Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുക്‌റാനയുടെ നിറവില്‍

st-thomas

തോറാന( ദുക്‌റാന) യ്ക്ക് ആറാന ഒഴുകിപ്പോകുമെന്നായിരുന്നു പഴമൊഴി. മറ്റേത് ദിവസം മഴ പെയ്തില്ലെങ്കിലും ദുക്‌റാനയ്ക്ക് മഴ പെയ്യുമെന്നും അവര്‍ വിശ്വസിച്ചു പോന്നു. കാലം മാറി, കാലാവസ്ഥയും.

പക്ഷേ ഇന്ന് ദുക്‌റാനയ്ക്ക് മഴ പെയ്താലും  പെയ്തില്ലെങ്കിലും വി. തോമസിന്റെ ഓര്‍മ്മതിരുന്നാൾ ആഘോഷിക്കുന്ന ജൂലൈ മൂന്നിന്  ഭക്തി തീക്ഷ്ണതയ്ക്കും വിശ്വാസത്തിനും തെല്ലും കുറവില്ല കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ക്ക്. കാരണം സുറിയാനി ക്രിസ്തീയ സഭകള്‍ ഉടലെടുത്തത് ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാശ്ലീഹാ കേരളത്തിലെത്തിയതോടെയാണെന്നാണ് പാരമ്പര്യം.

ഇന്നത്തെ കൊടുങ്ങല്ലുരിലായിരുന്നു തോമായുടെ പാദസ്പര്‍ശം ആദ്യമായി പതിഞ്ഞത്. തോമാശ്ലീഹ ജ്ഞാനസ്‌നാനം നടത്തിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോധ്യം കേരളത്തിലെ  സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസജീവിതത്തിന്റെ ആണിക്കല്ലും ഉരകല്ലുമാണ്.

യൂദാസ് തോമസ്, ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും വി. തോമസ് അറിയപ്പെടുന്നുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ വളരെ ചുരുക്കം പരാമര്‍ശമേ ഈ ക്രിസ്തുശിഷ്യനെക്കുറിച്ചുള്ളൂ. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത്. തോമാ എന്ന അരമായ സുറിയാനി വാക്കിന്റെ അര്‍ത്ഥം ഇരട്ട എന്നാണ്. 

സംശയിക്കുന്ന തോമാ എന്ന വിശേഷണവും തോമാശ്ലീഹായ്ക്കുണ്ട്. ഉയിര്‍ത്തെണീറ്റ യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ശിഷ്യഗണത്തില്‍ തോമസ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം തിരികെ എത്തിയപ്പോള്‍ മറ്റ് ശിഷ്യന്മാര്‍ യേശു തങ്ങള്‍ക്ക് പ്രത്യക്ഷനായ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ലെന്നും ബൈബിള്‍ വ്യക്തമാക്കുന്നു.  എന്നാല്‍ തോമസ് പറഞ്ഞത് ഇതാണ്.

ക്രിസ്തുവിന്റെ  കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. ഇതാണ് സംശയിക്കുന്ന തോമാ എന്ന പേര് അദ്ദേഹത്തിന് പതിയാന്‍ കാരണം.

തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുന്തം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു അദ്ദേഹത്തെ. ഇന്നും മൈലാപ്പൂരില്‍ കബറിടം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്ന് ഇറ്റലിയിലെ ഓര്‍ത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.  കേരളത്തില്‍ മലയാറ്റൂരാണ് വിശുദ്ധന്റെ നാമത്തിലുളള പ്രധാന തീര്‍ത്ഥാടനകേന്ദ്രം.

Your Rating: