Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈരം പതിച്ച് വൈരങ്കോട് തീയാട്ടുൽസവം

varnakkazhcha വർണക്കാഴ്ചയൊരുക്കി

ആതവനാട് ∙ വർണക്കാഴ്ചകളുടെ പൂമഴ പെയ്തിറങ്ങിയ ഉൽസവരാവ്. ആട്ടവും പാട്ടുമായി ആഘോഷത്തിമർപ്പിൽ അലിഞ്ഞ് വെട്ടത്തുനാട്. വൈരങ്കോട് ഭഗവതിക്ഷേത്രത്തിലെ വലിയ തീയാട്ടുൽസവം ഒരിക്കൽക്കൂടി ഭക്തിയുടെയും ആനന്ദത്തിന്റെയും നിറച്ചാർത്തണിഞ്ഞു. വൈരങ്കോട്ടേക്കുള്ള എല്ലാ വഴികളിലും ഇന്നലെ വൈകിട്ട് താളമേളസമേതമുളള വരവുകാഴ്ചകളായിരുന്നു. സാംസ്കാരിക സമന്വയത്തിന്റെയും മതസാഹോദര്യത്തിന്റെയും ഉണർത്തുപാട്ടുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അലങ്കരിച്ച ഇണപ്പൊയ്ക്കാളകൾ ഉൽസവപ്പറമ്പിനു ചന്തമുള്ള കാഴ്ചയായി.

ചെറിയ സംഘങ്ങളായി വിവിധ ദേശങ്ങളിൽനിന്നു കൊടിക്കൂറകളും വാദ്യഘോഷങ്ങളുമായി ചുവടുവച്ച് എത്തിയ കാളവരവുകൾ ക്ഷേത്രാങ്കണത്തിൽ സംഗമിച്ചു. പൂതൻ, തിറ, കാട്ടാളൻ, കരിങ്കാളി, വേടൻമാർ, വിവിധ വേഷങ്ങൾ, പൂക്കാവടി എന്നീ കാഴ്ചക്കോലങ്ങളും ചെണ്ടമേളം, ബാൻഡ് മേളം, ശിങ്കാരിമേളം, നാസിക് ഡോൾ എന്നിവയും വരവുകൾക്ക് അകമ്പടിയായി. ആതവനാട് ദേശത്തുനിന്നുള്ള കാളവരവുകൾ ആഴ്‌വാഞ്ചേരി മനയിൽ സംഗമിച്ച് തമ്പ്രാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ക്ഷേത്രത്തിൽ എത്തിയത്. ഓരോ കാളവരവുകളും ദേശഐക്യത്തിന്റെയും ദേശപ്പെരുമയുടെയും ദർശനമായി.

ദേവീദർശനത്തിനും ഉൽസവക്കാഴ്ച കാണാനും ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നു. മുറിച്ച വരിക്കപ്ലാവിന്റെ കഷ്ണം കനലാട്ടക്കുഴിയിൽ എത്തിക്കൽ, നെല്ലളവ്, പറ നിറയ്ക്കൽ, തീയാട്ടുകൊള്ളൽ, തോറ്റംചൊല്ലൽ, കാവുതീണ്ടൽ, പ്രസാദഊട്ട്, പകലാട്ടം, മുടിയാട്ടം, എഴുന്നള്ളിപ്പ്, ചുരികപ്പിടിത്തം, കാടുകാണൽ, തായമ്പക, കനലാട്ടം, ആയിരംതിരി ഉഴിച്ചിൽ, ചവിട്ടുകളി എന്നീ ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേനട ഇന്നലെ വൈകിട്ടു മാത്രമാണ് തുറന്നത്. പൂജകൾക്ക് തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട്, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

Your Rating: