Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹത്തിന്റെ ഇരട്ട ചൈതന്യമായി വള്ളിയങ്കാവ് ദേവീക്ഷേത്രം

Valliyankavu Temple വള്ളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ പുറത്തുനിന്നുള്ള ചിത്രം. ( ഫോട്ടോ: റിജോ ജോസഫ്)

കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ പഴമയും പ്രതാപവും ഐതിഹ്യവും വിളിച്ചോതി ഉഗ്രസ്വരൂപിണിയായ ഭദ്രയും പരാശക്തിയായ ദുർഗയുമായി രണ്ടു ശ്രീകോവിലുകളിലായി ദേവി രണ്ടു ഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് കിഴക്കൻ കേരളത്തിലെ വള്ളിയങ്കാവ് ദേവിക്ഷേത്രം. ഇടുക്കിയിൽ പീരുമേടു താലൂക്കിലെ പെരുവന്താനം ഗ്രാമത്തിലാണ് രണ്ടു സ്വരൂപങ്ങളിലായി ദേവീചൈതന്യം അനുഗ്രഹം ചൊരിയുന്നത്.

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് അജ്ഞാതവാസക്കാലത്തിന്റെ ആരംഭത്തിൽ പാണ്ഡവർ പാഞ്ചാലിയുമൊത്ത് താമസിച്ചിരുന്നു. ഇവിടെ ആദിവാസികൾ ഇവരെ സഹായിച്ചു പോന്നു. പാണ്ഡവർ അവിടെ നിന്നു മടങ്ങിയപ്പോൾ അവർ പൂജിച്ചു പോന്ന ദേവീവിഗ്രഹം ആദിവാസി മൂപ്പനു സമ്മാനിച്ചു. കാലാന്തരത്തിൽ ആദിവാസികൾ കാടൊഴിഞ്ഞപ്പോൾ ദേവി കാട്ടുവള്ളിയിൽ ആടി ഇന്നത്തെ വളളിയങ്കാവിലെത്തി അവിടെ കുടികൊണ്ടുവെന്നാണ് ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം. ആ പ്രദേശത്തു താമസിച്ചിരുന്ന ആദിവാസികൾ പിന്നീട് ദേവിയുടെ പൂജ ചെയ്തു. അവരാണ് ഭദ്രകാളിയെ കൂടി വച്ചാരാധിക്കാൻ തുടങ്ങിയത്. ആദിവാസികളുടെ കുലദൈവമായ കരിങ്കുറ്റിയാൽ മൂർത്തിയെയും അവർ ആരാധിച്ചു. പാഞ്ചാലിയുമൊത്ത് പാണ്ഡവർ താമസിച്ച പ്രദേശമാണു പിൽക്കാലത്ത് പാഞ്ചാലിമേട് എന്നറിയപ്പെട്ടത്.

Valliyankavu Temple വള്ളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ പുറത്തുനിന്നുള്ള ചിത്രം. ( ഫോട്ടോ: റിജോ ജോസഫ്)

ആദിവാസികളുടെ നരബലി, മൃഗബലി പോലുള്ള ആചാരങ്ങൾക്കെതിരെ ചിലർ ഹൈക്കോടതിയിൽ കേസ് നൽകി. ഇതേ തുടർന്ന് അന്നത്തെ ആദിവാസിമൂപ്പന്റെ കാലശേഷം 1993ൽ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. അങ്ങനെ ദുർഗയ്ക്കും ഭദ്രകാളിക്കും പ്രത്യേകം ശ്രീകോവിൽ നിർമ്മിക്കുകയായിരുന്നു. ഇപ്പോഴും അത്താഴപൂജയ്ക്ക് ശേഷം ഗുരുതി കളത്തിൽ ഗുരുതി വഴിപാട് നടത്തുന്നു. എന്നാൽ നരബലിക്കും മൃഗബലിക്കും പകരം പ്രതീകാത്മകമായി കുമ്പളങ്ങാ വെട്ടിയാണ് വഴിപാട്. മദ്യം ഉപയോഗിച്ച് ആദിവാസികൾ നടത്തിയിരുന്ന വെള്ളംകുടി വഴിപാടിനു പകരം കരിക്കിനകത്ത് തേനൊഴിച്ച് വെള്ളംകുടി വഴിപാടും നടത്തുന്നു.

ദിവസേന ഭദ്രയ്ക്കും ദുർഗയ്ക്കും തുല്യപ്രാധാന്യത്തോടെ ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു. വൃശ്ചികവ്രതത്തിനു ശബരിമലയിൽ നടതുറന്നു കഴിഞ്ഞാൽ ഇവിടെ ഗുരുതി നടത്തില്ല. മാളികപ്പുറത്തെ നടയടച്ചു ഗുരുതി കഴിഞ്ഞശേഷമേ ഇവിടെ പിന്നീടു ഗുരുതി നടക്കുകയുള്ളു. മകരമാസത്തിൽ ശബരിമലയിലെ ഗുരുതിക്കു ശേഷം ഇവിടെ നടത്തുന്ന മഹാഗുരുതി ദർശിക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യ സാധ്യവും ശത്രുദോഷനാശവും ഐശ്വര്യവും ലഭിക്കുമെന്നാണു വിശ്വാസം,

മഹാഗുരുതി ദർശിക്കാനെത്തുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി വർധിക്കുന്നതായി ക്ഷേത്രഭാരവാഹികൾ പറയുന്നു. മീനമാസത്തിലെ ഭരണിനാളിലാണ് ക്ഷേത്രോൽസവം. അന്നത്തെ പൊങ്കാലയിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്. അന്നു ദേവീസങ്കൽപ്പത്തിൽ ഗുരുതിക്കളത്തിൽ പഴയകോഴിവെട്ടു വഴിപാട് കോഴിപറപ്പിക്കലായി നടത്തുന്നുണ്ട്.

Valliyankavu Temple വള്ളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ പുറത്തുനിന്നുള്ള ചിത്രം. ( ഫോട്ടോ: റിജോ ജോസഫ്)

ഉദ്ദിഷ്ഠകാര്യസിദ്ധിക്കായി ദേവിക്കു പട്ടുതാലി സമർപ്പിക്കുന്നത് ഇവിടത്തെ പ്രധാനവഴിപാടാണ്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഭക്തർ നാരങ്ങാവിളക്ക് വഴിപാട് നടത്തുന്നു. ശ്രീകോവിലിൽ നിന്നു ലഭിച്ച തീർഥം ലഭിച്ചു മഹാരോഗം പോലും മാറിയ അനുഭവങ്ങളുണ്ട്. ഭൂമിസംബന്ധമായി പ്രശ്നങ്ങൾ മാറാൻ ഭൂമിയുടെ നാലുമൂലയിൽ നിന്നും മണ്ണു ശേഖരിച്ച് വാട്ടിയ ഇലയിൽ പൊതിഞ്ഞ് ആരൂഢരൂപം സമർപ്പിച്ചാൽ മതി. അനാവശ്യമായി എന്തിനും ഏതിനും ദേവിയെ വിളിക്കരുതെന്നും വിളിച്ചാൽ കൂടെപ്പോരുന്നയത്ര ഉഗ്രമൂർത്തിയാണെന്നും പഴമക്കാർ പറയുന്നു. രാവിലെ ആറിനു നടതുറക്കുന്ന ക്ഷേത്രം അടയ്ക്കുന്നത് രാത്രി എട്ടിനാണ്.

കോട്ടയം-കുമളി റോഡിൽ മുണ്ടക്കയത്തു നിന്നു രണ്ടു കിലോ മീറ്റ‍ർ കിഴക്കു സഞ്ചരിച്ച് ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റിലൂടെ ഏകദേശം 15 കിലോ മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നു ചുരുക്കം ചില ബസുകളാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഇടയ്ക്കിടെയുള്ള ജീപ്പ് സർവീസുകളെയാണ് ആളുകൾ കൂടുതലായും ആശ്രയിക്കുന്നത്.


Your Rating: