Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാദേവതയായ ശ്രീപോർക്കലീ ദേവി 

Sree Porkkili temple ശ്രീപോര്‍ക്കലീ ക്ഷേത്രം

"മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും   

വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ   

ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീമിഷ്ടദാം        

ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം."

കഥകളിയില്‍ തോടയം കഴിഞ്ഞുള്ള വന്ദനാശ്ലോകമാണിത്, ഇതിന്‍റെ സാരാംശം ഇങ്ങനെ, 

"ഗണപതിയും ലക്ഷ്മിയും കൃഷ്ണനും ഗുരുവും ബുദ്ധിമാന്മാരായ വ്യാസനും പാണിനിയും ഗര്‍ഗ്ഗനും നാരദനും കണാദനും ദുര്‍ഗ്ഗാദേവിയും ശിവനും, ഇവരോടേല്ലം കൂടി മൃദംഗദേശത്ത് വസിക്കുന്നവളും അഭീഷ്ടപ്രദായനീയുമായ ശ്രീ പോര്‍ക്കലീ ദേവിയേ ഞങ്ങള്‍ ഭക്തിയോടെ  നിത്യവും വന്ദിക്കുന്നു..ഇവരെല്ലാം വൈകാതെ ഞങ്ങള്‍ക്ക്  മംഗളം അരുളട്ടേ...."

Sree Porkkili temple

മൃദംഗദേശം എന്നത് ഒരു പ്രത്യേക വാദ്യോപകരണത്തെ അല്ല കുറിക്കുന്നത് മറിച്ച് കലാ-സാഹിത്യാദിയായ എന്തിനേയുമാണിത് അര്‍ത്ഥമാക്കുന്നത്. അതായത് ശ്രീപോര്‍ക്കലീ ദേവി അധിവസിക്കുന്ന സ്ഥലം സാഹിത്യ-കലാ നിപുണന്‍മാരാല്‍ അനുഗൃഹീതമായിരിക്കും എന്നര്‍ത്ഥം.

Sree Porkkili temple

ആ കാരണം കൊണ്ടു തന്നെ ആയിരിക്കാം കഥകളിയില്‍ വന്ദനാശ്ലോകമായി പലയിടങ്ങളിലും ഇത് പ്രശസ്തമായത്. കോട്ടയത്തു തമ്പുരാനാല്‍ എഴുതപ്പെട്ട  ഈ ശ്ലോകത്തില്‍ ശ്രീപോര്‍ക്കലിയെ പ്രത്യേകം എടുത്തു പറയുന്നതിന്‍റെ സാരവും മറ്റൊന്നല്ല, കലാനിപുണയാണ്, ഭഗവതി. പലയിടങ്ങളിലും ഭദ്രകാളി ഭാവത്തിലാണ്, ശ്രീപോര്‍ക്കലിയുടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. 

ഒരു ദേശത്തിന്‍റെ ഭഗവതി എന്നതിലുപരി സാഹിത്യ-കലാ നിപുണയായ ദേവി എന്ന വിശേഷനമാണ്, ശ്രീപോര്‍ക്കലി ദേവിയ്ക്ക് കൂടുതല്‍ ചേരുക. ഭദ്രകാളിയാണെങ്കിലും സാത്വിക ഭാവമാണ്, കൂടുതല്‍. 

ശ്രീപോര്‍ക്കലീ ക്ഷേത്രങ്ങളില്‍ ഏറ്റവും പുരാതനങ്ങളിലൊന്നും വ്യത്യസ്ത ഭാവത്തിലുള്ളതുമായ ഒന്നാണ്, അമനകര-മേതിരി കൊണ്ടമറുക് മനയിലെ മൂര്‍ത്തിയുടേത്. ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിയാണ്, ഇവിടെ ശ്രീപോര്‍ക്കലി.

കൊണ്ടമറുക് ശ്രീപോര്‍ക്കലി 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, കൊണ്ടമറുക്, ചെങ്ങഴശ്ശേരി എന്നീ ഇല്ലങ്ങളിലെ കാരണവന്‍മാര്‍ മൂകാംമ്പികാ ക്ഷേത്രത്തിലേയ്ക്കു യാത്ര തിരിച്ചു. ഒപ്പം ഒരു മാരാരും തുണയായുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കാട്ടില്‍ വച്ച് വഴി തെറ്റി പോയ ഇവര്‍ കുടജാദ്രിയുടെ താഴെ അംബികാവനത്തില്‍ എത്തിച്ചേര്‍ന്നു. ഒന്നു വഴി ചോദിക്കാന്‍ പോലും ആരെയും കാണാതെ അവര്‍ വലഞ്ഞു. അങ്ങനെ ചുറ്റും നോക്കിയ ചെങ്ങഴശ്ശേരി കാരണവര്‍ ദൂരെ ഒരു വെളിച്ചം കാണുകയും മറ്റുള്ളവരെ അത് കാട്ടിക്കൊടുക്കുകയും ചെയ്തു. കൊണ്ടമറുകിലെ കാരണവര്‍ രണ്ടും കല്‍പ്പിച്ച് ആ വെളിച്ചം തേടി പോകാന്‍ തീരുമാനിച്ചു. അവിടെ എത്തിയ അദ്ദേഹം ആരേയും കാണാനാകാതെ  ഭഗവതിയെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ദേവി അവിടെ പ്രത്യക്ഷപ്പെട്ടെന്നും കഥ പറയുന്നു. ഭഗവതിയുടെ സാന്നിദ്ധ്യം തന്‍റെ മനയില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹത്തോട് ഒരു നിബന്ധനയോടെ ദേവി കൂടെ ചെല്ലാമെന്നേറ്റു. എവിടെയെങ്കിലും വച്ച് തിരിഞ്ഞു നോക്കിയാല്‍ അവിടെ ഇരിപ്പിടമൊരുക്കുക. എന്ന നിബന്ധന സ്വീകരിച്ച് കാരണവര്‍ ഭഗവതിയേയും കൂട്ടി പോയി . ഇല്ലപ്പേരുകള്‍ പോലും ഈ കഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആദ്യം ചെന്നു കണ്ടയാള്‍ ചെങ്ങഴശ്ശേരി, കൊണ്ടു വന്നയാള്‍ കൊണ്ടമറുകിലെ. 

കൊണ്ടമറുക് എന്ന പേര്, വന്ന മറ്റൊരു കഥ കൂടി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഭഗവതിയേ അന്വേഷിച്ചു പോയപ്പോള്‍ ഒരു നദി കടക്കാനുണ്ടായി എന്നാല്‍ കടന്ന് അക്കരെ എത്തിയപ്പോഴാണ്, അതൊരു സര്‍പ്പമാണെന്ന് മനസ്സിലായത്, ഉടന്‍ സര്‍പ്പം അദ്ദേഹത്തിന്‍റെ പുറകില്‍ വാലു കൊണ്ട് നല്ലൊരു പ്രഹരം കൊടുക്കുകയും അത് ഒരു മറുകായി മാറി തുടര്‍ന്ന് അദ്ദേഹത്തിന്‍രെ മന കൊണ്ടമറുക് എന്ന് വിളിക്കപ്പെട്ടു എന്നും കഥയുണ്ട്. വിശ്വാസങ്ങളുടെ നാഴികക്കല്ലുകള്‍ ഏറെ താണ്ടിയതാണ്, ഈ മന.

 എന്തു തന്നെയായാലും വഴിയില്‍ ഒരിടത്തു വച്ച് അവര്‍ തിരിഞ്ഞു നോക്കിയെന്നും ഭഗവതി അവിടെ തന്നെ കുടിയിരുന്നുവെന്നുമാണ്, കഥ. ഭഗവതി ഇരുന്ന സ്ഥലം ഒരു കൃഷ്ണ ക്ഷേത്രമായിരുന്നു( ഇപ്പോള്‍ ആ അമ്പലം പ്രശസ്തമായ നാലമ്പലശ്രേണിയിലെ -രാമപുരം,അമനകര, കൂടപ്പുലം,മേതിരി) ശത്രുഘ്നശ്വാമിയുടെ ക്ഷേത്രമാണ്). തന്‍റെ തൊട്ടു മുന്നിലുള്ള ഭഗവതിയുടെ ആ ഇരിപ്പ് ഭഗവന്, അത്രയ്ക്ക് പിടിച്ചില്ല, അതുകൊണ്ട് ഭഗവതിയെ അവിടുന്ന് മനയ്ക്കുള്ളിലേയ്ക്കു തന്നെ മാറ്റിയിരുത്തേണ്ടി വന്നു. പിന്നീട് അമ്പലത്തിനോട് ചേര്‍ന്ന് മറ്റൊരു മാളിക പണികഴിപ്പിക്ുകയും ഇല്ലത്തുള്ളവര്‍ അങ്ങോട്ടു മാറുകയും ചെയ്തു.

കൊണ്ടമറുക് മന

നൂറ്റാണ്ടുകളായി മന്ത്രവാദികളായ ഒരു പരമ്പരയാണ്, കൊണ്ടമറുക് ഇല്ലത്തുള്ളവര്‍ തുടരുന്നത്. ഭഗവതിയെ കുടിയിരുത്തുന്നതിനു മുന്‍പു തന്നെ മാന്ത്രികോപാസകരായിരുന്നു ഈ ഇല്ലത്തുള്ളവര്‍. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ,പ്രത്യക്ഷാനുഗ്രഹം തരുന്ന മൂര്‍ത്തികള്‍ ഇവിടെയുണ്ട്. പരിഹാരം തേടി എത്തുന്ന ആര്‍ക്കും വിഷമിച്ചു പോകേണ്ടി വരില്ല എന്നു സാരം. ഭൈരവമൂര്‍ത്തിയുമുണ്ടിവിടെ, അദ്ദേഹം ശ്രീപോര്‍ക്കലിയുടെ ഗുരുസ്ഥാനീയനെന്നാണ്,കഥകൾ പറയുന്നത്.

ആചാരങ്ങളുടെ വൈരുദ്ധ്യത

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെപ്പോലെയല്ല കൊണ്ടമറുക് ശ്രീപോര്‍ക്കലിയുടെ അമ്പലം. അമ്പലങ്ങളില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതിനു മുന്‍പ് മൂലമന്ത്രത്തകിടുകള്‍ താഴെ വയ്ക്കാറുണ്ട്. അതിനുമുകളിലാണ്, വിഗ്രഹപ്രതിഷ്ഠ നടക്കേണ്ടത്. എന്നാല്‍ ഇവിടെ പ്രതിഷ്ഠയ്ക്ക് അങ്ങനെയൊരു അടിസ്ഥാനമില്ല. പകരം വിശ്വാസത്തിന്‍റേയും ഉപാസനയുടേയും ഔന്നത്യത്തില്‍ ആണ്, ശ്രീപോര്‍ക്കലിയുടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പൂജാവിധികളും മറ്റ് ക്ഷേത്രങ്ങളെ പോലെ അല്ല. കാശ്മീരി രീതിയായ നാഥവിധിയിലാണ്, പൂജാദി കര്‍മ്മങ്ങള്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഇല്ലത്തുള്ളവര്‍ അല്ലാത്തവര്‍ക്ക് പൂജാകര്‍മ്മങ്ങള്‍ ഇവിടെ ചെയ്യാന്‍ കഴിയില്ല. മരണമോ ജനനമോ മൂലം മുടക്കു വന്നാല്‍ ചെങ്ങഴശ്ശേരി ഇല്ലത്തുള്ളവര്‍ക്കു മാത്രം ചെറിയ ഒരു ഇളവുണ്ട്, തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം. അതിനും കഴിഞ്ഞില്ലെങ്കില്‍ പൂജ മുടക്കുന്നതു തന്നെ ഭഗവതിയ്ക്കു പ്രിയം.

പ്രധാനമായും മൂന്നു പൂജകളാണ്, ഇവിടെ ഉള്ളത്, മൂന്ന് സന്ധ്യകളിലും ദേവിയ്ക്ക് പലഭാവങ്ങളിലാണ്, പൂജ. ത്രിപുര സുന്ദരിയായും ബാലയായും ഒക്കെ ദേവി ഇവിടെ ആരാധിക്കപ്പെടുന്നു. ഒരുപക്ഷേ മൂകാംബികാ ക്ഷേത്രത്തിന്‍റെ ഒരു ഭാവത്തിലാകാം ഇവിടെ ദര്‍ശനം എന്ന് വിശ്വസിക്കുന്നു.

ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം മണ്ഡലകാലത്താണ്. നാല്‍പ്പത്തിയൊന്ന് ദിവസവും ദീപാരാധനയും നാല്‍പ്പത്തിയൊന്നാം ദിവസംവലിയ ഗുരുതിയോടു കൂടിയ ഉത്സവവുമാണ്, പ്രത്യേകത. സാധാരണ ഗുരുതി തര്‍പ്പണം എന്നാല്‍ ചുണ്ണാമ്പുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടാണ്, എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും നേദിക്കുന്നത്, എന്നാല്‍ ഉത്സവദിനത്തില്‍ കൊണ്ടമറുകില്‍ കോഴിയുടെ രക്തം കൊണ്ടുള്ള ഗുരുതി തര്‍പ്പണമാണ്, നടത്തുന്നത്. ബലി നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നുള്ളതൊന്നും ഇവിടുത്തെ ആചാരങ്ങള്‍ക്ക് വിഘ്നം വരുത്തിയിട്ടില്ല. മനയിലുള്ളവര്‍ നിര്‍ത്താന്‍ തയ്യാറെങ്കിലും അന്നേ ദിവസം ഇഷ്ടകാര്യ മോഹവുമായി വിവിധ ദേശങ്ങളില്‍ നിന്നുമാണ്, നാനാ ജാതി മതസ്ഥര്‍ ഈ കര്‍മ്മത്തിനായി ഇവിടെയെത്തുന്നത്. അര്‍ദ്ധരാത്രി കഴിഞ്ഞാണ്, ചടങ്ങ് എന്നതു കൊണ്ട് ഇതുമായി നേരിട്ട് അമ്പലത്തിന്, ബന്ധമില്ല. ഗുരുതിയ്ക്കായി ഇല്ലത്തുള്ളവരുമല്ല പങ്കെടുക്കുന്നത്, ചില പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്, ഇതിനുള്ള അവകാശം. 

മണ്ഡലകാലത്തു മാത്രമല്ല, വിഷു സമയത്തും ഈ രീതിയില്‍ തന്നെ ഇവിടെ ഗുരുതി നേദ്യം ഉണ്ടാകാറുണ്ട്. ഈ വഴിവാടുമായി വരുന്നവര്‍ വളരെ വിശ്വാസത്തോടെയാണ്, ഇത് ചെയ്യുന്നതെന്നതു കൊണ്ടു തന്നെ തിരികെ പോകുമ്പോള്‍ വല്ലാത്ത സംതൃപ്തി അവരില്‍ കാണാം.

വിശ്വാസങ്ങള്‍ മനുഷ്യനെ സംരക്ഷിക്കാനാണ്, എന്നു വരുമ്പോഴേ അതിനു ശക്തിയുണ്ടാകൂ. പല ഐതിഹ്യങ്ങളും ഇത്തരം വിശ്വാസങ്ങളുടെ മറ പിടിച്ച് ഉണ്ടായിട്ടുള്ളതുമാണ്. മൂകാംബികയുടെ ശക്തിശ്രോതസ്സിന്‍റെ പരിധിയില്‍ നിന്ന് ആവാഹിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാവാം ആചാരങ്ങളിലും പല സാമ്യതകളും ഇരുവര്‍ക്കുമുള്ളത്. എന്തു തന്നെയായാലും പൈതൃകത്തിന്‍റെ ഒരു ശക്തി ഇവിടെ അറിയാം, വരുന്നവര്‍ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

Your Rating: