Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമവിശുദ്ധയുടെ തിരുനാളിന് കൊടിയേറി; ഭരണങ്ങാനം ഇനി കൂടുതല്‍ ഭക്തിസാന്ദ്രം

വിശുദ്ധ അല്‍ഫോന്‍സ

ഭരണങ്ങാനം ഇന്നുമുതല്‍ കൂടുതല്‍ ഭക്തിസാന്ദ്രമാകുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സമുദ്രം ഇവിടേയ്ക്ക് ഒഴുകിയെത്തിതുടങ്ങുന്നു.  ഭാരതത്തിന്റെ പ്രഥമവിശുദ്ധയും മലയാളത്തിന്റെ സ്വന്തവുമായ വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാളിന് 19 ന് തുടക്കമായി.

28 നാണ് പ്രധാന തിരുനാള്‍. കേരളസഭയിലെ വിവിധ സഭാവിഭാഗങ്ങളിലെ മതമേലധ്യക്ഷന്മാര്‍ ഈ തിരുനാള്‍ ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം പ്രമാണിച്ച് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥകേന്ദ്രം ഇരുപത്തിനാലു മണിക്കൂറും പ്രാര്‍ത്ഥനകള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.

1910 ഓഗസ്റ്റ് 19 ന് കുടമാളൂരില്‍ മുട്ടത്തുപാടത്ത് കുടുംബത്തില്‍  ജനിച്ച അന്നക്കുട്ടിയാണ് ഇന്ന് വിശുദ്ധ അല്‍ഫോന്‍സയായി സമസ്തലോകങ്ങളിലും വിശുദ്ധിയുടെ സുഗന്ധം പരത്തുന്നത്. മാസം തികയാതെയുള്ള ജനനമായിരുന്നു അന്നക്കുട്ടിയുടേത്. അവള്‍ ജനിച്ച് എട്ടാം നാള്‍ അമ്മ മരിച്ചു. പിന്നെ  പേരമ്മ അന്നമ്മയുടെ വീട്ടില്‍ മുട്ടുചിറയിലായിരുന്നു അന്നക്കുട്ടിയുടെ ജീവിതം.

ചെറുപ്പത്തിൽ  അവളുടെ  ആഗ്രഹം ഒന്നുമാത്രമായിരുന്നു, കന്യാസ്ത്രീയാകണം. പേരമ്മയുടെ എതിര്‍പ്പിനെ സ്‌നേഹംകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും കീഴടക്കി അന്നക്കുട്ടി ഭരണങ്ങാനത്തെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരമഠത്തില്‍ ചേര്‍ന്നു. തുടര്‍ച്ചയായ രോഗദുരിതങ്ങളിലൂടെയും അവഗണനകളിലൂടെയും കടന്നുപോയതായിരുന്നു സിസ്റ്റര്‍ അല്‍ഫോന്‍സയുടെ കോണ്‍വെന്റ് ജീവിതം.

1946 ജൂലൈ 28 ന് മരണമടയുമ്പോള്‍ സിസ്റ്റര്‍ അല്‍ഫോന്‍സയ്ക്ക് മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. അവളുടെ ശവസംസ്‌കാരചടങ്ങുകള്‍ക്ക് പോലും ബന്ധുക്കളും ഏതാനും കന്യാസ്ത്രീകളുമല്ലാതെ ആരുമുണ്ടായിരുന്നുമില്ല. പക്ഷേ അല്‍ഫോന്‍സയുടെ ജീവിതവിശുദ്ധിയും പ്രാര്‍ത്ഥനാജീവിതവും ആദ്യം മനസ്സിലാക്കിയ കുഞ്ഞുകുട്ടികള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവളെ വിശുദ്ധയായിട്ടാണ് പരിഗണിച്ചിരുന്നത്.

പിന്നീട് മരണത്തിന് ശേഷം സിസ്റ്റര്‍ അല്‍ഫോന്‍സയുടെ മാധ്യസ്ഥശക്തിയാല്‍ നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. തുടര്‍ന്നാണ് സിസ്റ്റര്‍ അല്‍ഫോന്‍സയെ വിശുദ്ധയാക്കുന്നതിനുള്ള നാമകരണനടപടികള്‍ ആരംഭിച്ചത്. അതനുസരിച്ച് കത്തോലിക്കാസഭയുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി 1985 ജൂലൈ 9ന് സിസ്റ്റര്‍ അല്‍ഫോന്‍സയെ ധന്യയായി പ്രഖ്യാപിച്ചു. 1986 ഫെബ്രുവരി എട്ടിന് വാഴ്ത്തപ്പെട്ടവളുമായി. അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍പോള്‍ രണ്ടാമനായിരുന്നു പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങ് നടന്നത് കോട്ടയത്ത്  വച്ചായിരുന്നു.

ആദ്യമായി ഒരു മാര്‍പാപ്പ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയതും അന്നായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആ ദിനത്തിന്.  നെഹ്‌റു സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു വാഴ്ത്തപ്പെട്ടവളാക്കുന്ന ചടങ്ങ് നടന്നത്.

2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പയായിരുന്നു അല്‍ഫോന്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ജിനില്‍ ജോസഫ് എന്ന  പത്തുവയസുകാരന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍ അല്‍ഫോന്‍സാമ്മയോടുള്ള മാധ്യസ്ഥപ്രാര്ത്ഥന വഴി നിവര്‍ന്നുകിട്ടിയതാണ് അല്‍ഫോന്‍സായെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ കാരണമായിത്തീര്‍ന്നത്

അല്‍ഫോന്‍സാമ്മ മരിച്ചതിന്റെ എഴുപതാം വര്‍ഷത്തിലാണ് ഇത്തവണത്തെ തിരുനാള്‍ എന്ന പ്രത്യേകതയും ഈവര്‍ഷത്തെ തിരുനാളിനുണ്ട്.

Your Rating: