Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യത്തിന്റെ ഇടയനു തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി

Suffragan Metropolitan മാർത്തോമ്മാ സഭയുടെ കാലം ചെയ്ത സഫ്രഗൻ മെത്രാപെ‍ാലീത്ത ഡോ. സഖറിയാസ് മാർ തെയോഫിലോസിന്റെ ഭൗതികശരീരം ഇന്നലെ രാത്രി എട്ടു മണിയോടെ തിരുവനന്തപുരം പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പ‍ാതുദർശനത്തിനായി കെ‍ാണ്ടുവന്നപ്പോൾ. ചിത്രം: മനോരമ

തിരുവനന്തപുരം ∙കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഇടയൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഇനി ഓർമ. ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കാലംചെയ്ത അദ്ദേഹത്തിന് ആദരാഞ്ജലിയുമായി എത്തിയത് ആയിരങ്ങൾ. പൊതുദർശന സൗകര്യമൊരുക്കിയ പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലും നാനാജാതിമതസ്ഥരും രാഷ്ട്രീയനേതാക്കളും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തി.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഏബ്രഹാം മാർ പൗലോസ് , യുയാക്കിം മാർ കൂറിലോസ് എന്നിവരും സഭയിലെ വൈദികരും ആശുപത്രിയിൽ മുതൽ ഒപ്പമുണ്ടായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്നു സഫ്രഗൻ മെത്രാപ്പൊലീത്തയെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഒൻപതാം നിലയിൽ വിയോഗം അറിഞ്ഞതോടെ വിശ്വാസികൾ തിങ്ങിനിറഞ്ഞു. പലരും വിതുമ്പി. ദുഃഖസാന്ദ്രമായ അന്തരീക്ഷം.

ആശുപത്രി ജീവനക്കാർ അതിനിടയിലൂടെ ഓടിനടന്നു നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചു. രാത്രി ഏഴരയോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം ആശുപത്രിയിൽ നിന്നെടുത്തു. ഡപ്യൂട്ടി സ്പീക്കർ പാലോട് രവിയും മാർത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപൻ ഐസക് മാർ പീലക്സിനോസും അനുഗമിച്ചു. ആംബുലൻസിലേക്കു മാറ്റി നേരെ പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലേക്ക്.

എട്ടു മണിയോടെ ആംബുലൻസ് പാറ്റൂർ പള്ളിയിലെത്തി. അവിടെ ഒന്നര മണിക്കൂറായി ജനസഞ്ചയം പ്രിയപ്പെട്ട തിരുമേനിയെ അവസാനമായി ഒരുനോക്കു കാണാൻ കാത്തു നിൽക്കുകയായിരുന്നു. ഒരു മണിക്കൂറോളം പൊതുദർശനം. നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു. അതിനിടയിലും പലരും തേങ്ങിക്കരഞ്ഞു. രാത്രി ഒൻപതരയോടെ ആ വിശുദ്ധ ശരീരവുമായി ആംബുലൻസ് തിരുവല്ലയിലേക്ക്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മന്ത്രി വി.എസ്. ശിവകുമാ‍ർ, കെ.എസ്. ശബരീനാഥൻ എംഎൽഎ, ഡിജിപി: ടി.പി. സെൻകുമാർ, കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മെത്രാൻ

ചെങ്ങന്നൂർ ∙ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കൊപ്പമായിരുന്നു ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മനസ്സ്. പാവപ്പെട്ടവനും സാധാരണക്കാരനും വേണ്ടി സഭ നിലകൊള്ളളണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ചിന്തയിലൂന്നിയാണു 2004–ൽ ചെങ്ങന്നൂർ–മാവേലിക്കര ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതു മുതൽ അവസാനനിമിഷം വരെയും അദ്ദേഹം പ്രവർത്തിച്ചത്. പതിനൊന്നു വർഷത്തിനിടെ, ദീർഘവീക്ഷണത്തോടെ അദ്ദേഹം ഭദ്രാസനത്തിൽ നടപ്പാക്കിയ 40 പദ്ധതികൾ ആയിരങ്ങൾക്കു തണലേകുന്നു.

ജാതി–മത ഭേദമില്ലാതെ 1,800 കാൻസർ –വൃക്ക രോഗികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന കരുതൽ പദ്ധതിയാണ് ഇവയിൽ പ്രധാനം. രോഗി മരിച്ചാലും കുടുംബത്തിനു സഹായം നൽകുന്നതാണു പദ്ധതി. 150 വൊളന്റിയർമാരിലൂടെ പദ്ധതി വിജയകരമായി നടക്കുന്നതിനു പിന്നിലെ ചാലകശക്തി മെത്രാപ്പൊലീത്ത തന്നെയായിരുന്നു.

നിർധന വിദ്യാർഥികൾക്ക് ഉന്നത പഠനം നേടുന്നതിനായി ഹെൽപ് വായ്പ പദ്ധതി, വീസ വിവാഹ സഹായ പദ്ധതി, വയോധികർക്കും വിധവകൾക്കും വേണ്ടിയുള്ള മിവ പദ്ധതി, ഭദ്രാസനത്തിലെ ദലിത് ഇടവകകളിൽ സാമ്പത്തിക പ്രയാസം നേരിടുന്നവർക്കായി ആരോഗ്യ ഇൻഷുറൻസ്, ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഗമം തുടങ്ങിയവ ഇവയിൽ ചിലതു മാത്രം.

ആന്ധ്രപ്രദേശിലെ നരസപുരത്ത് ഭിക്ഷക്കാരുടെ കോളനി ഏറ്റെടുക്കുമ്പോഴും മെത്രാപ്പൊലീത്തയുടെ മനസ്സിൽ പാവങ്ങളോടുള്ള കരുണയും കരുതലും തന്നെയാണു നിറഞ്ഞു നിന്നത്.

ഭദ്രാസനം ലഹരിവിമുക്തവും ഹരിതപൂർണവും മാലിന്യവിമുക്തവുമാക ണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.

ആറാട്ടുപുഴയിൽ മൂന്നേക്കർ സ്ഥലത്ത് ആരംഭിച്ച തരംഗം മിഷൻ ആക്‌ഷൻ സെന്ററാണു മറ്റൊരു സ്വപ്നപദ്ധതി. പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ, കൗൺസലിങ്, ക്യാംപുകൾ, ക്ലാസുകൾ, ബൈബിൾ ക്ലാസുകൾ, പമ്പാ തീരത്തെ ആംഫി തിയറ്ററിൽ സംഗീതവിരുന്നുകൾ എന്നിവയാണ് ഇവിടെ നിലവിലുള്ളത്. നിർധന വിദ്യാർഥികൾക്കു വിവിധ വിഷയങ്ങളിൽ പരിശീലനം നൽകാൻ എക്സലൻസ് സെന്റർ പ്രവർത്തിക്കുന്നു. മെഡിറ്റേഷൻ സെന്ററിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണു മെത്രാപ്പൊലീത്തയുടെ വിയോഗം. അധ്യാപകൻ, ഗ്രന്ഥകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി അദ്ദേഹത്തിന്.

ക്രിസ്ത്യൻ കോളജിന്റെ മാനേജർ എന്ന നിലയ്ക്കു നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കോളജിന് നാക് എ ഗ്രേഡ് നേടിക്കൊടുത്തു. കോളജ് അങ്കണത്തിലെ ഗാന്ധി പ്രതിമയും മെത്രാപ്പൊലീത്തയുടെ ആശയമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.