Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ വിരൽത്തുമ്പ്, കരുണയുടെ സ്നേഹസ്പർശം

baselios-marthoma-paulose-2 പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ. ചിത്രം: ആർ.എസ്. ഗോപൻ

അർഥമില്ലാത്ത ആഘോഷങ്ങളല്ല സഹജീവികളോടുള്ള കരുതലാണു വേണ്ടതെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ഓർത്തഡോക്സ് സഭ സ്നേഹസ്പർശം പരിപാടിക്കു തുടക്കമിട്ടത്. സപ്തതി ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി കാരുണ്യ വാതിൽ തുറന്ന സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു സ്നേഹസ്പർശം. ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്നതല്ല സ്നേഹസ്പർശത്തിന്റെ കരുതൽ; മറിച്ച് അതിവിശാലമാണ് പദ്ധതി പകരുന്ന സാന്ത്വനം. സഭയുടെ ഈ കരുതലിനു ജാതിമത വർണ വർഗ വ്യത്യാസമില്ല.

കരുതൽ, കരുണ

പാവപ്പെട്ട രോഗികൾക്ക് എങ്ങനെ മികച്ച ചികിൽസ ലഭ്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് സ്നേഹസ്പർശം പദ്ധതി ഉരുത്തിരിഞ്ഞതെന്നു പരിശുദ്ധ ബാവാ പറയുന്നു. രോഗത്തിന്റെ മൂൻകൂട്ടിയുള്ള കണ്ടെത്തൽ, മികച്ച ചികിൽസ, പാവപ്പെട്ട രോഗികൾക്കു കൈത്താങ്ങാവുക എന്നീ മൂന്നു ലക്ഷ്യങ്ങളാണു പദ്ധതിക്കുള്ളത്. ഒട്ടേറെപ്പേരുടെ കണ്ണുനീരും, ത്യാഗവും പദ്ധതിക്കു പിന്നിലുണ്ട്. സ്നേഹസ്പർശം പദ്ധതി നടപ്പാകുന്നതോടെ മികച്ച ചികിൽസയിലേക്കുള്ള ദൂരം വളരെക്കുറയും. പാവപ്പെട്ട രോഗികൾക്ക സാമ്പത്തിക സഹായം കൂടി ലഭ്യമാക്കാൻ കഴിയുന്നതോടെ വലിയൊരു മാറ്റം സമൂഹത്തിലുണ്ടാകാമെന്നു പ്രതീക്ഷിക്കുന്നതായും കാതോലിക്കാ ബാവാ പറയുന്നു. 

baselios-marthoma-paulose-second പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ. ചിത്രം: ആർ.എസ്. ഗോപൻ

‘സ്നേഹസ്പർശത്തിന്റെ വ്യാപ്തി എത്രത്തോളം എത്തിക്കാനാകുമോ അത്രത്തോളം സന്തോഷമാണു സഭയ്ക്കുണ്ടാവുക. ഇതു മനസിലാക്കി പദ്ധതിക്കു ലഭിക്കുന്ന പിന്തുണയും അതിശയിപ്പിക്കുന്നതാണ്. ഇപ്പോൾ തന്നെ ഒട്ടേറെപ്പേർ സാമ്പത്തികമായും സേവനപരമായും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. ഇതൊരിക്കലും ‌ലാഭമുണ്ടാക്കാനുള്ള ഉള്ള പദ്ധതിയല്ല. ഗായിക ചിത്രയാണു പദ്ധതിയുമായി സഹകരിക്കുന്നതിൽ ഒരു പ്രമുഖയായ വ്യക്തി. ചിത്രയുടെ സഹകരണം ലാഭമുണ്ടാക്കാനോ പണം സ്വരൂപിക്കാനോ ഉള്ള വഴിയായി സഭ കാണുന്നില്ല. അതു കൊണ്ടു തന്നെയാണു ചിത്രയുടെ ഗാനസന്ധ്യയ്ക്കു ടിക്കറ്റ് ഏർപ്പെടുത്താതിരുന്നതും.’ – ബാവാ പറഞ്ഞു.

തത്വം ക്രിസ്തീയം 

‘നമ്മുടെ കയ്യിലുള്ള പത്തു രൂപയിൽ ഒരു രൂപ സാധുക്കൾക്കുള്ളതാണ്. ആ ക്രിസ്തീയ തത്വമാണു സ്നേഹസ്പർശം പരിപാടിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിനു വേണ്ടിയുള്ള ആദ്യ മാതൃകയും ചിന്തയും എല്ലാവരിലേക്കും സഭ പകരുകയാണ്.  2012ൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിൽ മലങ്കര സഭ 100 കോടി രൂപയുടെ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. പ്രസംഗിക്കുന്നതിന് അഞ്ചു മിനിട്ടു മുൻപു മാത്രം മനസിൽ വന്ന ചിന്തയായിരുന്നു അത്. അക്കാര്യം എന്റെ നാവിലൂടെ പുറത്തു വരണമെന്നും ദൈവം ആഗ്രഹിച്ചു. പക്ഷേ, അതെങ്ങനെ നടപ്പാക്കണമെന്നോ എന്തു ചെയ്യണമെന്നോ ഒരു രൂപവും മനസിലില്ലായിരുന്നു. ആശുപത്രി തുടങ്ങിയ സമയത്ത് വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ നൂലാമാലകളെല്ലാം അഴിഞ്ഞു പദ്ധതി വേഗത്തിലായി. മുട്ടുന്ന വാതിലുകളെല്ലാം തുറന്നു. മൂന്നു കാര്യങ്ങളാണ് ഇതിന്റെ കാരണമായി കരുതുന്നത്. ഒന്ന് ഉദ്ദേശശുദ്ധി, രണ്ട് ദൈവം ഈ പദ്ധതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു, മൂന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ അനുഗ്രഹവും ഇടപെടലും.  അദൃശ്യമായ അനുഗ്രഹങ്ങൾ പദ്ധതിക്കു മേലുള്ളതിനാൽ ആപത്രിയിലെ ഒരു ഉപകരണവും ഔട്ട്സോഴ്സ് ചെയ്യേണ്ടി വന്നില്ല. കാരണം ആ കമ്പനികൾ ഇതിന്റെ പേരിൽ രോഗികളെ പിഴിയും. അതു കൊണ്ട് ആശുപത്രി ഉപകരണങ്ങൾ മുഴുവൻ സഭ തന്നെ വാങ്ങി. ഇതും മികച്ച ചികിൽസ ഏറ്റവും കുറഞ്ഞ നിരക്കിൽ രോഗികളിലെത്തിക്കാൻ വേണ്ടിയാണ്.’

baselios-marthoma-paulose പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ. ചിത്രം: ആർ.എസ്. ഗോപൻ

സപ്തതിയല്ല പ്രധാനം

‘വ്യക്തിപരമായ ആഘോഷങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല. എന്റെ ഗുരുനാഥൻ പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നെ പഠിപ്പിക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ‘ഞാൻ എവിടെപ്പോയാലും എനിക്ക് ബഹുമാനവും ആദരവും ലഭിക്കും പക്ഷേ, അതെന്നെ നശിപ്പിക്കും..’ നമുക്കു ലഭിക്കുന്ന ആദരവ് അധികമായാൽ ആപത്താണെന്ന് തിരിച്ചറിയാകുന്നുള്ള വിവേകവും ഉണ്ടാവണം. ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യത്തിനു പ്രസക്തിയല്ല; കാരണം ദൈവമാണു വഴി നടത്തുന്നത്...’ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.