Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗപര്‍ണികയുടെ തീരത്തിലൂടെ

Mookambika Temple

നവരാത്രിക്കാലമെത്തിയാല്‍ ലോകത്തിന്റെ ഒഴുക്ക് ഈ വഴിയിലൂടെ മാത്രമാണെന്നു തോന്നിപ്പോകും. സൗപര്‍ണികയുടെ തീരത്തിലൂടെ, വാഗ്ദേവതയുടെ സന്നിധിയിലേക്ക് മൂകാംബിയിലേക്ക്... ഭാഷയും ദേശവും ഭിന്നമെങ്കിലും ലക്ഷ്യം ഒന്നുമാത്രമാക്കിയ ലക്ഷക്കണക്കിനു വിദ്യോപാസകര്‍ ഒഴുകിയെത്തുന്നു. അക്ഷരാര്‍ഥത്തില്‍ ജനപ്രവാഹമാണിപ്പോള്‍. ആദിശങ്കരന് മന്ത്രമോതിയ ജഗദംബികയുടെ തൃപ്പാദങ്ങള്‍ തേടി കലാകാരന്മാരും കായികതാരങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ സമസ്തരംഗങ്ങളിലെയും പ്രഗത്ഭരെത്തുന്നു. ഒപ്പം, വിദ്യകൊണ്ടു വിജയം നേടുന്ന ഒരുപാടു സാധാരണക്കാരും. കേരളത്തില്‍ നിന്നും മംഗളദേശത്തു നിന്നുമുള്ള ആയിരങ്ങള്‍ മാത്രമല്ല കൊല്ലൂരിലേക്കുള്ള വഴിയില്‍ ഒന്നിക്കുന്നത്. ഇന്ത്യയുടെ ഒരു പരിഛേദം തീര്‍ക്കുന്ന ജുഗല്‍ബന്ദിയുടെ ഉച്ചസ്ഥായിയാണ് നവരാത്രിക്കാലത്തു ക്ഷിണകര്‍ണാടകത്തിലാകെ. മംഗലാപുരത്തായാലും കുന്ദാപ്പൂരിലായാലും കൊല്ലൂരിലേക്കുള്ള വഴിതേടുന്ന വിദൂരദേശക്കാരായ ഭക്തര്‍ വന്നു നിറയുന്നു ഈ ദിനങ്ങളില്‍.

നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്തി സാന്നിധ്യവുമുണ്ടിവിടെ. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ വിദ്യാരംഭം കുറിക്കുന്നതും കലാകാരന്മാര്‍ അരങ്ങേറ്റം നടത്തുന്നതും ശുഭകരമാണെന്നു വിശ്വാസമുണ്ട്. ശ്രീകോവിലിനുള്ളിലെ സ്വയംഭൂവിലാണ് ദേവീചൈതന്യം കുടികൊള്ളുന്നത് .ഈ ജ്യോതിര്‍ലിംഗത്തിന്റെ കാലനിര്‍ണയം സാധ്യമായിട്ടില്ല. ഗോകര്‍ണം വരെ നീളുന്ന മഹാശ്രീചക്ര തരംഗത്തിന്റെ കേന്ദ്രബിന്ദുവായി ഈ സ്വയംഭൂ ജ്യോതിര്‍ലിംഗം കണക്കാക്കപ്പെടുന്നു. ഇത് ഒരു സുവര്‍ണരേഖയാല്‍ രണ്ടായി ഭാഗിച്ചിട്ടുണ്ട്. വലതുവശത്തെ ചെറിയ ഭാഗം സൃഷ്ടിസ്ഥിതിസംഹാരമൂര്‍ത്തികളായ ബ്രഹ്മവിഷ്ണു മഹേശ്വര സങ്കല്‍പ്പമാണ്.ഇടതുവശത്തെ വലിയഭാഗം ആദിപരാശക്തിയായ കാളി, ലക്ഷ്മി, സരസ്വതി എന്നീ ത്രിവിധ ഭാവങ്ങളെയും പ്രതിനിധീകരിക്കുന്നു. ബ്രഹ്മസത്തയുടെയും പരാശക്തിയുടെയും ഏകീകൃതഭാവമത്രെ സുവര്‍ണരേഖയുടെ സങ്കല്‍പം. നവരാത്രിനാളുകളില്‍ സംഗീതമുഖരിതമായിരിക്കും ക്ഷേത്ര പരിസരമാകെ.രാജ്യത്തിന്റൈ നാനാദിക്കില്‍നിന്നുമെത്തുന്ന സംഗീതജ്ഞര്‍ നാദോപാസനയര്‍പ്പിച്ച് ദേവീകടാക്ഷം തേടുന്നു.

എല്ലാ വര്‍ഷവും ദേവിയുടെ ജന്മനക്ഷത്രമായ മീനമാസത്തെ മൂലം നാളില്‍ മഹാരഥോല്‍സവം നടക്കും. ഒന്‍പതു ദിവസത്തെ ഉല്‍സവമാണിത്. കുടജാദ്രിയുടെ താഴ്വാരത്തേക്ക് മഹാരഥോല്‍സവ നാളിലും ഭക്തരുടെ അണമുറിയാത്ത പ്രവാഹമുണ്ടാകും. പുലര്‍ച്ചെ രണ്ടരയോടെ നിര്‍മാല്യ ദര്‍ശനം മുതലാണ് മഹാരഥോല്‍സവദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.ഒരു മണിക്കൂറിനകം ഉഷഃപൂജ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനാണ് നിര്‍മാല്യ ദര്‍ശനം. രഥോല്‍സവ ദിവസം ഈ സമയമാകുമ്പോഴേക്കും മിക്കവാറും ഉച്ചപൂജയ്ക്ക് തുടക്കം കുറിച്ചിരിക്കും. നേരം പുലര്‍ന്ന ശേഷം ദേവിയുടെ രഥാരോഹണം നടക്കും.

പുഷ്പഫലാദികള്‍ കൊണ്ടലങ്കരിച്ച മഹാരഥത്തിലേക്ക് ദേവി ബലിബിംബമേറുന്ന ചടങ്ങാണിത്. പ്രാര്‍ഥനാ കീര്‍ത്തനങ്ങളും പഞ്ചാരി മേളവും അകമ്പടിയാകും. തുടര്‍ന്ന് ഉച്ചവരെ ദര്‍ശനത്തിനു സമയമുണ്ട്. ഉച്ചയോടെ നട അടയ്ക്കും. വൈകുന്നേരം അഞ്ചുമണിയോടെ രഥോല്‍സവത്തിന് പ്രാരംഭം കുറിച്ച് രഥചലനം ആരംഭിക്കും. പ്രധാന ഗോപുര നടയില്‍ നിന്ന് ഓലക മണ്ഡപം വരെയും തിരിച്ചും ദേവീസമേതയായി മഹാരഥത്തെ എഴുന്നള്ളിക്കും. രാത്രി ക്ഷേത്രക്കുളത്തില്‍ആറാട്ട് നടക്കും. തുടര്‍ന്ന് സൗപര്‍ണികയില്‍ തീര്‍ഥശുദ്ധി ഹോമം, തോണിയില്‍ പ്രതീകാത്മക 'മൃഗവേട്ട' എന്നിവ നടക്കും. ഒലക മണ്ഡപത്തില്‍ ഇരുത്തിയ ദേവീ ബലി ബിംബത്തെ അടുത്തദിവസം രാവിലെ ശ്രീകോവിലില്‍ കൊണ്ടുവരും. തുടര്‍ന്ന് ഉല്‍സവത്തിന് കൊടിയിറങ്ങും. ഇതോടൊപ്പം വീരഭദ്ര ക്ഷേത്രത്തിന് മുന്നിലെ യാഗശാലയില്‍ പൂര്‍ണാഹൂതിയും തുടര്‍ന്ന് ദേവിക്ക് കലശാഭിഷേകവും ദീപാരാധനയും നടക്കും. പ്രസാദ വിതരണത്തോടെയാവും ഉല്‍സവം സമാപിക്കുക.രഥോല്‍സവത്തിന്റെ ഭാഗമായി ദേവിക്ക് സമര്‍പ്പണമായി സാരികള്‍ നല്‍കുന്ന ചടങ്ങും ഉണ്ട്.

Your Rating: