Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേഷ്ഠ മഹാപുരോഹിതൻ എൺപത്തിയെട്ടിലേക്ക്

img-02

ദൈവജനം പീഢിതരാകുമ്പോൾ ആരാധന അവഗണിച്ച് അധർമ്മത്തിലേക്ക് അധഃപതിക്കുമ്പോൾ ദൈവം സമുദ്ധാരകരായ കർമ്മയോഗികളെ പ്രദാനം ചെയ്ത ചരിത്രമാണ് മോശയിലും പ്രവാചകരിലും നാം കാണുന്നത്. മലങ്കരയിൽ സത്യവിശ്വാസം തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരുന്നപ്പോൾ സഭാമക്കളെ അഗ്നിയിൽ നിന്ന് വലിച്ചെടുക്കുവാൻ പാടുപെട്ട പുണ്യപിതാക്കന്മാരായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവ, മോർ ബസേലിയോസ് യൽദോ ബാവ, മോർ ഏലിയാസ് തൃതിയൻ ബാവ, മോർ ഗ്രീഗോറിയോസ് ചാത്തരുത്തിൽ തിരുമേനി ആദിയായ കർമ്മയോഗികളാണ് മരണം വരെയും രണഭൂവിൽ, വിശ്വാസമാകുന്ന പടവാളും തപസും ത്യാഗമാകുന്ന ശാസ്ത്രവും ധരിച്ച് പോരാടി വിജയിച്ചത്. സുറിയാനി സഭയുടെ ഈ നിർണായക കാലഘട്ടത്തിൽ പൂർവിക വിശ്വാസത്തിൽ സഭയെ ഉറപ്പിച്ചു നിർത്തുന്ന, പ. അന്ത്യോഖ്യ സിംഹാസനവുമായുള്ള ചരിത്രപരമായ ബന്ധം അഭംഗുരം തുടരുന്നതിന് നേതൃത്വം നൽകുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദാന’ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ജൂലൈ 22ന് എൺപത്തിയെട്ടിലേക്ക് പ്രവേശിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സഭയ്ക്ക് ലഭിച്ച ദൈവത്തിന്റെ ദാനമായ ശ്രേഷ്ഠ പിതാവ് ജൂലൈ 26ന് കാതോലിക്ക സ്ഥാനാരോഹണത്തിന്റെ പതിനാലാം വാർഷികവും ആഘോഷിക്കുന്നു. മെത്രാപ്പൊലീത്തയായി 42വർഷം പിന്നിട്ട ശ്രേഷ്ഠ പിതാവിനെപ്പോലെ പൂർവ്വിക വിശ്വാസം സംരക്ഷിക്കുന്നതിന് യാതനകളും വേദനകളും പീഢനങ്ങളും സഹിക്കേണ്ടിവന്ന മറ്റൊരു ഇടയൻ ഇല്ല. പൊലീസ് പീഢനം, അറസ്റ്റ്, ജയിൽവാസം, ആഴ്ചകൾ നീണ്ട ഉപവാസ പ്രാർഥനായജ്ഞം ഇതൊന്നും ശ്രേഷ്ഠ ബാവായെ തളർത്തിയില്ല. കഴിഞ്ഞ 42 വർഷത്തെ സഭയുടെ ചരിത്രവും ശ്രേഷ്ഠ പിതാവിന്റെ ചരിത്രവും ഏറെക്കുറെ ഒന്നുതന്നെയാണ്. മലങ്കരയിലെ യാക്കോബായ സുറിയാനി സഭ ഇന്ന് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് ഈ ശ്രേഷ്ഠ പിതാവിന്റെ കണ്ണുനീരിന്റെയും പ്രാർഥനയുടെയും ഫലമായാണ്. സഭയ്ക്ക് ആസ്ഥാനവും ദൈവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് സഭയെ സമൂഹമധ്യത്തിൽ അന്തസുയർത്തി കാണിക്കുവാൻ ശ്രേഷ്ഠ ബാവായ്ക്ക് സാധിച്ചു.

img-01

വാർധക്യത്തിന്റെ വിഷമതകളെ അവഗണിച്ച് തന്റെ അജപാലന ദൗത്യം അഭംഗുരം പരിപാലിക്കുവാൻ ശ്രേഷ്ഠ ബാവായ്ക്ക് ദൈവകൃപയാൽ സാധിച്ചുകൊണ്ടിരിക്കുന്നു. പ. അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ അടിയുറച്ചു നിൽക്കുന്ന വിശ്വാസികളുടെ ഭാവിഭാസുരമാക്കുവാൻ ഇപ്പോഴും ത്യാഗങ്ങളേറെ സഹിച്ചുകൊണ്ടിരിക്കുന്നു. പുത്തൻകുരിശിൽ വൈദിക പാരമ്പര്യമുള്ള ചെറുവള്ളിൽ കുടുംബത്തിൽ 1929 ജൂലൈ 22 ന് ശ്രേഷ്ഠ പിതാവ് ഭൂജാതനായി. ബാല്യത്തിൽ രോഗങ്ങളാലും സാമ്പത്തിക പരാധീനതകളാലും വളരെ ത്യാഗങ്ങൾ സഹിച്ചു വളർന്ന ശ്രേഷ്ഠ പിതാവ് ദൈവവേലയ്ക്കായി വിളിക്കപ്പെട്ട് മലേകുരിശ് ദയറായിൽ താമസിച്ചു പഠിച്ചു. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവായിൽ (അന്ന് മെത്രാപ്പൊലീത്ത) നിന്ന് 1957ൽ ശെമ്മാശപട്ടം സ്വീകരിച്ചു, 1958ൽ മഞ്ഞനിക്കര ദയറായിൽ വച്ച് മോർ യൂലിയോസ് ബാവ കശ്ശീശപട്ടം നൽകി 1974 ഫെബ്രുവരി 24 ന് പ. യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2002 ജൂലൈ 26 ന് പ. സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ശ്രേഷ്ഠ കാതോലിക്ക സ്ഥാനത്തേക്ക് ഉയർത്തി. പുത്തൻകുരിശ് കൺവെൻഷൻ ഉൾപ്പെടെ അനേകം ആത്മീയ പ്രസ്ഥാനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി നൂറുകണക്കിന് കാര്യങ്ങൾ ശ്രേഷ്ഠ പിതാവ് വളർത്തി വലുതാക്കി സഭയെ അഭിമാനക്കത്തക്കവിധത്തിൽ വളർത്തുന്നു. മോർ യാക്കോബ് ബുർദാനയേപ്പോൽ പരിത്യാഗിയും ബാർ എബ്രായയെപ്പോൽ ജ്ഞാനിയും ശിംശോനെപ്പോൽ ധൈര്യശാലിയുമായ ശ്രേഷ്ഠ പിതാവിന്റെ 88ാം ജന്മദിനത്തിൽ എല്ലാ ആശംസകളും തൃപാദത്തിൽ പ്രാർഥനയോടെ സമർപ്പിക്കുന്നു. ഇനിയും അനേക വർഷങ്ങൾ സഭയെ നയിക്കുവാൻ സർവശക്തനായ ദൈവം ആരോഗ്യവും ആയുസും ശ്രേഷ്ഠ പിതാവിന് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. 

Your Rating: