Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിതം; കരുണയുടെ മിഴികൾ അടഞ്ഞു

Zacharias Mar Theophilus മാർത്തോമ്മാ സഭയുടെ കാലംചെയ്ത സഫ്രഗൻ മെത്രാപ്പെ‍ാലീത്ത ‍ഡോ. സഖറിയാസ് മാർ തെയോഫിലോസിന്റെ ഭൗതികശരീരം ഇന്നലെ രാത്രി തിരുവനന്തപുരം പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പെ‍ാതുദർശനത്തിനു വച്ചപ്പോൾ മലങ്കര ഒ‍ാർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ‍ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അന്ത്യോപചാരം അർപ്പിക്കുന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ എന്നിവർ സമീപം

തിരുവനന്തപുരം / മസ്കറ്റ് ∙ആരോഗ്യം വകവയ്ക്കാതെ എല്ലാ നല്ല കാര്യങ്ങൾക്കും ഊർജസ്വലനായി മുന്നിട്ടിറങ്ങുന്ന മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ വിയോഗം സഭാ സമൂഹത്തിന് അപ്രതീക്ഷിത നൊമ്പരമായി. ക്രിസ്മസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകാനാണു കഴിഞ്ഞ 18ന് അദ്ദേഹം മസ്കറ്റിലെത്തിയത്

ഒമാനിൽ ഓർത്ത‍ഡോക്സ്–മാർത്തോമ്മ സഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ. സെന്റ് തോമസ് ചർച്ച് കമ്മിറ്റിയുടെ ക്രിസ്മസ് ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

ക്രിസ്മസ് ദിനത്തിൽ രാവിലെ ആറിനു റുവി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ അദ്ദേഹം കുർബാന അർപ്പിച്ചിരുന്നു. ഓർത്തഡോക്സ് സഭയുടെ ഗുജറാത്ത് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസും പള്ളി വികാരി റവ. ഏബ്രഹാം തോമസും ഒപ്പമുണ്ടായിരുന്നു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു ബഹല ഗവ. ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ ഡോ. കുര്യൻ മാത്യു അദ്ദേഹത്തെ പരിശോധിച്ചു. തുടർന്നു റോയൽ ഒമാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ രണ്ടു ദിവസത്തെ വിശ്രമം നിർദേശിച്ചു. എന്നാൽ കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കാനുണ്ടായിരുന്നതിനാൽ 26ന് പുലർച്ചെ തിരുവനന്തപുരത്തേക്കു തിരിക്കുകയായിരുന്നു. റുവി മാർത്തോമ്മാ പള്ളിയിലെ അസി. വികാരി റവ. ജാക്സനും അനുഗമിച്ചു. സഫ്രഗൻ മെത്രാപ്പൊലീത്താ ക്രിസ്മസിനോടനുബന്ധിച്ച് ഒരാഴ്ചക്കാലം ഒമാനിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

ജെറ്റ് എയർവെയ്സിന്റെ ഒമാൻ-തിരുവനന്തപുരം വിമാനത്തിലായിരുന്നു യാത്ര. ഒപ്പം ഒമാനിലെ ദേവലായത്തിലെ സഹവികാരി റവ. ജാക്സൺ ജോസഫും ഏതാനും വിശ്വാസികളും ഉണ്ടായിരുന്നു. രാത്രി വിമാനയാത്രയ്ക്കിടെ അദ്ദേഹം നന്നായി മയങ്ങി. 26നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നു റവ. ജാക്സൺ പറഞ്ഞു. ഉടൻ ചക്രക്കസേര എത്തിച്ചു.

തിരുവനന്തപുരത്തെ അരമനയിൽ വിവരമറിയിച്ചു പെട്ടെന്ന് ആംബുലൻസ് എത്തിക്കുകയും സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം മറഞ്ഞിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ സ്കാനിങ്ങിലാണു മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്. ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇന്നലെ വൈകിട്ടു വരെ ജീവൻ നിലനിർത്തിയത്. ഡോക്ടർമാർ അപകട മുന്നറിയിപ്പു നൽകിയതിനാൽ ഇന്നലെ ഉച്ചയോടെ തന്നെ എപ്പിസ്കോപ്പമാർ ചേർന്നു തൈലാഭിഷേകം നടത്തി. വൈകിട്ട് 5.52ന് ആ കാരുണ്യ പ്രവാചകൻ കാലംചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.