Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലാനുണ്ടോ ഈ സെൽഫിയെ...?

Govinda Selfie

അഷ്ടമിരോഹിണി നാളിൽ ഒരു കൂട്ടം ആൾക്കാർ ‘ഓണാഘോഷം’ നടത്തിയതിന്റെ പൊല്ലാപ്പ് ഇതുവരെ കേരളത്തിൽ തീർന്നിട്ടില്ല. അതിനിടെയാണ് മുംബൈയിൽ നിന്ന് രസകരമായ, എന്നാൽ പേടിപ്പെടുത്തുന്ന ഒരു കാഴ്ചയെത്തിയത്. സംഗതി ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം പോലെ ഒരേർപ്പാടായിരുന്നു. ജന്മാഷ്ടമിയ്ക്ക് ആളുകൾ ഓരോരുത്തരായി ഒന്നിലു മേലെ ഒന്നായി കയറി നിന്ന് കൂറ്റനൊരു മനുഷ്യ പിരമിഡൊരുക്കി ഏറ്റവും മുകളിൽ നിൽക്കുന്നയാൾ ഉയരത്തിൽ കെട്ടിയിരിക്കുന്ന തൈരുകുടം അടിച്ചുടയ്ക്കുന്ന ദഹി ഹണ്ടി ആചാരം വർഷങ്ങളായി ഉത്തരേന്ത്യയിൽ പതിവാണ്. പീക്കിരിപ്പിള്ളേർ വരെ ഇതിൽ പങ്കു ചേരുകയും കയ്യും കാലുമൊടിഞ്ഞ് ആശുപത്രിയിൽ കിടക്കുകയും ചെയ്യുന്നത് പതിവായതോടെ മുംബൈയിൽ ഒരു നിയമം വന്നു–12 വയസ്സിനു താഴെയുള്ളവർ ദഹി ഹണ്ടിയിൽ പങ്കെടുക്കരുത്. പക്ഷേ തൈരുകുടം പൊട്ടിയ്ക്കുന്നിതിനിടെ ഏറെ ശ്രദ്ധ വേണമെന്നു പറഞ്ഞിട്ടും കയ്യൊടിയലും കാലൊടിയലും നിരുപാധികം തുടർന്നു. അതിനിടെയാണ് ഇത്തവണ ഒരു പതിനഞ്ചുകാരന്റെ സെൽഫി കയറിയങ്ങു ഹിറ്റായത്.

ദാദറിലായിരുന്നു സംഭവം. അവിടെ അഞ്ചുനിലകളിലായി എല്ലാവരും ചേർന്ന് ഒരു മനുഷ്യ പിരമിഡ് ഒരുക്കി. കുർള വെസ്റ്റിൽ താമസിക്കുന്ന സിദ്ദേഷ് എന്ന പയ്യനായിരുന്നു ഏറ്റവും മുകളിൽ കുടം പൊട്ടിയ്ക്കാൻ കയറിയെത്തിയത്. കക്ഷിയുടെ പ്രായം വെറും 15. തൈരുകുടത്തിനു തൊട്ടടുത്തെത്തിയതും സിദ്ദേഷ് വടിയെടുത്തു. പക്ഷേ കുടം തല്ലിപ്പൊട്ടിച്ചില്ല, പകരം ഒരു ഫോട്ടോയങ്ങെടുത്തു. സെൽഫി സ്റ്റിക്കായിരുന്നു ആ വടി. പർവതത്തിന്റെ ഉച്ചിയിൽ നിന്നൊക്കെ എടുക്കുന്ന വിധം ഒരൊന്നൊന്നര സെൽഫിയായിരുന്നു സംഗതി. മുകളിൽ സിദ്ദേഷ്, താഴെ ഒരുകൂട്ടം മനുഷ്യർ മുകളിലേക്ക് കണ്ണുംനട്ട്. കൂടാതെ ഇതെല്ലാം കണ്ടു ചുറ്റിലും നിൽക്കുന്നവരും. എന്തായാലും സെൽഫി ഫെയ്സ്ബുക്കിലിട്ടതിനു പിറകെ സംഗതി വൈറലായി. അതുവരെ സിദ്ദേഷ് നടുഷ്കർ എന്നറിയപ്പെട്ടിരുന്ന പയ്യന് സെൽഫി ഗോവിന്ദ എന്ന പേരും വീണു. (മനുഷ്യപിരമിഡിൽ പങ്കുചേരുന്ന ചെറുപ്പക്കാരെല്ലാം ഗോവിന്ദന്മാരെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്).

അതേസമയം തന്നെ സിദ്ദേഷിനു കിട്ടുന്ന ചീത്തയ്ക്കും കുറവൊന്നുമില്ല. കാലൊന്നു തെറ്റിയിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ എന്നായിരുന്നു പലരുടെയും ചോദ്യം. മുംബൈയിൽ തന്നെ ഇത്തവണ ദഹി ഹണ്ടിയ്ക്കിടെ ഒരാൾ വീണു മരിക്കുകയും കൂടി ചെയ്തിരുന്നു. പക്ഷേ സിദ്ദേഷിന് അതൊന്നുമൊരു പ്രശ്നമേയല്ല–താനും തന്റെ കൂട്ടുകാരും ഒരൊറ്റ ക്ലിക്കിലൂടെ ലോകപ്രശസ്തരായ സന്തോഷത്തിലാണ് ഈ സെൽഫി ഗോവിന്ദ. ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഇന്ത്യൻ സെൽഫി ഇതാണെന്നാണിപ്പോൾ പ്രചാരണം. ഓസ്കര്‍ വേദിയിലെ സെൽഫിയും ഒബാമ സെൽഫിയും വരെ ഇതിനു മുന്നിൽ ഒന്നുമല്ലെന്ന മട്ടിലാണിപ്പോൾ കാര്യങ്ങളുടെ പോക്ക്. എന്തായാലും കാത്തിരിക്കാം, ഇതിനെയും വെല്ലുന്ന സെൽഫിയെയും തെളിച്ചുകൊണ്ട് ആരെങ്കിലും ഇതുവഴി വരുമോയെന്ന്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.