Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഹജന്മ പാപങ്ങളകറ്റാൻ തിരുവില്വാമല പുനർജനി നൂഴൽ 

Punarjani Cave പുനർജനി നൂഴലിൽ നിന്നും

പാപങ്ങൾ ചെയ്യാതെ ഒരു മനുഷ്യ ജന്മമില്ല. അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടിയ പാപക്കറകളോടെ ഇഹ ജന്മം വെടിഞ്ഞാൽ അടുത്ത ജന്മത്തിൽ പോലും ആത്മാവിനു ശാന്തി കിട്ടില്ല എന്നാണ് ഹൈന്ദവ മത വിശ്വാസം. ശാപം ഉണ്ടെങ്കിൽ ശാപമോക്ഷവും ഉണ്ടാകും എന്ന് പറയുന്ന പോലെ ഈ ജന്മത്തിൽ ചെയ്തു കൂട്ടിയ പാപങ്ങൾ മരണത്തിനു മുൻപ് ഇറക്കി വയ്ക്കുവാനുള്ള വഴിയാണ് തിരുവില്വാമല പുനർജനി നൂഴൽ . 

തൃശൂർ ജില്ലയിലെ തിരുവില്വാമല ക്ഷേത്രത്തിൽ ഗുരുവായൂര്‍ ഏകാദശി നാളില്‍ നടക്കുന്ന ചടങ്ങാണ് പുനർജനി നൂഴൽ. തിരുവില്വാമല ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്ററകലെ പ്രകൃതി രൂപപ്പെടുത്തിയ തുരങ്കമാണ് പുനർജനി. ഈ തുരങ്കത്തിന് 15 മീറ്റര്‍ നീളമുണ്ട്.വൃതശുദ്ധിയോടെ വരുന്ന പുരുഷന്മാരാണ് പുനർജനി നൂഴുന്നത്. നൂഴുന്ന ഗുഹ, വലുപ്പം കുറഞ്ഞതും ഇരുട്ട് നിറഞ്ഞതും ആയതിനാലാണ് സ്ത്രീകളെ പുനർജനി നൂഴാൻ അനുവദിക്കാത്തത്.

15 മീറ്റര്‍ നീളമുള്ള പുനർജനി തുരങ്കത്തിലൂടെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്ക് നൂണ്ടു കയറുന്നത്തിലൂടെ അതുവരെ ചെയ്ത പാപങ്ങളെല്ലാം നീങ്ങി പുനര്‍ജന്മം നല്‍കുമെന്നാണ് വിശ്വാസം .എന്നാൽ വിചാരിക്കുന്ന അത്ര എളുപ്പമുള്ള ഒന്നല്ല ഈ പുനർജനി നൂഴൽ. തിരുവില്വാമല ക്ഷേത്രവും പുനർജനിയെന്ന ഈ തുരങ്കവും നൂറ്റാണ്ടുകളായി അവിടെ ഉണ്ടെങ്കിലും ഗുരുവായൂർ ഏകാദശി നാളിൽ മാത്രമാണ് ഈ ചടങ്ങ് അതിന്റെ പൂർണതയിൽ നടക്കുന്നത്.

ഏകാദശി നാളിൽ ഗുരുവായൂരിലേക്ക് തിരുവില്വാമലയില്‍ നിന്നു വില്വാദ്രിനാഥനായ ശ്രീരാമനും തിരക്കില്‍നിന്നു മാറി വിശ്രമിക്കാന്‍ തിരുവില്വാമലയ്ക്ക് സാക്ഷാൽ ഗുരുവായൂരപ്പനും വരുമെന്നാണ് സങ്കല്‍പം. അതിനാലാണ് ഇരു ദേവന്മാരുടെയും സാമിപ്യത്തിൽ അന്നേ ദിവസം തന്നെ ചടങ്ങ് നടത്തുന്നത്. കാടിന്റെ നടുക്കിലൂടെ യാത്ര ചെയ്തു വേണം പുനർജനി മലയുടെ അടുത്തെത്താൻ. തിരുവില്വാമല-മലേശ്വമംഗലം-പാലക്കാട് റൂട്ടില്‍ ആണ് പുനര്‍ജനി ഗുഹയുടെ പ്രവേശന കവാടം. 

ഭക്തർ ഏറെ ശ്രമപ്പെട്ട്‌ ഇരുന്നും  കമഴ്ന്ന് കിടന്നു  നിരങ്ങിയുമാണ് പുനർജനി നൂഴുന്നത്. ഈ ഗുഹയിൽ നിന്നും പുണ്യ പാവന ഭൂമിയായ കാശിയിലേയ്ക്കും രാമേശ്വരത്തേയ്ക്കും വഴിയുണ്ടെന്ന് വിശ്വസിക്കുന്നു. ഭൂതമല, വില്വമല, മൂരിക്കുന്ന്‌ എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ്‌ തിരുവില്വമലയായി അറിയപ്പെടുന്നത്‌. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി നൂഴുന്നതിനായി ഗുഹയിലെത്താന്‍.

ഒരു പ്രാവശ്യം പുനര്‍ജനി നൂഴ്ന്നാല്‍ ഒരു ജന്മം അവസാനിച്ചെന്നും അടുത്ത ജന്മത്തില്‍ പ്രവേശിച്ചെന്നുമാണ് സങ്കല്‍പം. എല്ലാവര്‍ഷവും ഡിസംബർ മാസത്തിലാണ് പുനർജനി ഗുഹ താണ്ടുന്നതിനായി ഭക്തർ എത്തുന്നത്. അതിന് മുമ്പായി, ചെയ്തു കൂട്ടിയ പാപങ്ങൾ ശമിപ്പിക്കുന്നതിനായി വൃതം ആരഭിച്ചിരിക്കും. 

വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടി പ്രേതങ്ങള്‍ക്ക്‌ മുക്‌തിലഭിക്കുന്നതിനുവേണ്ടി മഹാവിഷ്ണുവിന്റെ അംശാവതാരമായ പരശുരാമന്‍ ദേവന്മാരുടെ രാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ നിര്‍മ്മിക്കുകയും ചെയ്‌തതാണ്‌ പുനര്‍ജനി ഗുഹ എന്നാണ് ഹൈന്ദവ വിശ്വാസികൾക്കിടയിൽ പ്രചരിച്ചു വരുന്ന ഐതിഹ്യം. അതിനാൽ തന്നെ പുനര്‍ജനി താണ്ടുന്ന സകല ജീവജാലങ്ങള്‍ക്കും പൂർണ്ണ മുക്‌തി ലഭിക്കുമെന്നു  വിശ്വസിക്കപ്പെടുന്നു. 

ഏറെ ശ്രമകരമെങ്കിലും പ്രതിവർഷം പതിനായിരങ്ങളാണ് വൃശ്ചികമാസത്തിൽ പുനർജനി നൂഴാൻ എത്തുന്നത്. ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കു ശേഷമാണ്‌ പുനര്‍ജനിയാത്ര ആരംഭിക്കുക. ഇതിനു മുന്നോടിയായി ക്ഷേത്രം മേൽശാന്തി തീർത്ഥം തളിച്ച് പുനർജനി ഗുഹ പവിത്രമാക്കുന്നു. ക്ഷേത്ര ദർശനത്തിന് ഒടുവിൽ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്‌പര്‍ശിച്ച ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്. പുലർച്ചെ 5 മണിയോടെ നൂഴൽ ചടങ്ങുകൾ ആരംഭിക്കും. 

പുനർജനി ഗുഹയോടു ചേർന്ന് കിഴക്ക് വശത്തായി പാപനാശിനി ക്ഷേത്ര ജലാശയം ഉണ്ട്. ഒരിക്കലും വറ്റാത്ത ജല ഉറവയായ ഇതിൽ ഗംഗയുടെ അംശം ഉണ്ടെന്ന് പറയപ്പെടുന്നു.പരസ്‌പരം സഹായിച്ചുകൊണ്ടുമാത്രമേ  ഓരോ വ്യക്തിക്കും പുനര്‍ജനി പ്രവേശനം നടത്താനാവൂ.സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പോകുമ്പോൾ, കൂരിരുട്ടിലൂടെ പരസ്‌പരം ഓരോ വ്യക്തിയും സഹായിക്കുന്നു. പലസ്‌ഥലത്തും മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്‌കരമായ പാറ കയറാന്‍. ഈ യാത്രയിൽ ഓരോ ഭക്തനും മുതൽകൂട്ടാകുന്നത് സഹായകമാണ് .ഏകദേശം 20 മുതൽ 25 മിനുട്ട് വരെ എടുത്താണ് പുനർജനി നൂഴുന്നത്.  

Your Rating: