Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേളാങ്കണ്ണിയില്‍ തിരുനാള്‍

വേളാങ്കണ്ണി Velankanni Church

ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് കിഴക്കിന്റെ ലൂര്‍ദ്ദ് എന്ന് അറിയപ്പെടുന്ന വേളാങ്കണ്ണി. പതിനൊന്ന് ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. സെപ്തംബര്‍ എട്ടിനാണ് തിരുനാള്‍ സമാപിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന്റെ തീരത്താണ് വേളാങ്കണ്ണി ദേവാലയം സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്ന് 350 കിലോമീറ്ററും നാഗപ്പട്ടണത്തു നിന്ന് 12 കിലോ മീറ്റര്‍ അകലെയുമാണ് വേളാങ്കണ്ണി. 1560 ല്‍ പരിശുദ്ധ കന്യാമറിയം ഒരു ഹൈന്ദവ ഇടയബാലന് പ്രത്യക്ഷപ്പെട്ടു എന്ന വിശ്വാസമാണ് വേളാങ്കണ്ണിയെ  ഒരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റാന്‍ കാരണമായത്. 

വേളാങ്കണ്ണി ഗ്രാമത്തില്‍ ഏറെയും ഹൈന്ദവര്‍ ഉള്ളതിനാല്‍ പല ആചാരങ്ങളും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ്. ശിരോമുണ്ഡനം, ശയനപ്രദക്ഷിണം എന്നിവ അവയില്‍ ചിലതു മാത്രമാണ്. അതുപോലെ കടല്‍ ചതിക്കില്ല എന്ന വിശ്വാസത്താല്‍ കുപ്പികള്‍, മുളങ്കുറ്റികള്‍ എന്നിവയ്ക്കുള്ളില്‍ നേര്‍ച്ചകാഴ്ചകളും നിയോഗങ്ങളും അടക്കം ചെയ്ത് വേളാങ്കണ്ണി പള്ളിയുടെ മേല്‍വിലാസമെഴുതി കടലില്‍ ഒഴുക്കിവിടുന്ന രീതിയും ഇവിടെയുണ്ട്.

1771 ലാണ് വേളാങ്കണ്ണി ഇടവകയായി ഉയര്‍ത്തപ്പെട്ടത്. 1962 ല്‍ ജോണ്‍ ഇരുപത്തിമൂന്നാന്‍ മാര്‍പാപ്പ ഈ ദേവാലയത്തെ ബസിലിക്കയായി പ്രഖ്യാപിച്ചു. ആരോഗ്യമാതാ ദേവാലയം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉണ്ണിയേശുവിനെ കൈയിലേന്തിയുള്ള  മാതാവിന്റെ വേളാങ്കണ്ണിയിലെ രൂപം വളരെ പ്രശസ്തമാണ്. ലോകത്തിലെ ഇതരമാതൃരൂപങ്ങളില്‍ നിന്ന് ഇത് വളരെ വ്യത്യസ്തവുമാണ്.

എല്ലാ ദിവസവും വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെങ്കിലും സെപ്തംബര്‍ മാസത്തിലെ എട്ടുനോമ്പുതിരുനാളിനാണ് ഏറ്റവും അധികം വിശ്വാസികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ചേരുന്നത്.  ഈ വര്‍ഷം എട്ടുലക്ഷത്തോളം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാത്തി, കൊങ്കിണി തുടങ്ങിയ ഭാഷകളില്‍ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. വേളാങ്കണ്ണിയിലെ പ്രധാന ദേവാലയം പുതുക്കി പണിതതിന് ശേഷം നടത്തപ്പെടുന്ന ആദ്യത്തെ തിരുനാളാണ് ഇത്തവണത്തേത്.

Your Rating: