ഏകദേശം എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. 1989ൽ സാന്തിയാഗോയിൽ നടന്ന വേൾഡ് മിഷൻ ആൻഡ് ഇവൻജലിക്കൽ കോൺഫറൻസിൽ മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ചതോടെയാണ് മാർ തെയോഫിലോസ് സഭകളുടെ ലോക കൗൺസിലുമായി ബന്ധം തുടങ്ങുന്നത്. 1991ൽ കാൻബറയിൽ നടന്ന ഡബ്ല്യുസിസി സമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1998ൽ നിർണായകമായ ലാംബത്ത് സമ്മേളനത്തിലും ഇതേ വർഷം തന്നെ ഹരാരെയിൽ നടന്ന ഡബ്ല്യുസിസി ജനറൽ അസംബ്ലിയിൽ വീണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ ബ്രസീലിൽ നടന്ന സമ്മേളനത്തിൽ എക്യുമെനിക്കൽ ഉപദേശകനായി. മാരാമൺ കൺവൻഷനിൽ ആഗോള തലത്തിലുള്ള പ്രസംഗകരെ ലഭിക്കാൻ ഈ ബന്ധം ഏറെ സഹായകമായി. ഗൾഫ് യുദ്ധകാലത്ത് യുദ്ധവും സമാധാനവും എന്ന വിഷയമായിരുന്നു ലോകത്തെ 350ലേറെ സഭകളുടെ ഏകീകൃത വേദിയായ ലോക കൗൺസിൽ ചർച്ച ചെയ്തത്.

ആഗോളവൽക്കരണത്തിനിടയിലെ മനുഷ്യമുഖം എന്ന വിഷയം ഇന്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചത് മാർ തെയോഫിലോസായിരുന്നു. ഒട്ടേറെ ആഗോള സഭാവേദികളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിനായി സഭാനേതാക്കൾ കാതോർത്തു. ഡോ. യൂഹാനോൻ മാർത്തോമ്മാ, ഡോ. അലക്സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ്, മാർ ക്രിസോസ്റ്റം, മാർ തെയോഫിലോസ് എന്നിവർ നൽകിയ ശക്തമായ നേതൃത്വം ഡബ്ല്യുസിസി വിഡിയോ ഫയലുകളിൽ ഇപ്പോഴും കാണാം. ഇപ്പോൾ ഐസക് മാർ പീലക്സിനോസിലൂടെ ആ പാരമ്പര്യം മാർത്തോമ്മാ സഭ തുടരുന്നു. ആർച്ച് ബിഷപ്പുമാരായ ഡെസ്മൺ ടുട്ടു, റോവൻ വില്യംസ്, മദർ തെരേസ, ബ്രദർ റോജേഴ്സ്, ധർമാ ഗുരു ഹിരടാവു, ബനടിക്ട് പതിനാറാമൻ മാർപാപ്പ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തുടങ്ങി ഒട്ടേറെ നേതാക്കളുമായി ആത്മബന്ധം പുലർത്തിയിരുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.