Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മീയതയുടെ കൈപിടിച്ച അനുഗ്രഹീത ജീവിതം

Zacharias Mar Theophilos മാർത്തോമ്മാ സഭയുടെ കാലംചെയ്ത സഫ്രഗൻ മെത്രാപ്പെ‍ാലീത്ത ‍ഡോ. സഖറിയാസ് മാർ തെയോഫിലോസിന്റെ ഭൗതികശരീരം ഇന്നലെ രാത്രി തിരുവനന്തപുരം പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ പെ‍ാതുദർശനത്തിനു വച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, മന്ത്രി വി.എസ്. ശിവകുമാർ, കെപിസിസി പ്രസി‍ഡന്റ് വി.എം. സുധീരൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമീപം. ചിത്രം:മനോരമ

ചെങ്ങന്നൂർ∙ എന്റെ പിന്നാലെ വരിക. ഉറക്കത്തിൽ ഇങ്ങനെ ശബ്ദം കേട്ട ഉമ്മൻ കോരത് പിറ്റേന്നു തന്നെ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്തയെ പോയി കണ്ടു. അവസാനശ്വാസം വരെ ഉണർവോടെ സഭയ്ക്കുവേണ്ടി പ്രവർത്തിച്ച ആത്മീയ പിതാവായ ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയായി കാലത്തിന്റെ പ്രയാണത്തിൽ ആ യുവാവ് മാറി.

ആത്മീയതയുടെ കൈപിടിച്ചു അദ്ഭുതങ്ങൾ സൃഷ്ടിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു ഇൗ സ്നേഹപിതാവ്. വളരെ ചെറുപ്പത്തിൽ 21–ാമത്തെ വയസ്സിൽ അധ്യാപകനായി. സഭയുടെ പെരുമ്പാവൂർ, മൈസുരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്തുവരവെയാണു സഭയുടെ വിശാലമായ പ്രവർത്തന മണ്ഡലത്തിലേക്ക് ഇറങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. സഭയുടെ വഴിത്താരയിൽ നടന്നു തുടങ്ങിയപ്പോഴും എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു മെത്രാപ്പൊലീത്തയുടേത്. 1980 ൽ തിരുവല്ലയിൽ നടന്ന സഭാമണ്ഡല യോഗത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ മേൽപ്പട്ടക്കാരനായതുതന്നെ ഇതിനു തെളിവ്.

വിവിധസംഘടനകളിലും സഭയുടെ വിവിധതലങ്ങളിലും മികച്ച സംഘാടകനായി അദ്ദേഹം തിളങ്ങി. മാർത്തോമ്മാ യുവജനസഖ്യം, മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം, മാർത്തോമ്മാ വോളന്ററി ഇവൻജലിസ്റ്റിക് അസോസിയേഷൻ, മാർത്തോമ്മാ സുവിശേഷ സേവികാ സംഘം, മാർത്തോമ്മാ ദയറ ആൻഡ് സന്യാസിനി സമൂഹം, വൈദിക സിലക്‌ഷൻ കമ്മിറ്റി, പിന്നാക്ക വികസന കമ്മിറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു. നിലവിൽ മാർത്തോമ്മാ ഇവൻജലിസ്റ്റിക് അസോസിയേഷന്റെയും തിയളോജിക്കൽ കമ്മിഷൻ ഓഫ് ദി മാർത്തോമ്മാ ചർച്ച്, പ്ലാനിങ് കമ്മിഷൻ എന്നിവയുടെയും പ്രസിഡന്റാണ്.

Zacharias Mar Theophilos ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത വൈദികനായിരുന്നപ്പോൾ മാതാപിതാക്കൾക്കൊപ്പം(ഫയൽചിത്രം)

നാഷനൽ മിഷനറി സൊസൈറ്റി ഓഫ് ഇന്ത്യ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള, വേൾഡ് മിഷൻ ഓഫ് ഇന്ത്യ, ബെംഗളൂരു എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ (ECC), തിയളോജിക്കൽ ലിറ്ററേച്ചർ സൊസൈറ്റി കേരള എന്നിവയുടെ പ്രസിഡന്റായിരുന്നു. നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ഓഫ് ഓൾ എപ്പിസ്കോപ്പൽ ചർച്ചസ് ഇൻ കേരളയുടെ സെക്രട്ടറിയായും ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (CCA) നിർവാഹക സമിതിയംഗം, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) നിർവാഹക– കേന്ദ്ര സമിതികളിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ബിഷപ്പുമാരുടെ എക്യുമെനിക്കൽ സമ്മേളനം, ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ സുഡാൻ ഐക്യദാർഢ്യയാത്രയിലും അംഗമായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മാനേജരാണ്.

ചെറിയ ആശയങ്ങൾ, വളർന്നു പന്തലിച്ച തണൽമരങ്ങൾ

കോട്ടയം ∙ വലിയ കതകുകൾ തിരിയുന്നതു ചെറിയ വിജാഗിരികളിലാണ്. ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത തുടക്കമിട്ടതും വിജയകരമായി പ്രവർത്തിച്ചു വരുന്നതുമായ വലിയ പദ്ധതികൾ എല്ലാം തന്നെ തുടങ്ങിയതു അപ്രതീക്ഷിതമായാണ്; തീർത്തും ചെറിയ നിലയിലാണ്. പെട്ടെന്നു തോന്നിയ ചില ആശയങ്ങളിലും ഉൾവിളികളിലുമാണ് അവയുടെ തുടക്കം.ഇതേപ്പറ്റി ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ തന്നെ തുറന്നു പറഞ്ഞിട്ടുള്ളത് ഇങ്ങനെ:‘‘ആശയങ്ങൾ, ദർശനങ്ങൾ–ഇവ ദൈവം എനിക്കു തരുന്നു. ഡെൻമാർക്കിലെ ഹോട്ടൽ മുറിയിൽ വച്ചു തോന്നിയ ആശയമാണ് ആലുവയിൽ ‘ശാന്തിഗിരിയായി’

സാക്ഷാത്ക്കരിച്ചത്.സഭയിൽ ധാരാളം പ്രവർത്തനങ്ങളുണ്ട്. പക്ഷേ ധ്യാനത്തിന്റെ കുറവുണ്ടെന്ന് ആ രാത്രി തോന്നി. ധ്യാനിക്കാൻ ഒരു ഉദ്യാനം, ധ്യാനിക്കാൻ ഒരു മല, ധ്യാനിക്കാൻ ഒരു ഹാൾ ഇവയെല്ലാമുള്ള ഒരിടം വേണം. ഉടൻ, അവിടെ കിടന്ന കടലാസിൽ ഇന്നത്തെ ശാന്തിഗിരിയുടെ രൂപരേഖ വരയ്‌ക്കുകയായിരുന്നു. അതു ദൈവത്തിന്റെ ദർശനമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

Zacharias Mar Theophilos ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത

‘സഹായം അഭ്യർഥിച്ച് ഒരു പെൺകുട്ടി എത്തുന്നതാണു കോട്ടയത്തെ ‘മോചന’യുടെ തുടക്കമായത്. അവളുടെ പിതാവിന്റെ മദ്യപാനമായിരുന്നു പ്രശ്‌നം. പെൺകുട്ടിക്കു കുടനിർമാണ കേന്ദ്രത്തിൽ ജോലി നൽകി. പിതാവിനെ മദ്യപാനത്തിൽ നിന്നു രക്ഷിക്കാൻ ‘മോചന’യും തുടങ്ങി. പള്ളിയിൽ സ്‌തോത്രകാഴ്‌ചയിടാൻ ഒരു വികലാംഗൻ നടന്നു വരുന്നതു കണ്ടപ്പോഴാണ് അവർക്കു വേണ്ടി ഒരു സ്‌ഥാപനം തുടങ്ങണമെന്നു തോന്നിയത്. അങ്ങനെയുണ്ടായതാണു പത്തനാപുരത്തെ ‘ആശാനികേതൻ’.ഇതെല്ലാം ദൈവത്തിന്റെ ദർശനമായിരുന്നു. ’’ഈ സ്ഥാപനങ്ങളിൽ നിന്നെല്ലാം സഹായം ലഭിച്ചിട്ടുള്ള അനേകർ തിരുമേനിയോടൊപ്പം പറയും–‘ഉവ്വ്, ഇവയെല്ലാം ദൈവം തന്നെ നൽകിയ ദർശനമായിരുന്നു’

പത്തനാപുരം ആശാ ഭവൻ, കോട്ടയം മോചന, കിടങ്ങന്നൂർ നവദർശൻ എന്നീ ലഹരി വിമോചന കേന്ദ്രങ്ങൾ, തൃക്കുന്നപ്പുഴ മിഷൻ, ഹരിപ്പാട് സെന്റർ, പത്തനംതിട്ട വർക്കിങ് വിമൻസ് ഹോസ്റ്റൽ, ആലുവ ശാന്തിഗിരി ആശ്രമം, ന്യൂയോർക്ക് സീനായ് സെന്റർ, കരുതൽ കാൻസർ കെയർ ആൻഡ് കൗൺസലിങ് സെന്റർ, ഉന്നത വിദ്യാഭ്യാസ വായ്പാ പദ്ധതി, നരസപുരം മാർക്കോമാ മിഷൻ സ്കൂൾ ആൻഡ് ഹോസ്റ്റൽ, മിനിസ്ട്രി ഓഫ് വിഡോ, വിധവകളും വയോധികരും, വെൺമണി സാധു സദനം, ബോധന, ബോധധാര, വീസ–വിവാഹ സഹായം, ദലിത് വികസന പദ്ധതി എന്നിവയെല്ലാം സഫ്രഗൻ മെത്രാപ്പൊലീത്തായുടെ ഉൾവിളിയുടെ സാക്ഷിപത്രങ്ങളിൽ‌ ചിലതു മാത്രം...

മെത്രാപ്പൊലീത്തയുടെ നവതിയോടനുബന്ധിച്ചു സഫ്രഗൻ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ 16 കോടി രൂപ സ്വരൂപിച്ചു ഭവനരഹിതർക്കായി 2050 വീടുകൾ നിർമിച്ചു നൽകിയിരുന്നു. സ്വപ്നപദ്ധതിയായ ആറാട്ടുപുഴ തരംഗം മിഷൻ ആക്‌ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളിലാണ് അവസാനം ഏറെയും ശ്രദ്ധ പതിപ്പിച്ചത്.

Zacharias Mar Theophilos ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. (ഫയൽചിത്രം: നിഖിൽരാജ്)

ആത്മീയ പിതാവായിരിക്കുമ്പോഴും സാധാരണക്കാരുടെ ശാരീരിക അവശതകൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ഷൊർണൂരിലായിരിക്കെ അടുത്തുപരിചയപ്പെട്ട അധ്യാപകൻ അർബുദ രോഗിയായി മരിക്കുന്നതു കണ്ടതിന്റെ വേദന അദ്ദേഹത്തെ വേട്ടയാടി.കുടുംബത്തിന്റെ നെടുംതൂണു മാത്രമല്ല, സാമ്പത്തിക അടിത്തറയും മാരകരോഗം തകർക്കുന്നു.ഒരാളുടെ രോഗത്തോടെ കുടുംബം മുഴുവന‍ും തകർന്നടിയുന്ന അവസ്ഥ മാറണമെന്ന ചിന്തയിൽ അദ്ദേഹം രോഗികൾക്കായി ‘കരുതൽ’ എന്ന കാൻസർ ചികിൽസാ സഹായപദ്ധതി തുടങ്ങി. സാധുക്കളുടെ മക്കൾക്കു ഉന്നതവിദ്യാഭ്യാസത്തിനു പണം വായ്പ നൽകുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു (ഹെൽപ്) പിന്നിലും ഇതേ ദീർഘവീക്ഷണമാണുണ്ടായിരുന്നത്.

ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലുള്ളവർക്കു മറക്കാനാവാത്ത വ്യക്തിയാണു ഡോ.സഖറിയാസ്. ആന്ധ്രയിലെ നരസാപുരം എന്ന ഭിക്ഷക്കാരായ ദലിതരുടെ ഗ്രാമത്തിൽ ചെന്നപ്പോൾ മനസ്സു നീറിയ പിതാവ് 10 ഏക്കർ ഭൂമി വാങ്ങി അവരെ കൃഷി ചെയ്യാൻ പഠിപ്പിച്ചു,ഭിക്ഷാടനത്തിൽ നിന്നു മോചിപ്പിക്കാൻ ശ്രമിച്ചു. പിതൃസ്വത്ത് വിറ്റുകിട്ടിയ പണം മുടക്കി സ്ഥലം വാങ്ങി സ്ഥാപിച്ച ശാന്തിഗിരി ജാതിമതഭേദമെന്യ എല്ലാവർക്കും സേവനം നൽകുന്നു.മദ്യപാനത്തിനെതിരെ നിരന്തരം പോരാടാൻ അദ്ദേഹം സമയം കണ്ടെത്തി.

അശരണരോടുള്ള കരുതലായിരുന്നു തിരുമേനിയുടെ മുഖമുദ്ര.തുടക്കമിട്ട പദ്ധതികളിൽ ഒട്ടുമിക്കവയും അവർക്കു വേണ്ടിയുള്ളവയായിരുന്നു. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികൾ സഭയുടെ മക്കൾക്കു വേണ്ടി മാത്രമുള്ളതായിരുന്നില്ല. ‘കരുതൽ’ പദ്ധതിയുടെ ഗുണഭോക്താക്കളിൽ എല്ലാ മതങ്ങളിലും പെട്ടവരുണ്ട്. പ്രതിമാസം അവർക്കു ചികിൽസാ സഹായമെത്തിക്കുന്ന പദ്ധതി വിജയകരമായി നടന്നു വരുന്നതിനു പിന്നിൽ മെത്രാപ്പൊലീത്തയുടെ സ്നേഹ നിർബന്ധമുണ്ടായിരുന്നു. കുടുംബഭദ്രത തകർന്നു പ്രശ്നങ്ങളിൽ ഉഴലുന്നവർക്കു കൗൺസലിങ്ങിലൂടെ ആശ്വാസം പകരുവാനും ശ്രദ്ധിച്ചിരുന്നു.യുവാക്കളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ഡോ.സഖറിയാസ് യുവജനങ്ങളെ ആത്മീയപാതയിൽ നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവശ്രദ്ധ പതിപ്പിച്ചിരുന്നു.

Zacharias Mar Theophilos ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത

മാർ ആലഞ്ചേരി അനുശോചിച്ചു

കൊച്ചി ∙ ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. അടുത്ത സുഹൃത്തായിരുന്ന മെത്രാപ്പൊലീത്ത പ്രേഷിത വിജ്ഞാനീയത്തിൽ അഗാധമായ അറിവുണ്ടായിരുന്ന സഭാശ്രേഷ്ഠനായിരുന്നുവെന്ന് കർദിനാൾ പറഞ്ഞു. വചന വ്യാഖ്യാനത്തിലും അഗാധമായ ഉൾക്കാഴ്ചകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കൂടുതൽ ചിത്രങ്ങൾ കാണാം‍‍ www.manoramaonline.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.