Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്കോ ബഹുമതി

vadakunnathan temple

വടക്കുന്നാഥ ക്ഷേത്രത്തിനു പൈതൃക സംരക്ഷണത്തിനു യുനെസ്കോ നൽകുന്ന ഏഷ്യ പസഫിക് ബഹുമതി. ‘ജീവിക്കുന്ന പൈതൃക സ്മാരകം’ എന്നാണു യുനെസ്കോ ഇതിനെ വിശേഷിപ്പിച്ചത്. 1200 വർഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിന്റെ കെട്ടിട സമുച്ചയവും പൂജാവിധികൾ അടക്കമുള്ള പാരമ്പര്യവും അതേപടി സംരക്ഷിച്ചതിനാണു ബഹുമതി.

ബുദ്ധ, ജൈന, വൈഷ്ണവ പരമ്പരകളിലൂടെ കടന്നുവന്ന ക്ഷേത്രസമുച്ചയം തൃശൂർ നഗരമധ്യത്തിലെ ഒൻപത് ഏക്കറിലാണു സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യരാണു പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയത്. നാലു വലിയ ഗോപുരങ്ങളുള്ള വലിയ മതിൽക്കെട്ടിനുള്ളിലാണു ക്ഷേത്രം. വലിയ മൂന്നു ശ്രീകോവിലുകളാണു പ്രത്യേകത. ഇതിൽ രണ്ടെണ്ണം വട്ടത്തിലുള്ള ശ്രീകോവിലുകളാണ്. പല നിലകളുള്ള ശ്രീകോവിൽ കേരള വാസ്തുവിദ്യയിൽ അപൂർവമാണ്. വിഗ്രഹം ഉയരത്തിൽ കാണുമെന്നതാണു പ്രത്യേകത. എന്നും നെയ്യഭിഷേകം നടക്കുന്ന ശിവലിംഗമാണു പ്രധാന പ്രതിഷ്ഠ. ശിവലിംഗം 11 അടി ഉയരമുള്ള നെയ്മലകൊണ്ടു മൂടിയിരിക്കുകയാണ്.

വടക്കുന്നാഥന്റെ തെക്കെ ഗോപുരത്തിലാണു പ്രശസ്തമായ പൂരം നടക്കുന്നത്. ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്രത്തിനു നടയിലെ ഇലഞ്ഞിച്ചുവട്ടിലും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പത്തു വർഷം മുൻപാണു ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ അവഗണിച്ച ഇവർ പിന്നീടു സംരക്ഷണത്തിൽ താൽപര്യമെടുത്തു. മൂന്നു വർഷമായി ചെന്നൈയിലെ ടിവിഎസ് ഗ്രൂപ്പും സംരക്ഷണത്തിനായി പ്രതിവർഷം ഒരു കോടിയോളം രൂപ നൽകുന്നുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിനാണു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.

നേട്ടം

രാജ്യാന്തര സംരക്ഷണ ഫണ്ടുകൾ കിട്ടുമെന്നതാണു പ്രധാന നേട്ടം. യുനെസ്കോയുടെ ഹെറിറ്റേജ് സൈറ്റുകളിൽ പെടാനുള്ള സാധ്യതയും ഇതോടെ തെളിയുകയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കൂടുതൽ ഫണ്ട് അനുവദിച്ചേക്കും.

സംരക്ഷണം

കുമ്മായംകൊണ്ടുള്ള ശിൽപങ്ങൾ, മരത്തിലുള്ള മേൽക്കൂരകൾ, വാതിലുകൾ, കരിങ്കൽമതിലുകൾ, നടപ്പാതകൾ, കല്ലിലും മറ്റും കണ്ട രേഖകൾ, പൂജാവിധികൾ, പാരമ്പര്യ ചടങ്ങുകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടു.

വേണ്ടത്

കെട്ടിടങ്ങളും മറ്റും സംരക്ഷിക്കാനുള്ള സ്ഥിരം സംവിധാനവും ഫണ്ടും. സന്ദർശകർക്ക് ഇതേക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.