Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളിവേട്ട കഴിഞ്ഞു

sabari

ശബരിമല ∙ വേട്ടക്കുറുപ്പിന്റെ അകമ്പടിയിൽ ഹരിഹരാത്മജന് ശരംകുത്തിയിലേക്ക് പളളിവേട്ട എഴുന്നള്ളത്ത്. ഉൽസവത്തിനു സമാപനം കുറിച്ച് ഇന്ന് പമ്പയിൽ ആറാട്ട്. ദുഷ്ടമൃഗവാസനകളെ ഉന്മൂലനം ചെയ്യുന്നതിന്റെ പ്രതീകമായിട്ടായിരുന്നു ശരംകുത്തിയിലെ പള്ളിവേട്ട. ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പിന്റെ മൂന്നു പ്രദക്ഷിണവും പൂർത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കായി പുറപ്പെട്ടത്. വാദ്യമേളങ്ങളില്ലാതെ നിശബ്ദമായിട്ടായിരുന്നു യാത്ര.

ശരംകുത്തിയിൽ പ്രത്യേകം തയാർ ചെയ്ത കുട്ടിവനത്തിൽ പള്ളിവേട്ടയ്ക്കായി മൂന്നു തവണ അമ്പെയ്തു. മൂന്നാമത്തെ അമ്പും പതിച്ചതോടെ പള്ളിവേട്ട നടന്നതിന്റെ സന്തോഷത്താൽ മേളം മുഴങ്ങി. തീവെട്ടി തെളിഞ്ഞു. നായാട്ട് വിളിക്കു ശേഷം തിരിച്ചെഴുന്നള്ളി. വലിയ നടപ്പന്തലിൽ സേവയ്ക്കു ശേഷമാണ് പതിനെട്ടാംപടി കയറിയത്. പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായതിനാൽ ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിലായിരുന്നു പള്ളിയുറക്കം.

ഇന്ന് പുലർച്ചെ ദേവനെ ഉണർത്തി ഗോദർശനം നടത്തി അഭിഷേകം ചെയ്ത് ശുദ്ധി വരുത്തിയാണ് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുക. ഉഷഃപൂജയ്ക്കു ശേഷം എട്ടിന് ആറാട്ടിനു ശേഷം ദേവനെ പമ്പാ ഗണപതികോവിലിൽ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തർക്ക് പറവഴിപാടുകൾ സമർപ്പിക്കാൻ അവസരം ഉണ്ട്. നാലിന് ദേവനെ സന്നിധാനത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഏഴുമണിയോടെ സന്നിധാനത്തിൽ എത്തും. കൊടിയിറക്കിയ ശേഷം അകത്തേക്ക് എഴുന്നള്ളിച്ച് ശ്രീബലി ബിംബത്തിലെ ചൈതന്യത്തെ മൂലവിഗ്രഹത്തിലേക്കു മാറ്റി പൂജകൾ നടക്കും. ആറാട്ടായതിനാൽ ഇന്ന് രാവിലെ ഏഴുവരെ മാത്രമെ നെയ്യഭിഷേകം ഉണ്ടാകു. 8.30ന് ആറാട്ടിനായി പമ്പയിലേക്കു പോകുന്നതിനാൽ രാത്രി ഏഴുവരെ ദർശനം ഇല്ല.

ശബരിമലയിൽ ഇന്ന് നട തുറക്കൽ– 4.00. നെയ്യഭിഷേകം–4.20. ആറാട്ട് ബലി– 8.00. ആറാട്ട് പുറപ്പാട്– 9.00. പമ്പയിൽ ആറാട്ട്– 11.00. തിരിച്ചെഴുന്നള്ളിപ്പ്– 4.00. കൊടിയിറക്ക്– 7.00. ഹരിവരാസനം– 10.20. നട അടയ്ക്കൽ– 10.30.

Your Rating: