Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കുംനാഥാ സർവ്വം നടത്തും നാഥാ, സമസ്താപരാധവും ക്ഷമിക്ക ദേവാ...

Vadakkumnathan Temple

ഒരു നൂറു പാട്ടുകളുടെ ശ്രവണ സുഖമുണ്ട് വടക്കും നാഥന്റെ ഓർമ്മകൾക്ക്. ദർശന സുഖത്തിന്റെ കണ്ണുകളിൽ നിറയുന്നത് കുന്നോളം വലിപ്പത്തിൽ നെയ്മല. ഉള്ളിലെവിടെയോ സുഖ സുഷുപ്തിയിൽ ആണ്ടു കിടക്കുന്ന വടക്കുംനാഥൻ. കുടുംബസമേതനായി ഭക്തർക്ക്‌ അനുഗ്രഹം ചൊരിഞ്ഞു ദേശത്തിന്റെ കാവല്‍ക്കാരനായി വാഴുന്നു. തൃശ്ശൂർ എന്ന കേരളത്തിന്റെ സാംസ്കാരിക നഗരത്തിന്റെ ഏറ്റവും ഈടുറ്റ സമ്പത്ത് വടക്കും നാഥന്റെ നഗര മധ്യത്തിലുള്ള ക്ഷേത്രം തന്നെയാണ്. പരശു രാമൻ പ്രതിഷ്ഠിച്ചതെന്നു കരുതുന്ന 108 ശിവ ക്ഷേത്രങ്ങളിൽ ആദ്യ സ്ഥാനം ലഭിച്ചത് വടക്കുംനാഥനാണ്. മാത്രവുമല്ല കേരളത്തിന്റെ അഭിമാനമായി 2015ലെ യുനെസ്‌കോ ഏഷ്യാ-പസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' ഈ ക്ഷേത്രത്തെ തേടിയെത്തുമ്പോൾ മലയാളിയ്ക്ക് അഭിമാനിയ്ക്കാം. അതിലുപരി വടക്കും നാഥൻ വികാരമായി മാറിയ തൃശൂരുകാർക്കും. 

ദേശനാഥൻ 

ചുറ്റുവട്ടത്തെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളുടെ ഒക്കെ കാവൽക്കാരനും ഉത്സവ സാക്ഷിയുമാണ് വടക്കും നാഥൻ. ഈ ക്ഷേത്രത്തിനു മാത്രമായി പ്രത്യേക ഉത്സവങ്ങൾ പതിവില്ല, ശിവരാത്രി ദീപ പ്രഭയാൽ അലങ്കരിക്കപ്പെട്ടു ഉത്സവ സമാനമായി കൊണ്ടാടുമെങ്കിലും തനിയ്ക്ക് ചുറ്റുമുള്ളവരുടെ നന്മയിലും ആഘോഷങ്ങളിലും സാക്ഷിയായി മാത്രമേ വടക്കും നാഥൻ ഇരിക്കാറുള്ളൂ. നഗരത്തിന്റെ ഏറ്റവും വലിയ ആരവമായ പൂരത്തിൽ പോലും വടക്കും നാഥൻ സാന്നിധ്യമാണ്. പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂര കാഴ്ചകൾ തേക്കിൻകാട് മൈതാനിയിൽ വന്നു നിൽക്കുമ്പോൾ കാണുക, ആനന്ദിയ്ക്കുക എന്നതിനപ്പുറം വടക്കും നാഥൻ നിശബ്ദനാണ്. വൈകുന്നേരങ്ങളിൽ പോലും വടക്കും നാഥന്റെ നട സോപാനം പാടി അടയ്ക്കുന്നതിന് മുൻപ് വലിയ നാഴിക മണി മുഴക്കണമെന്നും അപ്പോഴേയ്ക്കും സമീപമുള്ള മറ്റു ക്ഷേത്രങ്ങൾ അടയ്ക്കണമെന്നുമാണ് നിയമം. എല്ലാവരും അത്താഴവുമുണ്ട്‌, വിശ്രമത്തിനായി നീങ്ങിയാൽ മാത്രമേ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രധാന നടയും അടയ്ക്കൂ. സമീപ ക്ഷേത്രങ്ങളിൽ എന്തിനെങ്കിലും കുറവുണ്ടെങ്കിൽ അതും ഇവിടെ നിന്ന് അവിടെ എത്തിയ്ച്ചു കൊടുക്കണമെന്നാണ് ആചാരം. ആരും പട്ടിണി കിടക്കാൻ പാടില്ലത്രേ. അതുകൊണ്ടുതന്നെ ദേവന്മാരുടെ ദേവനായി ദേശത്തിന്റെ ശക്തിയായി ഈ ശിവ ചൈതന്യത്തെ ദേശം ആരാധിക്കുന്നു. 

കാറ്റിനും ഔഷധഗുണം 

ഒരായിരം വിശ്വാസങ്ങളുടെയും കഥകളുടെയും അകമ്പടിയുണ്ട് വടക്കും നാഥന്. 20 ഏക്കറിലധികം വരുന്ന ചുറ്റമ്പലം ഉള്ളതിനാൽ ഇവിടെ വരുന്നവർ ഈ ക്ഷേത്രത്തിന്റെ അപാരമായ ഊർജ്ജ സമ്പത്തിനെ ഹൃദയത്തിലേറ്റു വാങ്ങുവാൻ വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർശനം ശീലമാക്കുന്നവരുമാണ്. തൃശൂർ നഗരത്തിന്റെ ഒത്ത മധ്യത്തിൽ ഒരു മനോഹരമായ കാടിന്റെ തണുപ്പിലേയ്ക്ക് നടന്നു കയറുന്ന അനുഭവമാണ് ഇവിടം. ഏക്കറുകളിൽ വളർന്നു പന്തലിച്ചിരിക്കുന്ന വൃക്ഷങ്ങളിളുടെ കാറ്റിനു വരെയുണ്ട് അപാരമായ ഊർജ്ജം. ഹിമാലയങ്ങളിൽ മാത്രം കാണുന്ന കമണ്ടലു പോലെയുള്ള വൃക്ഷങ്ങളും, ത്രേതാ യുഗത്തിൽ ലക്ഷ്മണനെ രക്ഷിയ്ക്കാൻ ഹനുമാൻ തോളിലേറ്റി കൊണ്ടു വന്ന മരുത്വാ മലകളുടെ ഔഷധ കൂട്ടങ്ങളും വരെ ഇവിടെ ഉണ്ടെന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ ഇവിടെ കാറ്റിനു പോലും ഔഷധത്തിന്റെ ഗന്ധവും ഗുണവുമുണ്ട്. 

വടക്കും നാഥൻ, ശ്രീപാർവ്വതി, ശങ്കര നാരായണൻ, ശ്രീരാമൻ, എന്നീ പ്രധാന പ്രതിഷ്ഠകളും, ഗണപതി, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ, അയ്യപ്പൻ, സിംഹോദരൻ , പരശുരാമൻ, നന്തികേശ്വരൻ, വാസുകീശയനശിവൻ, നൃത്തനാഥൻ (നടരാജൻ), ഋഷഭൻ, വേട്ടേയ്ക്കരൻ, നാഗദൈവങ്ങൾ, സുബ്രഹ്മണ്യൻ, ഹനുമാൻ, ആദിശങ്കരാചാര്യർ, കാശീവിശ്വനാഥൻ, ചിദംബരനടരാജൻ, രാമനാഥസ്വാമി, ഊരകത്തമ്മത്തിരുവടി, കൂടൽമാണിക്യസ്വാമി, കൊടുങ്ങല്ലൂരമ്മ (ഭദ്രകാളി), വേദവ്യാസൻ, ദക്ഷിണാമൂർത്തി, പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം) എന്നീ ഉപദേവതകളും ഇവിടെയുണ്ട്. മാത്രമല്ല ഇവരെ ഓരോരുത്തരെ കണ്ടു നമസ്കരിക്കുന്നതിനും പ്രത്യേക ദർശന രീതിയും ഇവിടെ ആചാരത്തിന്റെ ഭാഗമായി നില നിലനിൽക്കുന്നു. ചെല്ലുമ്പോഴേ കണ്ട പടി കയറി നമസ്കരിയ്ക്കാൻ ആകില്ലെന്ന് ചുരുക്കം. മൊത്തം 3 കിലോ മീറ്റർ പ്രദക്ഷിണം ഇവിടെയുണ്ട്. എല്ലാ ദേവതകൾക്കും ഉപദേവതകൾക്കും ആചാര പ്രകാരം പ്രദക്ഷിണം വയ്ക്കുന എന്നാൽ ഒരു ദിവസത്തെ വ്യായാമത്തിന്റെ ഗുണവും, തണുത്ത ഔഷധ കാറ്റിന്റെ ഗുണവും ഇവിടെ ലഭിക്കുമെന്നർത്ഥം. 

തൊഴേണ്ട രീതി

പരശുരാമന്റെ ആഗ്രഹ പ്രകാരം മഹാദേവൻ സ്വയംഭൂവായി കുടിയിരുന്ന സ്ഥലമാണു ഇപ്പോഴത്തെ ശ്രീമൂല സ്ഥാനം. പിന്നീട് ഇവിടെ നിന്നാണു മഹാദേവന്റെയും വിഷ്ണുവിന്റെയും ചൈതന്യത്തെ പരശുരാമൻ തന്നെ ആവാഹിച്ചു പ്രതിഷ്ടയാക്കി ഇപ്പോഴുള്ള സ്ഥാനത്ത് കൊണ്ടിരുത്തിയത്. ആദ്യം അതുകൊണ്ട് തൊഴേണ്ടത് ശ്രീമൂല സ്ഥാനം തന്നെ. തുടർന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ തൊഴണം. വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിക്കുകയാണു അടുത്തത്. പിന്നീട് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴണം. തുടർന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്തിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടർന്ന് മണ്ഡപത്തിലിരുന്ന് നാമം ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം പാർവ്വതീദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടർന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ ഒരു പ്രദക്ഷിണമായി ഇതുപോലെ മൂന്നു പ്രദക്ഷിണമാണു പറയുന്നത്. ഇതുകഴിഞ്ഞാൽ ക്ഷേത്രത്തിന്റെ മതിലിനു പുറത്തിറങ്ങാം. വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴണം. വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം ഇവിടെ നിന്നാൽ കണ്ടു തൊഴാൻ കഴിയും. വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥൻ ഉണ്ടെന്നാണ് വിശ്വാസം അവിടെയും തൊഴുക. പിന്നീട്  തെക്കുകിഴക്കേമൂലയിൽ നിന്ന് വടക്കുകിഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥസ്വാമിയെയും തൊഴണം. തെക്കേ ഗോപുരത്തിനടുത്തുള്ള തറയിൽ കയറിനിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടൽമാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ കയറിനിന്ന് തെക്കുപടിഞ്ഞാട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മയെയും വടക്കോട്ട് തിരിഞ്ഞ് പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടർന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹർഷിയെ തൊഴാം. ഇവിടെ കരിങ്കല്ലിൽ അക്ഷരങ്ങൾ എഴുതുന്ന ആചാരവും നിലവിലുണ്ട്. തുടർന്ന്  മരച്ചുവട്ടിലെ ദക്ഷിണാമൂർത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. ഇതിനു ശേഷം മൃതസഞ്ജീവനിത്തറയിൽ നിന്നും ഒരു ഇലയെങ്കിലും തലയിൽ ചൂടുക, അന്നത്തെ ദിവസം പിന്നെ മരണം അടുക്കില്ലെന്നാണ് വിശ്വാസം. ഇവിടെ തന്നെ ഹനുമാൻ സ്വാമിയും കുടിയിരിക്കുന്നത് കൊണ്ടു വന്ദനം അദ്ദേഹത്തിനും ആകാം. തുടർന്ന് വേട്ടേയ്ക്കരനെ തൊഴുത്ത ശേഷം ശംഖും ചക്രവും വന്ദിച്ചു ശങ്കരാചാര്യ പ്രതിഷ്ഠ നമസ്കരിക്കണം. തുടർന്ന് ഇലഞ്ഞി തറയിലും തൊഴുത്ത ശേഷം പുറത്തിറങ്ങാം. 

പൈതൃകത്തിനു ലഭിച്ച ആദരം 

ക്ഷേത്രത്തിന്റെ ചുമരുകൾ കാഴ്ച്ചയുടെ ഉത്സവം എന്നതിനപ്പുറം ഭക്തിയുടെ പുണ്യവും വഹിക്കുന്നതാണെന്നാണ് ഇവിടെയുള്ള വിശ്വാസം. അകത്തിരിയ്ക്കുന്ന പ്രതിഷ്ഠകളേക്കാലും  ചൈതന്യവും ശക്തിയും മണ്ഡപങ്ങളിലെ ചുമർ ചിത്രങ്ങളിൽ കുടിയിരിക്കുന്നതിന്റെ രഹസ്യങ്ങൾ കണ്ടു പിടിക്കപ്പെട്ടിട്ടില്ലെങ്കിലും വരച്ച കലാകാരനെ മനസ്സ് കൊണ്ടെങ്കിലും ഒരാവർത്തി നമസ്കരിയ്ക്കാതെ വയ്യ. പൈതൃക സംരക്ഷണത്തിന്റെ ബഹുമാനമായാണ് യുനെസ്കോയുടെ ബഹുമതി ഈ ക്ഷേത്രത്തെ തേടിയെത്തിയത് എന്നതിൽ നമുക്ക് അഭിമാനിയ്ക്കാം. കാരണം ചുമർ ചിത്രങ്ങളും ശിൽപ്പകലകളും മാത്രമല്ല ഇവിടെ മതിലുകളുടെ ചായകൂട്ടുകളും എല്ലാം തന്നെയും പഴമയുടെ കരസ്പർശത്തിൽ അതുല്യം തന്നെയാണ്. പൂർവികതയുടെ സമ്പത്ത് പലപ്പോഴും പറയപ്പെടേണ്ടത് അതിന്റെ വിലയേക്കാൾ മൂല്യത്തിന്റെ പ്രാധാന്യം കൊണ്ടു തന്നെയാണ്. അതേ മൂല്യം വിലമതിയ്ക്കാൻ ആകാത്തതുമാണു. സിമന്റ് ഉപയോഗിക്കാതെ പരമ്പരാഗത കുമ്മായക്കൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണങ്ങള്‍. കുമ്മായം, നീറ്റുകക്ക എന്നിവയില്‍ കടുക്ക, ശര്‍ക്കര തുടങ്ങിയവകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് പുനർ നിർമ്മാണം നടത്തിയപ്പോൾ പോലും മതിലുകൾക്ക് വരെ ചെയ്തിരിക്കുന്നത്. യുനസ്‌കോ പുരസ്‌കാരം ലഭിച്ചതോടെ ഈ ക്ഷേത്രത്തിന്റെ തനതു പാരമ്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇനിയും വർദ്ധിക്കുക തന്നെയാണ്. ഭക്തിയും ഊർജ്ജവും പച്ചപ്പും എല്ലാമെല്ലാം നിറഞ്ഞു നില്ക്കുന്ന ഈ നഗര മധ്യത്തിലെ ഇടം ഇനിയും കാലാകാലങ്ങൾ പ്രഭ പരത്തി തന്നെ നിൽക്കും. ദേശത്തിന്റെ നാഥനായി വടക്കും നാഥൻ കരുണ ചൊരിഞ്ഞു എല്ലാവരുടെയും ഉള്ളിലുമുണ്ടാകും.

"വടക്കും നാഥാ സർവ്വം നടത്തും നാഥാ

നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാങ്കം നമിക്കുന്നിതാ..."

Your Rating: