Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടുപാവാടകളുടെ ഉത്സവകാലം

vishu-fest

വീണ്ടും ഉത്സവ മേളങ്ങൾ മുഴങ്ങുന്നു. മേടത്തിലേയും മീനത്തിലേയും ചൂടിന്റെ വിയർപ്പ് മണികൾ ഇട്ടു വേഴുന്ന രാപ്പകലുകൾ എത്ര കഴിഞ്ഞിരിക്കുന്നു. ഓരോ വർഷവും ചൂട് കൂടി വരുന്നുണ്ട്. മഴയ്ക്ക് എന്തെ ഇത്ര കാലവിളംമ്പം എന്ന് ചോദിക്കാതവരില്ല. എന്നാലും എത്ര ചൂടത്തും, വീടിനു പുറത്തിറങ്ങാൻ തോന്നാത്തപ്പോഴും ഉത്സവത്തിന്റെ ഓർമ്മകൾ തണുപ്പിയ്ക്കുന്നു.

മഴ പോലെ മനസ്സിൽ പെയ്യുന്നു,

ഓർമ്മകൾ തണുക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഉത്സവ കാലം എന്നാൽ നാട്ടിലെ വലിയ ആഘോഷം തന്നെയായിരുന്നു. ഓണത്തിനേക്കാൾ വലിയ തിമിർപ്പ്, ഒരു നാട് ഒന്നാകെ ഒന്നിച്ചു ആഘോഷിക്കുന്ന കൊട്ടിഘോഷങ്ങൾ, കെട്ടുകുതിരകളുടെ പൊക്കം കണ്ട് അമ്പരന്നു പോയ ബാല്യത്തിന്റെ കണ്ണുകളിൽ നിന്ന് പ്രണയത്തിന്റെ പൂ പൊഴിഞ്ഞ കൗമാരത്തിലേയ്ക്കുള്ള ശലഭ പറക്കൽ. പട്ടുപാവാടയിൽ നിന്നും ചുരിദാറിലേയ്ക്കുള്ള മോഹത്തിന്റെ ദിശാമാറ്റം...

ഉത്സവത്തിന്റെ ദിവസം എത്തുന്നതിനു മുൻപ് തന്നെ അമ്മയുടെ നല്ല ഒരു പട്ടുസാരി എടുത്തു പാവാട തയ്പ്പിക്കാൻ നിർബന്ധിച്ചു തുടങ്ങും. തയ്യൽ മിഷ്യൻ വീട്ടില് തന്നെ ഉണ്ടെങ്കിൽ പോലും അമ്മയുടെ പുറകെ നടക്കണം...

പട്ടുപാവാട അത്ര വലിയ ആഡംബരം ആണോ? അറിയില്ല, പക്ഷേ ഇഷ്ടത്തോടിഷ്ടം. പക്ഷേ പലപ്പോഴും അതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു പോകാറും ഉണ്ടായിരുന്നു. എന്നിരുന്നാലും ഉത്സവ കാലങ്ങൾക്ക് ചാരുത കൂട്ടാൻ കുപ്പി വളകളുടെയും ഭംഗിയേറിയ സ്ട്രാപ്പ് വാച്ചിന്റെയും കൂട്ടുണ്ടായിരുന്നു. ബാംഗലൂർ നിന്ന് അമ്മാവനും മുത്തശ്ശിയും വരുമ്പോൾ കൊണ്ട് വരുന്ന മനോഹരമായ സമ്മാനങ്ങൾ , വലിയ സൂക്ഷിപ്പുകൾ ഇല്ലെങ്കിലും ഉത്സവത്തിനു വേണ്ടി പലതും എടുത്തു വച്ചു, എല്ലാവരെയും കാണിക്കണ്ടേ...

ഇപ്പോഴും പട്ടുപാവാടയിൽ മനസ്സ് നിറയും. ഒരിക്കൽ ഉത്സവത്തിനായി അമ്മയെ കൊണ്ട് സാരി വെട്ടി പട്ടുപാവാട തയ്പ്പിക്കുക തന്നെ ചെയ്തു. ക്രീം കളറുള്ള വിടർന്നു നിൽക്കുന്ന അലുക്കുകളുള്ള ഇളം പച്ചപ്പുള്ള മനോഹരമായ ഒന്ന്. ചിത്രശലഭമായിരുന്നു പിന്നെ. ആഘോഷയാത്രയ്ക്ക് കാതോർത്ത്, ചെണ്ടമേളം ദൂരെ കേൾക്കുമ്പോൾ വീടിനകതുള്ളവരെയൊക്കെ വലിച്ചു വീടിനു പുറത്തെക്കിട്ട് , കണ്ണുകൾ ദൂരേയ്ക്ക് നട്ട് കാത്തു കാത്തിരിക്കും. ഘോഷയാത്രകൾക്ക് മുൻപ് എത്തുന്ന മത്തങ്ങാ ബലൂണുകളും , ഒന്ന് കുഴൽ വിളിച്ചൊടുങ്ങുമ്പോൾ അപ്പൂപ്പാ--- എന്ന് ഉറക്കെ വിളിക്കുന്ന ബലൂണുകളും വലിച്ചെറിഞ്ഞാൽ ദൂരെപ്പോയി ഒട്ടിയിരിക്കുന്ന കുരങ്ങൻ ബലൂണുകളും ഏറെ മോഹിപ്പിച്ചപ്പോഴും മത്തങ്ങാ ബലൂണുകളിൽ തീർന്നു നേടലുകൾ. സങ്കടങ്ങളൊന്നും അന്നും ഇന്നും നിരാശപ്പെടുത്തിയിട്ടില്ല , ഓർമ്മിക്കാൻ സുഖമുള്ള ആഗ്രഹങ്ങൾ തന്നു എന്നതല്ലാതെ.

പ്രണയത്തിന്റെ നഖപ്പാടുകൾ നെഞ്ചിൽ മുറിവുകൾ പടർത്തുന്നതെയുണ്ടായിരുന്നുള്ളൂ .അമ്പലമുറ്റത്തെ സാക്ഷി നിർത്തി എത്രയോ തവണ പേര് വിളിച്ചു കണ്ണുകളിലേയ്ക്ക് നോട്ടമിട്ടപ്പോഴും ഭയപ്പെട്ടു കാലുകളെ നീട്ടി വലിച്ചു നടക്കാനാണ് തോന്നിയത്. എങ്കിലും പ്രദക്ഷിണ വഴികൾ താണ്ടുമ്പോൾ അമ്പലപ്പറമ്പിലെ ഫുട്ബോൾ പോസ്റ്റിൽ പോയി മനസ്സിടിച്ചു നില്ക്കും.

മിണ്ടിയിട്ടില്ല

ചിരിച്ചിട്ടില്ല...

പക്ഷേ ദീപാരാധനയിലെ തീ വെളിച്ചത്തിലും ചൂടിലും അവന്റെ മിഴികൾ പതിവായി ഹൃദം തുളച്ചു ആഴ്ന്നാഴ്ന്നു പോയ്ക്കൊണ്ടേ ഇരുന്നിരുന്നു. ആഘോഷയാത്രകളുടെ മുന്നിൽ നിന്ന് തേര് തെളിച്ചു, അവൻ മുന്നിലൂടെ കടന്നു പോകുമ്പോൾ നെഞ്ചിലൊരു പൂക്കാലം. കണ്ണുകൾ ഇടിച്ചുലഞ്ഞ് പരസ്പരം ശരീരം പോലും ഇല്ലാതെയായി. കുട്ടിക്കാലത്തിന്റെ ആഘോഷമോഹങ്ങൾ കൌമാരത്തിലെക്ക് വഴുതി മാറിയപ്പോൾ അത് അവനിലേയ്ക്കുള്ള യാത്രകൾ മാത്രമായി...

ആദ്യ പ്രണയം....

ഒരിക്കലും ഒടുങ്ങാത്ത സ്നേഹം...

ഒരിക്കലും പ്രകടിപ്പിക്കാത്ത സ്നേഹം...

കണ്ണുകൾക്കുള്ളിൽ മഴ പോലെ പെയ്തു തുടങ്ങി ഒടുവിൽ നെഞ്ചിനുള്ളിൽ പേമാരി പെയ്ത് ഒടുങ്ങിയ പ്രണയം.

യൗവ്വനങ്ങളുടെ ആഘോഷങ്ങളിലേയ്ക്ക് ഉത്സവം കടന്നു വരുന്നത് ആവലാതികളുടെ ഭാണ്ടക്കെട്ടുകളുമായാണ് . യാത്രകൾക്കിടയിൽ അലോസരമുണ്ടാക്കുന്ന നിവൃത്തികേടുകൾ . ജീവിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഓർമ്മിക്കുന്ന മനസ്സ്. ഒരിക്കൽ ഉത്സവ ആഘോഷ യാത്രയിൽ കണ്ടിരുന്ന ആനകളുടെ കൗതുകം ഇന്നുണ്ടാക്കുന്ന നോവ്‌ പറയാൻ ആകുന്നതല്ല. കാലിലും ശരീരത്തും ചുവന്ന മുറിവുകളുമായി നിൽക്കുന്ന കറുത്ത ശരീരത്തിന്റെ ആവലാതികൾ ചെവിയാട്ടി തീർക്കുമ്പോൾ ഉത്സവങ്ങളെ വെറുത്തു തുടങ്ങിയ മനസ്സിന്റെ ദുരന്തമോർത്ത് കരയണോ ചിരിയ്ക്കണോ എന്നോർത്ത് പോയിട്ടുണ്ട്. ആനകളില്ലാതെ എന്തേ ഉത്സവങ്ങൾ ഉണ്ടാകുന്നില്ലാ....

റോഡുകളിലെ വാഹനങ്ങളുടെ സഞ്ചാരം മുടക്കാതെ എന്തെ ആഘോഷ യാത്രകൾ ഉണ്ടാകുന്നില്ലാ? ചോദ്യങ്ങൾ ഉറക്കെ നെഞ്ചിൽ നിന്നും ശബ്ദ നാളികയിലെയ്ക്ക് എത്തുന്നതേയില്ല. പഴയ, എന്നോ നഷ്ടപെട്ട ഓർമ്മകളുടെ ലോകത്തിൽ അലഞ്ഞു നടക്കുന്ന കുഞ്ഞു മനസ്സ് വീണ്ടും കൈവരും. യൗവ്വനവും കൗമാരവും ഏറ്റു മുട്ടും. ഭൂതകാലത്തെ ഓർമ്മകളായി മായ്ച്ചു കളഞ്ഞു ഇന്നിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ വീണ്ടും ഉള്ളു നീറും. രണ്ടു സ്വഭാവവുമായി, രണ്ടു കഥാപാത്രങ്ങളായി ജീവിക്കുന്നവളുടെ മനസ് ആരറിയുന്നു..

ഉത്സവങ്ങളെ സ്നേഹിച്ചു നടന്ന, പട്ടുപാവാടയുടുക്കാൻ മോഹിച്ച ഉത്സവക്കാലം തിരഞ്ഞവളുടെ നാളുകളെണ്ണിയുള്ള കാത്തിരിപ്പുകളുടെ ആഘോഷക്കാലം...

ഇന്ന് കാലം തേയ്മാനം വരുത്തിയ, പുഞ്ചിരിയില്ലാത്ത, തേജസ്സു നഷ്ടപ്പെട്ട പഴയ പ്രണയ മുഖം പോലെ, കാലങ്ങൾക്ക് ശേഷമെങ്കിലും ആദ്യമായി അവനോടു മിണ്ടാൻ മറക്കാതിരുന്ന ദിനം മാത്രം ഓർമ്മയിൽ സൂക്ഷിച്ച ഉത്സവ കാലങ്ങളെ നിങ്ങൾക്ക് വിട...

ഇനിയും വരുക... പക്ഷേ ആഘോഷങ്ങളിൽ ഒരു മനുഷ്യനോ മൃഗമോ വേദനിയ്ക്കാതെ ഇരിക്കട്ടെ എന്ന ആഗ്രഹങ്ങളോടെ കാത്തിരിപ്പുകൾ ഇനിയും തുടർന്നേക്കാം

Your Rating: