Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രം

emoor hemambika temple കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രം

പാലക്കാട് ജില്ലയിലെ അകത്തേത്തറ അംശത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് ഒന്നരകിലോമീറ്റർ വടക്കുഭാഗത്തായിട്ട്. ഈ ക്ഷേത്രത്തിനോട് തൊട്ടു കിടക്കുന്ന ചേന്ദമംഗലം ശിവക്ഷേത്രവും ഈശ്വരമംഗലം ശിവക്ഷേത്രവും പ്രധാനപ്പെട്ടവയാണ്.

ഈ ക്ഷേത്രത്തിന് കേരളത്തിന്റെ ഉത്ഭവ കാലത്തോളം പഴക്കമുണ്ടെന്നു വേണം അനുമാനിക്കാൻ. പരശുരാമൻ സഹ്യാദ്രിയിൽ തപസ്സ് ചെയ്തിരുന്ന കാലത്ത്, കേരളത്തിന്റെ കിഴക്കേ അതിരിലുളള പാലക്കാടൻ മലകളിൽ അധിവസിച്ചിരുന്ന അതിപരാക്രമിയായ നീലാസുരൻ എന്ന അസുര പ്രമാണിയുടെ അക്രമങ്ങൾ സഹിക്കവയ്യാതെ വിഷമിക്കുന്ന ജനങ്ങളുടെ അപേക്ഷ പ്രകാരം ഹിമാലയത്തിൽ ചെന്ന് കൈലാസപതിയെ ഓർത്ത് തപസ്സ് ചെയ്തു. അതിന്റെ ഫലമായി സാക്ഷാൽ ജഗദാംബികയായ ഹേമാംബിക പ്രത്യക്ഷപ്പെട്ട്, സങ്കടകാരണമാരായുകയും പരശുരാമന്റെ അഭ്യർത്ഥനയനുസരിച്ച് ദേവിദുർഗ്ഗയോടുകൂടി സഹ്യപർവ്വതത്തിലെ നീലാസുരനെ സംഹരിച്ച ശേഷം അവിടെ തന്നെ സ്ഥിരവാസം ചെയ്യാനിടയായി എന്നുമാണ് ഐതിഹ്യം.

പാലക്കാടൻ മലമുകളിൽ നീലിമല, അകമല, കരിമല എന്നീ മലകളുടെ ഒരു സമൂഹമുണ്ട്. കരിമലകളുടെ മുകളിൽ ഹേമാംബികയും മണപ്പുളളിക്കാവ് എന്ന സ്ഥലത്ത് ദേവി ദുർഗ്ഗയും കുടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വളരെ ദൂരെകിടക്കുന്ന കരിമലയിൽ നിന്ന് ഹേമാംബികയുടെ അധിവാസം കല്ലേക്കുളങ്ങരയിൽ തന്നെ ആയിത്തീർന്നത് ഒരു ഐതിഹ്യമുണ്ട്. ആദിശങ്കരാചാര്യരുടെ കാലത്താണിത് നടന്നതെന്ന് അനുമാനിക്കുന്നു. അക്കാലത്ത് കുറൂർ മനയ്ക്കലെ ദേവീഭക്തനായ ഒരു നമ്പൂതിരിപ്പാട് കല്ലേക്കുളങ്ങരയിൽ ഇല്ലമുണ്ടാക്കി ദേവിയെ ഭജിക്കുവാൻ വന്നിരുന്നു. അദ്ദേഹം ദിവസേന പ്രഭാതത്തിൽ കുളിയും മറ്റും കഴിഞ്ഞ് കരിമലമുകളിൽ ചെന്ന് ദേവീ പൂജ നടത്തി തിരിച്ചു വരിക പതിവായിരുന്നു. ഇപ്രകാരം കുറച്ചു കാലം കഴിഞ്ഞപ്പോൾ നമ്പൂതിരിപ്പാടിന് പ്രായാധിക്യത്താലുളള ക്ഷീണം ബാധിക്കയാൽ ഇത്രയും ദൂരം നടന്നു പോകുന്നതിനുളള വിഷമം സങ്കടപൂർവമറിയിച്ചെന്നും ദേവി അദ്ദേഹത്തിന് സ്വപ്നത്തിലൂടെ ഇനി മുതൽ മുതിരാംകുന്ന് എന്ന സ്ഥലത്ത് ചെന്നാൽ മതിയെന്ന് അറിവ് കൊടുത്തെന്നും പറയപ്പെടുന്നു. അതിനുശേഷം അദ്ദേഹം മുതിരാം കുന്നിൽ ദേവി സ്വപ്നത്തിലൂടെ കാണിച്ചു കൊടുത്ത സ്ഥലത്ത് പൂജ തുടര്‍ന്നു വരികയും ചെയ്തു. പിന്നീട് കാലം കുറേ കൂടി ചെന്നപ്പോൾ നമ്പൂതിരിപ്പാടിന് ഇത്രയും നടക്കുവാൻ വയ്യാതായി. അപ്പോൾ ദേവി അദ്ദേഹം കുളിക്കുന്ന കുളത്തിനു നടുവിൽ തൃക്കൈകൾ രണ്ടും ഉയർന്നു വന്ന് ദർശനം നല്‍കി. ആ സ്ഥലത്തു കുളം തൂർത്ത് നിർമ്മിച്ചതാണത്രെ ഇന്നത്തെ ഹേമാംബിക ക്ഷേത്രം. കുളത്തിന്റെ നടുവിൽ ഉയർന്നുവന്ന കൈകള്‍ രണ്ടും കല്ലായി തീർന്നു. ഇന്നും അവിടുത്തെ പ്രതിഷ്ഠ ശിലാഹസ്തങ്ങളാണ്. കുളത്തിൽ ഉയര്‍ന്നു വന്ന കൈകൾ കല്ലായിത്തീർന്നു എന്ന അർത്ഥത്തിലായിരിക്കാം ഈ സ്ഥലത്തിന് കല്ലായ്ക്കുളങ്ങര (ഇന്ന് ലോപിച്ച് കല്ലേക്കുളങ്ങര) എന്ന പേരുണ്ടായത്.

emoor hemambika temple കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രം

കുറൂർ നമ്പൂതിരിപ്പാടിന്റെ സഹവർത്തിയായി അന്നുണ്ടായിരുന്ന ചേന്നാസ് നമ്പൂതിരിയാണ് ക്ഷേത്ര നിർമ്മാണ സമയം തന്ത്രിയായിരുന്നതെന്നും അവരുടെ ആവശ്യപ്രകാരം അന്നത്തെ പാലക്കാട് രാജാവ് ക്ഷേത്ര നിർമ്മാണത്തിനു വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തെന്നും പറയപ്പെടുന്നു. ചേന്നാസ് നമ്പൂതിരിയുടെ കാലശേഷം ശേഷക്കാരില്ലാതെ വരികയാൽ കൈമുക്ക് (ലക്കിടി) മനക്കലെ നമ്പൂതിരിപ്പാടിനെയാണ് പിന്നീട് കുറൂർ നമ്പൂതിരിപ്പാട് നിശ്ചയിച്ചത്. കൈമുക്ക് മനക്കലെ അംഗങ്ങളാണ് തന്ത്രിയുടെ കാര്യങ്ങള്‍ നിർവഹിക്കുന്നത്. ദേവീക്ഷേത്രത്തിന് അടുത്തു തന്നെയുളള ശിവക്ഷേത്രം ചേന്നാസ് നമ്പൂതിരിയുടെ വകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഹേമാംബികാക്ഷേത്രത്തിലെ പൂജാദികൾക്ക് ഒരു പ്രത്യേകതയുണ്ട്. കാലത്ത് സരസ്വതി, ഉച്ചയ്ക്ക് ലക്ഷ്മി, വൈകുന്നേരം ദുർഗ്ഗ എന്നീ മൂന്നു സങ്കൽപങ്ങളിലാണ് ഹേമാംബികയെ പൂജിക്കുന്നത്. ഇതിനനുസരിച്ച് നിവേദ്യങ്ങളും മാറുന്നുണ്ട്.

നവരാത്രി കാലത്താണ് ഹേമാംബിക ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ശിവക്ഷേത്രത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി ശിവരാത്രി ഉത്സവവും ആർഭാടപൂർവ്വം കൊണ്ടാടാറുണ്ട്. കൂടാതെ മണ്ഡല പൂജയും കർക്കിടകത്തിലെ ഈശ്വരസേവയും മറ്റും എല്ലാ ഹൈന്ദവ വിശേഷങ്ങളും ഇവിടെ കൊണ്ടാടി വരുന്നുണ്ട്. കഥകളി, ഓട്ടൻതുളളൽ, പാഠകം, ചാക്യാർകൂത്ത് തുടങ്ങി കേരളീയ കലകള്‍ക്കാണ് പാധാന്യം നൽകിക്കാണുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ഭൂവരവുളള ഒന്നായിരുന്നു ഈ ക്ഷേത്രം. കാർഷിക നിയമവും , വനം ദേശസാല്‍കൃത നിയമവും ഈ ക്ഷേത്രത്തിന്റെ ധാരാളം ഭൂസ്വത്തുക്കൾ നഷ്ടപ്പെടുവാൻ ഇട വന്നിട്ടുണ്ട്. ഇന്ന് ഈ ക്ഷേത്രവും അവയുടെ സ്വത്തുക്കളും കേരള സർക്കാർ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ദർശനസമയം

ഭഗവതി ക്ഷേത്രം 5.00 AM To 11.30 AM - 5.00 PM To 8.30 PM

ചേന്ദമംഗലം ശിവക്ഷേത്രം 5.00 AM To 11.00 AM - 5.00 PM To 8.00 PM

ഈശ്വരമംഗലം ശിവക്ഷേത്രം 5.30 AM To 11.00 AM - 5.30 PM To 7.30 PM

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.