Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായികയുടെ സൗന്ദര്യം കുറയ്ക്കണമെന്നതായിരുന്നു ധന്യയുടെ ടേക്ക് ഓഫ്!

dhanya

പുകക്കറ പിടിച്ച അടുക്കളയും ചോർന്നൊലിക്കുന്ന മുറിയുമുള്ള കൊച്ചുവീട്ടിലെ നഴ്സായ യുവതിയുടെ കഥ, ഒപ്പം യുദ്ധഭൂമിയും പലായന രംഗങ്ങളും... ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്ക് ക്യാമറ തിരിച്ച സിനിമയിൽ  കോസ്റ്റ്യൂം ഡിസൈനർക്ക് അത്ര പ്രാധാന്യമുണ്ടോ?.  ഈ ചോദ്യത്തിന്റെ ഉത്തരമാണ് ധന്യ  ബാലകൃഷ്ണൻ. പുതിയ ട്രെൻഡും ഫാഷനും കുറിച്ചിടുന്നതിനേക്കാൾ സങ്കീർണമായിരുന്നു ടേക്ക് ഓഫ് എന്ന ചിത്രത്തിലെ വസ്ത്രാലങ്കാര ജോലികളെന്ന് ധന്യ ഓർത്തെടുക്കുന്നു. ചിത്രത്തിനൊപ്പം ധന്യയുടെ കഠിനാധ്വാനവും ശ്രദ്ധിക്കപ്പെട്ടതോടെ കരിയറിലെ പുത്തൻ ഉയരങ്ങളിലേക്കുള്ള ടേക്ക് ഓഫിന്റെ സന്തോഷത്തിലാണ് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഈ ഒറ്റപ്പാലംകാരി. 

 കരിയറിലെ ടേക്ക് ഓഫ്

ടേക്ക് ഓഫിനായി ഒന്നരമാസത്തെ കഠിനാധ്വാനമാണ് വേണ്ടിവന്നത്. സത്യത്തിൽ വളരെക്കുറിച്ചു സമയം മാത്രമേ കിട്ടിയുള്ളൂ. സംവിധായകൻ മഹേഷ് നാരായണന് ചിത്രത്തിലെ വസ്ത്രങ്ങളെക്കുറിച്ചും മറ്റും കൃത്യമായ ധാരണയുണ്ടായിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് ഒത്തിരി റിസർച്ചും നടത്തിയിരുന്നു. അദ്ദേഹത്തിനു ലഭ്യമായ വിവരങ്ങളും വിഡിയോ ക്ലീപ്പിങ്ങുകളുമെല്ലാം തന്നു. ഒട്ടും അറിയാത്ത വിഷയമാണ്. ഇറാഖിൽ ഇതുവരെ പോയിട്ടില്ല. ഇന്റർനെറ്റു വഴിയുള്ള അന്വേഷണവും റഫറൻസുകളും അടിസ്ഥാനമാക്കിയാണ് ജോലി ആരംഭിച്ചത്. സംവിധായകൻ ഇതേക്കുറിച്ചു കുറെയേറെ പഠിച്ചിട്ടുള്ളതിനായും എന്തു വേണമെന്നു കൃത്യമായ ധാരണയുള്ളതിനായും എന്തെങ്കിലും ചെയ്തുവെന്നു വരുത്തിയാൽ പോരായിരുന്നു. അതുകൊണ്ടു തന്നെ ശ്രമകരമായാണ് ജോലി തീർത്തത്.

ഇറാഖി സേനയുടെ യൂണിഫോം ആണ് വളരെയധികം വലച്ചത്. സേനയുടെ മൂന്നു നാലു തരം യൂണിഫോം റഫറൻസ് ലഭ്യമായിരുന്നു. ഇതിൽ ഏതു വേണമെന്ന ആശയക്കുഴപ്പമുണ്ടായി. യൂണിഫോമിനുള്ള തുണി കിട്ടാനായിരുന്നു ഏറെ ബുദ്ധിമുട്ടിയത്. അതിനു വേണ്ടി കുറെയേറെ അലഞ്ഞു. ഒടുവിൽ ചെന്നൈയിലെ ഒരു കടയിൽ എല്ലാത്തരം തുണിയും ലഭിക്കുമെന്ന് അറിഞ്ഞു. അവിടെയെത്തിയപ്പോൾ നാലോ അഞ്ചോ യൂണിഫോം ചെയ്യാനുള്ള തുണിയേ ഉള്ളൂ. പിന്നീട് 

തിരുപ്പൂരിൽ തുണി പ്രത്യേകമായി പ്രിന്റ് ചെയ്തെടുത്തു. പിന്നീടും ഉണ്ടായി ആശയക്കുഴപ്പങ്ങളുടെയും സങ്കീർണതകളുടെയും പരേഡ്. കാരണം പട്ടാളക്കാരുടെ യൂണിഫോമിൽ നെയിംബോർഡ് വേണം. അറബിയിൽ വേണം തയാറാക്കാൻ. ഓഫിസർമാരുടെ പേരുകൾ അന്വേഷിച്ചെടുത്തു, പിന്നീടത് അറബിയിലേക്ക് കൺവെർട്ട് ചെയ്തു എംബ്രോയ്ഡറി ചെയ്തെടുക്കുകയായിരുന്നു. പിന്നീട് ഇതെല്ലാം ക്രോസ് ചെക്ക് ചെയ്യേണ്ടിയിരുന്നു. അത്രയേറെ ഗൗരവത്തോടെ ചെയ്യുന്ന സിനിമയാണ്. ചെറിയ പാളിച്ചകൾ പോലും വരാതെ നോക്കണമായിരുന്നു.

parvathy-dhanya

 സമീറയെന്ന പാർവതി 

നായികയെ കൂടുതൽ സുന്ദരിയാക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറുടെ വെല്ലുവിളികളിലൊന്ന്. പക്ഷേ ടേക്ക് ഓഫിൽ നായികയുടെ സൗന്ദര്യം കുറയ്ക്കുകയെന്നതായിരുന്നു ജോലി. ചിത്രത്തിൽ നായിക നഴ്സാണ്. ഒരു നഴ്സിന്റെ വാർഡ്റോബ് എങ്ങനെയാകും, എത്ര രൂപ വരെ വസ്ത്രങ്ങൾക്കായി ചെലവാക്കും എന്നതൊക്കെ അറിയാനായി കസിൻസിനോടും മറ്റും തിരക്കിയിരുന്നു.

പാർവതിക്കായി ലൂസ് ഫിറ്റുള്ള, നിറങ്ങളുടെ ബഹളമില്ലാത്ത വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഡൾ ലുക്കിനുവേണ്ടി പ്രിന്റുകൾ മങ്ങിത്തുടങ്ങിയ വസ്ത്രങ്ങൾ വേണ്ടിയിരുന്നു. ചെറിയ ചെറിയ കടകളിൽ നിന്നാണ് സമീറയ്ക്കു വേണ്ടിയുള്ള ചുരിദാറുകളും മറ്റും വാങ്ങിയത്. ഇതുതന്നെ പലതവണ കഴുകിയെടുത്തു പഴകിയ മട്ടിലാക്കി.

ഓരോ കഥാപാത്രങ്ങൾക്കായും ഇതുപോലെ ചെറിയ കാര്യങ്ങളിൽ പോലും ഏറെ ശ്രദ്ധ ചെലുത്തി. കഥാപാത്രങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ തന്നെ നൽകാൻ ശ്രമിച്ചു.

 ഫാഷൻ/കരിയർ

2009ൽ സെന്റ് തെരേസാസ് കോളജിൽ നിന്നു ഫാഷൻഡിസൈനിങ്ങിൽ ബിരുദം നേടി. പിന്നീട് സിനിമയിൽ കോസ്റ്റ്യൂം അസിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തു. സാഗർ ഏലിയാസ് ജാക്കിയിൽ അസിസ്റ്റ് ചെയ്തിരുന്നു. പരസ്യമേഖലയിലും അവസരം ലഭിച്ചു. രണ്ടു വർഷം ലക്ചറർ ആയി ജോലി നോക്കി. പിന്നീട് സ്വതന്ത്ര ഡിസൈനിങ് ജോലികൾക്കായി അധ്യാപനരംഗം ഉപേക്ഷിച്ചു.

പരസ്യരംഗത്തു സജീവമായി നിൽക്കുമ്പോഴാണ് ആദ്യ സിനിമയെത്തിയത്– ബൈസിക്കിൾ തീവ്‌സ്. 

മോശയിലെ കുതിരമീനുകൾ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ സിനിമകളും ചെയ്തു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, സഖാവ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

 പരസ്യം/സിനിമ

പരസ്യം ചെയ്യാൻ ഇഷ്ടക്കൂടുതലുണ്ട്. വളരെകുറച്ചു ദിവസങ്ങളുടെ ജോലി, നല്ല ഫണ്ടിങ്, ടെൻഷൻ ഫ്രീ എന്നതൊക്കെ പരസ്യങ്ങളുടെ പ്ലസ് പോയിന്റാണ്. കൂടുതൽ ക്രിയേറ്റിവ് ആകാം. ആറു വർഷത്തെ കരിയറിനിടെ ഇരുന്നൂറോളം പരസ്യങ്ങളിൽ ജോലി ചെയ്തു.

പൊതുവെ സിനിമയിലൂടെയാണ് ഫാഷൻ ട്രെൻഡ് സെറ്റ് ചെയ്യാനാവുക എന്നുണ്ട്. ട്രെൻഡ് സെറ്ററാകുന്ന ഫാഷൻ കൊണ്ടുവരുന്ന സിനിമകളിൽ ഉള്ളതിനേക്കാൾ ക്രിയേറ്റിവിറ്റി റിയലിസ്റ്റിക് സാഹചര്യങ്ങളുടെ കഥപറയുന്ന സിനിമകളിലുണ്ട്. പക്ഷേ മറ്റു കാരണങ്ങളാൽ സിനിമ വൈകിയിറങ്ങുകയൊക്കെ ചെയ്താൽ ഈ ട്രെൻഡ് പാളിപ്പോയെന്നും വരാം. 

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയുടെ ജോലികൾ നേരത്തെ ചെയ്തതാണ്. പക്ഷേ പടം റിലീസിന് ഒരുങ്ങുന്നതേയുള്ളു. അതിലെ നായികയുടെ വസ്ത്രങ്ങൾ ഒരുപക്ഷേ ഇപ്പോൾ കാണുമ്പോൾ ഔട്ട് ഓഫ് ഫാഷൻ ആയെന്നു തോന്നിയേക്കാം.

Your Rating: