Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്‌മയമൊരുക്കി തിരുനക്കര പൂരം 20ന്

thirunakkara

കോട്ടയം ∙ വടക്കുംനാഥന്റെ ദേവചൈതന്യം കുടികൊള്ളുന്ന തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ മാർച്ച് 20 ന് പൂരം. ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിനു പൂരംപ്രേമികൾ നഗരത്തിലേക്ക് എത്തുന്ന ദിനമാണു നാളെ. 22 ആനകൾ, ചെണ്ടയിൽ വിസ്‌മയം തീർക്കുന്ന മേളം, വർണവൈവിധ്യം വിതറുന്ന കുടമാറ്റം, വെടിക്കെട്ട് എന്നിവയാണു പൂരത്തിന്റെ സവിശേഷതകൾ. ഞായറാഴ്ച 3.30നു പൂരം സമാരംഭിക്കും. നഗരത്തിനു ചുറ്റുവട്ടത്തുള്ള 11 ക്ഷേത്രങ്ങളിൽനിന്നു പുറപ്പെടുന്ന ചെറുപൂരങ്ങൾ തിരുനക്കര ക്ഷേത്ര മൈതാനത്ത് രാവിലെ 11 മണിക്കു മുൻപ് പ്രവേശിക്കും. പൂരത്തിനു 11 ആനകൾ വീതം അണിനിരക്കും.

രണ്ട് എഴുന്നള്ളിപ്പുകളും മുഖാമുഖം നിൽക്കുന്നതോടെ മേളമാരംഭിക്കും. മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ പ്രമാണത്തിലാണ് ആൽത്തറ മേളം. അറുപതിലേറെ കലാകാരന്മാർ പങ്കെടുക്കും. അഞ്ചു മണിയോടെ വർണ വിസ്‌മയങ്ങളുടെ കുടമാറ്റം ആരംഭിക്കും. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലാണു കുടമാറ്റം. ഇത് ഒന്നര മണിക്കൂറോളം നീളും. എട്ടു മണിക്കു വെടിക്കെട്ട്.

∙ കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരാണു പകൽപ്പൂരത്തിൽ പങ്കെടുക്കുക. തൃക്കടവൂർ ശിവരാജു, ഗുരുവായൂർ വലിയ കേശവൻ, പുതുപ്പള്ളി കേശവൻ, ഗുരുവായൂർ നന്ദൻ, തിരുമല ഗജേന്ദ്രൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കുന്നത്തൂർ രാമു, ഗുരുവായൂർ സിദ്ധാർഥൻ, തോട്ടുചാലിൽ ബോലേനാഥ്, ഗുരുവായൂർ കേശവൻകുട്ടി, ചൈത്രം അച്ചു, കുളമാക്കിൽ പാർഥസാരഥി, വലിയവീട്ടിൽ ഗണപതി, തടത്താവിള രാജശേഖരൻ, വേമ്പനാട് അർജുനൻ, കിരൺ ഗണപതി, ഉഷശ്രീ ദുർഗാപ്രസാദ്, ചിറക്കാട്ട് കണ്ണൻ, വെൺമണി നീലകണ്ഠൻ, വേണാട്ടുമറ്റം ഗണേശൻ, നടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ എന്നീ ആനകളാണു പൂരത്തിനു മിഴിവേകുക.

∙ ചെറുപൂരങ്ങൾ പുറപ്പെടുന്ന ക്ഷേത്രങ്ങൾ: കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയതൃക്കോവിൽ വിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്, കൊപ്രത്ത് ദുർഗാദേവീ ക്ഷേത്രം, പാറപ്പാടം ദേവീ ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിയിൽക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീ ക്ഷേത്രം, എരുത്തിക്കൽ ദേവീ ക്ഷേത്രം, മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം. പൂരത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായെന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം, ജനറൽ സെക്രട്ടറി ജയകുമാർ തിരുനക്കര എന്നിവർ അറിയിച്ചു. നാളെ നഗരത്തിലേക്കെത്തുന്ന ആയിരക്കണക്കിനു പൂരപ്രേമികൾക്കു പൂരക്കാഴ്‌ച സുഗമമാക്കുന്നതിന് ക്ഷേത്രമൈതാനത്തെ കടകളെല്ലാം പൊളിച്ചുനീക്കും. മൈതാനത്തേക്കു പ്രവേശിക്കുന്ന എല്ലാ കവാടങ്ങളും തുറന്നിടും. ശിവശക്‌തി ഓഡിറ്റോറിയം, പടിക്കെട്ട് എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കു മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രോപദേശക സമിതി, ജില്ലാ ഭരണകൂടം, പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണം രണ്ടു മണിമുതൽ

കോട്ടയം ∙ പൂരത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ച രണ്ടു മുതൽ രാത്രി എട്ടു വരെയാണു നിയന്ത്രണം. ഭാരവണ്ടികൾ ടൗണിലേക്കു പ്രവേശിക്കാൻ അനുവദിക്കില്ല. കെകെ റോഡിലുടെ വരുന്ന സർവീസ് ബസുകൾ രണ്ടു മണി മുതൽ കലക്‌ടറേറ്റ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ലോഗോസ് ജംക്‌ഷൻ കുര്യൻ – ഉതുപ്പു റോഡു വഴി നാഗമ്പടം ബസ് സ്‌റ്റാൻഡിൽ എത്തണം. തിരികെ ബേക്കർ ജംക്‌ഷൻ – ശാസ്‌ത്രി റോഡു വഴി പോകണം. കാരാപ്പുഴ – തിരുവാതുക്കൽ– തിരുവാർപ്പ് ഭാഗത്തേക്ക് പോകേണ്ട ബസുകൾ നാഗമ്പടം സ്‌റ്റാൻഡിൽ നിന്ന് ആരംഭിച്ച് പുളിമൂട് പാലാമ്പടം ബോട്ടുജെട്ടി വഴി പോകണം.

ഈ ഭാഗത്തുനിന്നു ടൗണിലേക്കു വരുന്ന വാഹനങ്ങൾ പുത്തനങ്ങാടി ഉപ്പുട്ടിക്കവല ബേക്കർ ജംക്‌ഷൻവഴി നാഗമ്പടം ബസ് സ്‌റ്റാൻഡിൽ എത്തണം. കുട്ടികളുടെ ലൈബ്രറി ഭാഗത്തു നിന്നു നഗരത്തിലേക്ക് വരുന്ന എല്ലാവാഹനങ്ങളും രണ്ടു മുതൽ ലൈബ്രറി ഭാഗത്തു നിന്നു തിരിഞ്ഞു ബോട്ടുജെട്ടി പാലാമ്പടം പുളിമൂട് ജംക്‌ഷൻ വഴി പോകണം. ചങ്ങനാശേരി, ചിങ്ങവനം ഭാഗത്തുനിന്നുള്ള സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ ചിങ്ങവനം ഗോമതിക്കവലയിൽ നിന്ന് തിരിഞ്ഞ് പാക്കിൽ പൂവന്തുരുത്ത് – കഞ്ഞിക്കുഴി – മണർകാട് – തിരുവഞ്ചൂർ – ഏറ്റുമാനൂർ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള ഭാരവണ്ടികൾ പേരൂർ കവല – തിരുവഞ്ചൂർ – മണർകാട് – പുതുപ്പള്ളി ഞാലിയാകുഴി തെങ്ങണ ചങ്ങനാശ്ശേരി വഴിയാണു പോകേണ്ടത്. കെകെ റോഡിൽ കിഴക്കുനിന്നുള്ള ഭാരവണ്ടികൾ മണർകാട് – ഏറ്റുമാനൂർ റോഡിലൂടെയും ചങ്ങനാശേരിയിലേക്കു പോകേണ്ടവ പുതുപ്പള്ളി റോഡിലൂടെയും പോകണം.

Your Rating: